നാട്ടുകാരുടെ ചിരകാല സ്വപ്നമായ ഏനാമാവ് മണലൂര്കടവ് സ്റ്റീല്പാലം ഇന്ന് തുറക്കും
അന്തിക്കാട്: നാട്ടുകാരുടെ ചിരകാല സ്വപ്നമായ മണലൂര്‍ ഏനാമാവ് കടവ് സ്റ്റീല്‍ പാലം യാഥാര്‍ഥ്യമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാലം ഇന്ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.
മണലൂര്‍ വെങ്കിടങ്ങ് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം കനോലി കനാലിനു കുറുകെയാണ് നിര്‍മിച്ചിട്ടുള്ളത്.
117 മീറ്റര്‍ നീളത്തില്‍ രണ്ടു കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ സ്റ്റീല്‍ പാലമാണിത്.
സി.എന്‍ ജയദേവന് എം.പിയുടെ 2015-16 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണു തുക വകയിരുത്തിയത്. പാലം തുറക്കുന്നതോടെ തീരദേശ വാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.
ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പാലം ഉദ്ഘാടനം ചെയ്യും.
സി.എന്‍ ജയദേവന് എം.പി, മുരളി പെരുനെല്ലി എം.എല്‍.എ, ജില്ലാ കലക്ടര്‍ ടി.വി അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് മണലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വിജി ശശി, എം.കെ സദാനന്ദന്, എം.ആര് മോഹനന്, സുധര്മ്മന്ചിരുകണ്ടത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."