കോഴിവണ്ടിയിലെ മാലിന്യം സ്റ്റാന്‍ഡിന് സമീപം തള്ളിയെന്ന് ആരോപണം: ഓട്ടോഡ്രൈവര്‍മാരും കോഴിഇറച്ചി വ്യാപാരികളും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും
അമ്പലവയല്‍: കോഴി വണ്ടിയിലെ മാലിന്യം സ്റ്റാന്‍ഡിന് സമീപം റോഡില്‍ തള്ളിയെന്നാരോപിച്ച് ഓട്ടോഡ്രൈവര്‍മാരും കോഴിഇറച്ചി കച്ചവടക്കാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും. സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ രണ്ട് പേര്‍ ചികിത്സതേടി. ഓട്ടോഡ്രൈവര്‍ അമ്പലയല്‍ പറമ്പത്ത് ഫൈസല്‍(30), കോഴിക്കടയിലെ ജീവനക്കാരനായ കുറ്റിക്കൈത മുതിരക്കോടില്‍ അജ്മല്‍(20) എന്നിവരാണ് അമ്പലയവയല്‍ സി.എച്ച്.സി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ അമ്പലവയല്‍ മാര്‍ക്കറ്റിന് സമീപമാണ് സംഭവം.
മാര്‍ക്കറ്റിനോട് ചേര്‍ന്ന് ചുള്ളിയോട് റോഡിലാണ് ഓട്ടോസ്റ്റാന്‍ഡും ഉള്ളത്. രാവിലെ മാര്‍ക്കറ്റിലേക്ക് കോഴികളെയും കൊണ്ടുവന്ന വാഹനത്തിലെ മാലിന്യം ലോഡ് ഇറക്കിയശേഷം സ്റ്റാന്‍ഡിന് സമീപം തള്ളിയെന്നാണ് ആരോപണം. ഇത് ഓട്ടോ ഡ്രവര്‍മാര്‍ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നീട് ഇത് കോഴികൊണ്ടുവന്ന വാഹനത്തിലെത്തിയവരും ഓട്ടോഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചു. ഈ സമയം കോഴിക്കടയിലെ ജീവനക്കാരനായ അജ്മല്‍ കത്തിയുമായി ഓട്ടോഡ്രൈവര്‍മാര്‍ക്കെതിരെ പാഞ്ഞടുക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഓട്ടോഡ്രൈവര്‍മാര്‍ ആരോപിച്ചു.
എന്നാല്‍ റോഡില്‍ വീണ മാലിന്യം നീക്കംചെയ്യാമെന്നു പറഞ്ഞ അജ്മലിനെ ഡ്രൈവര്‍മാര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് കോഴികച്ചവടക്കാര്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തുകയും മാര്‍ക്കറ്റ് ഉപരോധിക്കുകയും ചെയ്തു. ഉപരോധം ഒരു മണിക്കൂറോളം നീണ്ടു. തുടര്‍ന്ന് പൊലിസും,ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി.
പ്രഥമിക പരിശോധനയില്‍ മാലിന്യം തള്ളിയെന്ന് ബോധ്യപെട്ട ആരോഗ്യവകുപ്പ് താല്‍ക്കാലികമായി കോഴിക്കട അടപ്പിച്ചു. പിന്നീട് അമ്പലവയല്‍ എസ്.ഐ സുന്ദരന്റെ നേതൃത്വത്തില്‍ ഇരുവിഭാഗമായി ചര്‍ച്ച നടത്തുകയും സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. ടൗണില്‍ തിരക്കേറുന്നതിന്ന് മുന്‍പ് മാര്‍ക്കറ്റില്‍ കോഴിഇറക്കണമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തലെത്തിയ ആരോഗ്യവകുപ്പ് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് നിര്‍ദേശവും നല്‍കി.
പ്രതിഷേധത്തിനു ശേഷം ഉച്ചയോടെയാണ് താല്‍ക്കാലികമായി അടപ്പിച്ച കട തുറന്നത്. പ്രതിഷേധ പ്രകടനത്തിന് അനീഷ്.ബി.നായര്‍, കെ ഷാജിത്, പി.എസ്.പ്രശാന്ത്, ടി.എസ്.അനൂപ്, ഹരിദാസ്, മനോജ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."