കൊലപാതകം നടന്നിട്ടും മാറ്റമില്ല: റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് കാടുമൂടിയ നിലയില്‍
കോഴിക്കോട്: ഒരു കൊലപാതകം നടന്ന് പ്രതിയെ പൊലിസ് പിടികൂടിയിട്ടും റെയില്‍വേ അധികൃതര്‍ മൗനം വെടിയുന്നില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നിലുള്ള കെട്ടിടങ്ങളാണ് ഇപ്പോഴും കാടുപിടിച്ച് കിടക്കുന്നത്.
ഒഴിച്ചിട്ട ഇവിടുത്തെ ക്വാര്‍ട്ടേഴ്‌സുകളിലൊന്നില്‍ ഒരു മാസം മുന്‍പ് സ്ത്രീയുടെ അഴുകിയ ജഡം കണ്ടെത്തിയിരുന്നു. ഇത് കൊലപാതകമാണെന്ന് പൊലിസ് കണ്ടെത്തുകയും തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റും ചെയ്തിരുന്നു.
മതിലിന്റെ പലഭാഗങ്ങളിലുമുള്ള ഗേറ്റുകളും തകര്‍ന്നിട്ടുണ്ട്. ക്രിമിനലുകളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നതിനു മുന്‍പുതന്നെ ഇവിടം വൃത്തിയാക്കാന്‍ അധികൃതര്‍ തയേറാകേണ്ടതുണ്ട്.
റെയില്‍വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാധാനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍, ജീവനക്കാരുടെ സംഘടനാ ഓഫിസ്, റെയില്‍വേയുടെ ജലടാങ്ക് തുടങ്ങിയവയെല്ലാം ഈ ഭാഗത്തുണ്ട്. എന്നാല്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ പലതും കാടുകയറിക്കിടക്കുകയാണ്. റെയില്‍വേ പരിസരത്ത് അലഞ്ഞു നടന്നിരുന്ന സ്ത്രീയെയാണ് ഈയിടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അതേസമയം റെയില്‍വേ സ്റ്റേഷനു മുന്നില്‍ ബസ് സ്റ്റോപ്പിന് എതിര്‍വശത്തായി ഓടവെള്ളം കെട്ടിനിന്നുള്ള ദുരിതവും തുടരുകയാണ്. വെള്ളം ഒഴുകിപ്പോകാതെ റോഡ് നിറഞ്ഞുനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്.
റെയില്‍വേ ക്വാര്‍ട്ടേഴ്‌സ് പരിസരത്തെ കാടുകള്‍ വെട്ടിത്തെളിക്കണമെന്നും ഇവിടെയുള്ള ഗേറ്റുകളും മറ്റും സുരക്ഷിതമാക്കണമെന്നും വെള്ളക്കെട്ട് മാറ്റണമെന്നുമാണ് യാത്രക്കാരുടെയും പ്രദേശത്തുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."