കൊടുവള്ളി 'സീറോ വേസ്റ്റ്' നഗരസഭയാകുന്നു
കൊടുവള്ളി: നഗരസഭ 'സീറോ വെയ്സ്റ്റ്' നഗരസഭയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി നഗരസഭയുടെ അധീനതയിലുള്ള രണ്ടണ്ടര ഏക്കര്‍ സ്ഥലത്ത് ആധുനിക ഖരമാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തും.
പരിധിയിലെ ഹൈവേകളിലും പ്രധാന ടൗണുകളിലും തുമ്പൂര്‍മുഴി മോഡല്‍ ജൈവമാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ പ്രധാന കേന്ദ്രങ്ങളില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിന് എട്ട് ലക്ഷം രൂപയും 2017-18 വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയിരുന്നു.
ആദ്യം നഗരസഭയിലെ 20 വീടുകള്‍ വീതം ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് ഖരമാലിന്യങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് തരംതിരിവ് കേന്ദ്രങ്ങളിലെത്തിച്ച് പ്ലാസ്റ്റിക്കുകള്‍ സ്‌ട്രെഡിങ് ചെയ്ത് റോഡുകളുടെ ടാറിങ് പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നതിനും മറ്റു വെയ്സ്റ്റുകള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിനുമാണ് സംവിധാനമേര്‍പ്പെടുത്തുന്നത്.
ഇതിന്റെ ഭാഗമായി 15ന് 'മാലിന്യത്തില്‍ നിന്ന് സ്വതന്ത്ര്യം' പ്രഖ്യാപനം നടത്തും. സീറോ വെയ്സ്റ്റ് നഗരസഭയാക്കുന്നതിന്റെ ഭാഗമായി ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് മേഖലാ യോഗങ്ങള്‍, ഗൃഹസന്ദര്‍ശനം, വിവരശേഖരണം എന്നിവ നടത്തും. ഇതിനു നഗരസഭാ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി കഴിഞ്ഞദിവസം ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എ.പി മജീദ് അധ്യക്ഷനായി. കെ. ബാബു, ബിന്ദു അനില്‍കുമാര്‍, കെ. ശിവദാസന്‍, യു.വി ഷാഹിദ്, എം.പി ഷംസുദ്ദീന്‍, ഒ.പി റസാഖ്, കെ.കെ സഫീന, ടി.പി നാസര്‍, വി.സി നൂര്‍ജഹാന്‍, പി.പി അഷ്‌റഫ്, കില ഫാക്കല്‍റ്റിമാരായ അശോകന്‍ വാവാട്, രത്‌നാകരന്‍, വി.സി ശശീന്ദ്രന്‍, ജെ.എച്ച്.ഐ പത്മനാഭപിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."