കാട്ടുപന്നികളുടെ ആക്രമണം: കര്‍ഷകര്‍ ദുരിതത്തില്‍
എരുമപ്പെട്ടി: എരുമപ്പെട്ടി ചിറ്റണ്ടയില്‍ കാട്ടുപന്നികളിറങ്ങി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. പടിഞ്ഞാറ്റുമുറി പാടശേഖരത്തിലാണ് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായിരിക്കുന്നത്.
ഹരിത പടിഞ്ഞാറ്റുമുറി പാടശേഖര സമിതിയുടെ കീഴില്‍ 40 ഏക്കറിലാണ് ഈ വര്‍ഷം നെല്‍കൃഷി ഇറക്കിയിരിക്കുന്നത്. വിളവിന് പാകമായിരിക്കുന്ന നെല്‍ചെടികള്‍ കാട്ടുപന്നികള്‍ വ്യാപകമായി നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
ചിറ്റണ്ട പൂങ്ങോട് വനത്തില്‍ നിന്നും കുട്ടമായിയിറങ്ങുന്ന പന്നികള്‍ നെല്‍ചെടികള്‍ ചവിട്ടിയും കുത്തിമറിച്ചും പിഴുതും നശിപ്പിക്കുകയാണ്. കര്‍ഷകര്‍ കുടില്‍കെട്ടി രാത്രിയില്‍ കാവലിരുന്ന് പാട്ടകൊട്ടി തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം കാണുന്നില്ല. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വിണ്ട് കീറുന്ന പാടശേഖരത്തിലേയ്ക്ക് മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളമെത്തിച്ചാണ് കര്‍ഷകര്‍ കൃഷി സംരക്ഷിക്കുന്നത്.
ഇതിനിടയില്‍ പതിവാകുന്ന കാട്ടുപന്നികളുടെ ആക്രമണം കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരുക്കുന്നു. പാടശേഖരത്തിന് സമീപമുള്ള വനാതിര്‍ത്തികളില്‍ പന്നികളെ തടയാന്‍ കമ്പിവേലികള്‍ നിര്‍മിക്കണമെന്ന് കര്‍ഷകര്‍ വനംവകുപ്പിലും മറ്റു ഭരണതലങ്ങളിലും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ക്യഷി സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."