വരന്തരപ്പിള്ളി എ.ടി.എം കവര്‍ച്ചാ ശ്രമം: തെളിവെടുപ്പ് നടത്തി
പുതുക്കാട് : വരന്തരപ്പിള്ളി എ.ടി.എം കവര്‍ച്ചാ ശ്രമത്തിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതികളായ വേലൂപ്പാടം നീരോലിപാടന്‍ സിന്‍ഡോ (28), മുപ്ലിയം ചിറയത്ത് സമല്‍ (22) എന്നിവരെയാണ് വരന്തരപ്പിള്ളി എസ്.ഐ ഐ.സിചിത്തരഞ്ചന്റ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തിയത്.
എ.ടി.എം സെന്ററിലും പരിസരത്തും പ്രതികളെ തെളിവെടുപ്പ് നടത്തി. എടിഎം മെഷീന്‍ തകര്‍ക്കാന്‍ കൂടുതല്‍ ആയുധങ്ങള്‍ എടുക്കാന്‍ പുറത്തിറങ്ങിയ സമയത്ത് അലാം മുഴങ്ങിയതാണ് രക്ഷപെടാന്‍ ഇടയാക്കിയതെന്ന് പ്രതികള്‍ പൊലിസിന് മൊഴി നല്‍കി.
അലാം മുഴങ്ങിയതോടെ ഓടിപോയ ഇവര്‍ വരന്തരപ്പിള്ളി റൊട്ടിപ്പടിയില്‍ വെച്ചിരുന്ന ബൈക്കിലാണ് രക്ഷപ്പെട്ടത്. പിന്നീട് മൂന്ന് ദിവസത്തോളം ഇവര്‍ സമീപ പ്രദേശങ്ങളില്‍ തങ്ങി പൊലിസിന്റെ അന്വേഷണം നിരീക്ഷിക്കുകയായിരുന്നു. വരന്തരപ്പിള്ളിയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള നിരീക്ഷണ കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചനകള്‍ പൊലിസിന് ലഭിച്ചത്.
എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് പണം കവരുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലിസ് പറഞ്ഞു. കവര്‍ച്ചക്ക് മുന്‍പായി ഇവര്‍ വരന്തരപ്പിള്ളിയിലെ ബാര്‍ ഹോട്ടലില്‍ കയറി മദ്യം കഴിച്ചിരുന്നു.ഹോട്ടലിലെ കാമറകളില്‍ ഇവര്‍ പതിഞ്ഞിരുന്നു. എ.ടി.എം സെന്ററിലെ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും മറ്റ് കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും ഇവരെ പിടികൂടാന്‍ പൊലിസിന് സഹായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."