നാടുകളെ കൂട്ടിയിണക്കി ബിജുവിന്റെ ബാരല്‍ പാലം
നടുവണ്ണൂര്‍: നാട്ടിടവഴികളില്‍ നമ്മള്‍ കാണുന്ന ഓരോ മനുഷ്യര്‍ക്കും ഒരു പാട് കഥകളുണ്ട്. വിസ്മയിപ്പിക്കുന്ന വിശേഷങ്ങള്‍. അങ്ങനെയൊരു വിസ്മയത്തിന്റെ പേരാണ് ബിജു. എന്‍ജിനിയറിങില്‍ ബിരുദമില്ലെങ്കിലും അനുഭവങ്ങളിലെ വെളിച്ചവുമായി രണ്ട് ദേശങ്ങളെ ബന്ധിപ്പിച്ച് മനോഹരമായ തൂക്ക് പാലം പണിത യുവാവ്.
തന്റെ ജീവിത വഴികളില്‍ ആരും നടക്കാത്ത വഴികളിലൂടെ നടന്ന് പോകുന്ന ഗ്രാമത്തിന്റെ എല്ലാ നന്‍മകളുമുള്ള ഒരാള്‍. അയാള്‍ക്ക് സ്വപ്നങ്ങളുണ്ട്. പ്രതീക്ഷകളുണ്ട്. ആ സ്വപ്നങ്ങളാണ് ഒരു ഗ്രാമത്തിന്റെ സഞ്ചാര സങ്കല്‍പങ്ങള്‍ക്ക് നിറം പകര്‍ന്നത്.
രണ്ട് ദേശങ്ങളിലെ മനുഷ്യര്‍ പുഴ കടന്ന് ജീവിതത്തിലേക്ക് ചേരുന്നത് ബിജു സ്വന്തമായി നിര്‍മിച്ച പാലത്തിലൂടെയാണ്.
മഴക്കാലത്ത് നിറഞ്ഞ രാമന്‍ പുഴക്ക് കുറുകെയാണ് ബിജു ബാരല്‍ പാലമൊരുക്കിയത്.ബാലുശ്ശേരി പഞ്ചായത്തിലെ തുരുത്തിയാടിനേയും കോട്ടൂര്‍ പഞ്ചായത്തിലെ വാകയാടിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് പുത്തൂര്‍ വയലില്‍ ബിജു എന്ന 37കാരന്‍ പാലം പണിതത്.
ഏറെ ഗതാഗത പ്രശ്‌നമുള്ള പ്രദേശത്തിന് ഈ പാലം അനുഗ്രഹമാവുകയാണ്. വാകയാട് എല്‍.പി.സ്‌കൂള്‍, യു.പി സ്‌കൂള്‍, വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ നിരവധി വിദ്യാര്‍ഥികളാണ് ഈ പാലത്തിനെ ആശ്രയിക്കുന്നത്. കൂടാതെ രണ്ട് ദേശങ്ങളിലെ നാട്ടുകാരും.
താക്കോട്ട് താഴെ ബ്രദേഴ്‌സ് സ്വയം സഹായ സംഘമാണ് ബിജുവിന്റെ പ്രവര്‍ത്തനത്തിന് പൂര്‍ണ സഹകരണവും പിന്തുണയും നല്‍കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഈ പാലം. ഈ വര്‍ഷം നവീകരണത്തിന് നാല്‍പതിനായിരം രൂപ ചെലവ് ഉണ്ട്.
കോട്ടൂര്‍, ബാലുശ്ശേരി പഞ്ചായത്തുകള്‍ പതിനായിരം വീതം ഈ പാലത്തിന്റെ നവീകരണത്തിന് നല്‍കുന്നുണ്ട്. ബാക്കി തുക സംഘം പ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ടാണ് സ്വരൂപിക്കുന്നത്. കോണ്‍ക്രീറ്റ് തൊഴിലാളിയായ ബിജുവിന്റെ ആശയമാണ് എട്ട് വര്‍ഷം മുന്‍പ് ഇങ്ങനെ ഒരു പാലം നിര്‍മിക്കാന്‍ വഴി തെളിച്ചത്. പ്രവീണ്‍, സുധാകരന്‍, രാജന്‍ തുടങ്ങിയവരും ബിജുവിന് സഹായികളായുണ്ട്.
പതിനൊന്ന് ബാരലുകളും കവുങ്ങിന്‍ കഷണങ്ങളും മുളയും കൊണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. പുഴയിലെ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് പാലവും ഉയരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ബിജുവിനോട് സംസാരിക്കുമ്പോള്‍ തന്നെ അറിയാം ഗ്രാമത്തിന്റെ നന്മ. ഓരോ വാക്കിലും നിറയുന്ന ആത്മവിശ്വാസം. ഈ മനുഷ്യരിലൂടെയാണ് ഒരു ദേശം തങ്ങളുടെ സ്വപ്നങ്ങളെ തൊടുന്നത്. ഇവര്‍ ഒരുക്കുന്ന പാതകളാണ് തലമുറകളെ മുന്നോട്ട് നടത്തുന്നത്. തീര്‍ച്ചയായും രണ്ട് ദേശങ്ങള്‍ക്കിടയിലെ നന്മയുടെ ഈ പാലം കാലത്തെ അതിജീവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."