പ്രതീക്ഷയോടെ പ്രിയയും ടീമും ഹോങ്കോങ്ങിലേക്ക്
നാദാപുരം: അടുത്ത മാസം രണ്ടുമുതല്‍ ഏഴുവരെ ചൈനയിലെ ഹോങ്കോങ്ങില്‍ നടക്കുന്ന ഏഷ്യന്‍ വനിതാ ബേസ്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇരുപതംഗ ടീമിലെ ഏക മലയാളി സാന്നിധ്യമായ വിലങ്ങാട് വായാട് ആദിവാസി കോളനിയിലെ പ്രിയയുടെ രണ്ടാംഘട്ട പരിശീലനം ഭുവനേശ്വറിലെ കെ.ഐ.ഐ.ടി സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി.
ഈ മാസം പതിനഞ്ചു മുതല്‍ മുപ്പതു വരെ ഡല്‍ഹിയില്‍ നടക്കുന്ന അവസാനഘട്ട പരിശീലനത്തിന് ശേഷം മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രിയയും സംഘവും പുറപ്പെടും. ഇത് വരെ നടന്ന മത്സരങ്ങളിലെ ടീമിന്റെ പ്രകടനം മെഡല്‍ പ്രതീക്ഷയാണ് പരിശീലന ക്യാംപിന് നല്‍കുന്നത്. ബേസ്ബോള്‍ ദേശീയ കോച്ച് ആയ ദീപക് നായ്കിന്റെ കീഴിലാണ് പരിശീലനം.
നേരത്തെ പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആവശ്യമായ പണം കൈയില്‍ ഇല്ലാത്തതിനാല്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പണം സ്വരൂപിചാണ് ഭുവനേശ്വറിലേക്ക് യാത്ര തിരിച്ചത്. പരിശീലനം പൂര്‍ത്തിയാക്കി നാളെ ഇവര്‍ നാട്ടില്‍ തിരിച്ചെത്തും . അതിനിടെ, പ്രിയയുടെ പരാധീനത സംബന്ധിച്ച പത്ര വാര്‍ത്തയെ തുടര്‍ന്ന് മന്ത്രി എ.കെ ബാലന്റെ ഓഫിസ് അടിയന്തര സഹായം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പ്രതിനിധികള്‍ ആരും ഇതുവരെ പ്രിയയുടെ വീട്ടില്‍ എത്തിയിട്ടില്ല.
മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെ. കരുണാകരന് സ്മാരക ട്രസ്റ്റ് ഇവരുടെ യാത്ര ചെലവുകള്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സഹായമോ സര്‍ക്കാര്‍ സഹായമോ ലഭ്യമായില്ലെങ്കില്‍ പ്രിയയുടെ യാത്ര അനിശ്ചിതത്വത്തിലാകും.
ബിനു സാഹു, രൂപ ഷിലങ്ക, ഗീത ഭുയാന്‍ (ഒഡിഷ), മോനകുസുമാര്, എസ്. സോണിയ, എസ്. ചൗഹാന്, ശീതള്‍ താക്കൂര്‍ (എം.പി), ഹരിതാറെഡ്ഢി (ആന്ധ്ര), രാജാറാണി, രാംദീപ് (പഞ്ചാബ്), മനീഷാചൗധരി, ചേതനശര്മ്മ, ഭവാന, സ്വേതദാസ്( ഡല്‍ഹി ), സവിത, പൂജ (ഹരിയാന), ഭവ്യ( കര്‍ണ്ണാടക), ഗിരിജാവഡേക്കര്, രേഷ്മ പുനല്ക്കാര്(മഹാരാഷ്ട്ര), പായല്ടേണ്ടല്കാര് (ഛത്തിസ്ഗഡ് ) എന്നിവരാണ് ടീമിലെ മറ്റംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."