രാജ്യവ്യാപക പ്രക്ഷോഭത്തിന് ഡബിള്‍ ബെല്‍
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം തന്നെ രാജ്യം കനത്ത പ്രക്ഷോഭങ്ങള്‍ക്കു സാക്ഷ്യംവഹിക്കേണ്ടിവരുമെന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. രാജ്യവ്യാപകമായി സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളും അതില്‍ കേന്ദ്രസര്‍ക്കാരടക്കം സ്വീകരിക്കുന്ന നിരുത്തരവാദ സമീപനവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം ചര്‍ച്ച ചെയ്തതെങ്കില്‍, ആ ചര്‍ച്ച അവസാനിക്കും മുന്‍പു തന്നെ രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം വന്‍ പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം വലിയ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ പൗരത്വ ബില്‍ പാസാക്കിയെങ്കിലും ഇതിനെതിരേ കോടതി വഴിയും അല്ലാതെയുമുള്ള പ്രതിഷേധങ്ങള്‍ക്കൊരുങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ബില്ലിന്‍മേല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ച വലിയ ബഹളത്തില്‍ കലാശിച്ചിരുന്നു. അസദുദ്ദീന്‍ ഉവൈസി എം.പി ബില്‍ സഭയില്‍ കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. എന്നാല്‍, അര്‍ധരാത്രിയോടെ പ്രതിപക്ഷത്തിന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളി ബില്‍ പാസാക്കുകയായിരുന്നു.
ബില്‍ ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കാനിരിക്കേ, കനത്ത പ്രതിഷേധങ്ങള്‍ക്കൊരുങ്ങുകയാണ് പ്രതിപക്ഷം.
'മേയ്ക് ഇന്‍ ഇന്ത്യ പണ്ട്;
ഇപ്പോള്‍ പോക്ക് റേപ് ഇന്‍ ഇന്ത്യയിലേക്ക് '
ന്യൂഡല്‍ഹി: രാജ്യത്തു സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സര്‍ക്കാരിന്റെ മേയ്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പരിഹസിച്ച്, ഇപ്പോള്‍ മേയ്ക് ഇന്‍ ഇന്ത്യയല്ലെന്നും രാജ്യം പതിയെ 'റേപ് ഇന്‍ ഇന്ത്യ' തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തിനെക്കുറിച്ചും സംസാരിക്കാന്‍ പ്രധാനമന്ത്രിക്കു സമയവും വിവരവുമുണ്ട്. എന്നാല്‍, രാജ്യത്തു സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അദ്ദേഹം മിണ്ടുന്നില്ല. സ്ത്രീകള്‍ക്കെതിരേ രാജ്യത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ രേഖകളടക്കമായിരുന്നു ചൗധരി സഭയിലെത്തിയത്. രാജ്യത്തു സ്ത്രീകളും കര്‍ഷകരും വെടിയുണ്ടകള്‍ക്കിരയാകുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."