വീടാക്രമിച്ച് കവര്‍ച്ചക്ക് ശ്രമം: ഗുണ്ടാ സംഘം പിടിയില്‍
ഇരിങ്ങാലക്കുട: കോണത്തുകുന്ന് സ്വദേശിനിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ചക്കു ശ്രമിച്ച ഗുണ്ടാ സംഘത്തിലെ പ്രധാനികള്‍ ആയ അടിമ രഞ്ജിത്ത് എന്നറിയപ്പെടുന്ന എസ്.എന്‍ പുരം മനപ്പിള്ളി വീട്ടില്‍ രതീഷ് (26), എറിയാട് സ്വദേശി കൈമപറമ്പില്‍ ശരത്ചന്ദ്രന്‍ (25) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാര്‍, എസ്.ഐ സി.വി ബിബിനും സംഘവും അറസ്റ്റു ചെയ്തത്. ഒക്ടോബര്‍ 13ന് രാത്രി കോണത്തുകുന്ന് ജനത കോര്‍ണറിലുള്ള കോടുമാടത്തില്‍ രശ്മി ടോംജിത്ത് എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ പണവും സ്വര്‍ണവും ആവശ്യപ്പെടുകയായിരുന്നു. ഒന്നും ലഭിക്കാത്തതില്‍ പ്രകോപിതരായ പ്രതികള്‍ രശ്മിയെ അക്രമിക്കുകയും ജനലുകളും വാതിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തകര്‍ക്കുകയും പൊലിസില്‍ പരാതി നല്‍കിയാല്‍ പരാതിക്കാരിയെയും ഭര്‍ത്താവിനെയും ബോംബെറിഞ്ഞു കൊലപ്പെടുത്തുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണിപ്പെടുത്തി. പ്രതികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണു രക്ഷപ്പെട്ടത്. ഒളിവില്‍ പോയ പ്രതികളെ അഴീക്കോട് ഒളിസങ്കേതത്തില്‍ നിന്നാണു പിടികൂടിയത്. ഒന്നാം പ്രതി രതീഷ് ജില്ലയിലെ വിവിധ കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളിലെ അംഗമാണ്. ഇയാള്‍ക്കെതിരേ വാഹനമോഷണവും മയക്കുമരുന്ന് വിതരണവുമടക്കം നിരവധി ക്രിമിനല്‍ കേസുകള്‍ ഉണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ച മയക്കുമരുന്ന് വിതരണ ലോബിയിലെ പ്രധാന കണ്ണിയാണ് ഇയാള്‍.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഉള്ള ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒമാരായ എ.കെ മനോജ്, അനൂപ് ലാലന്‍, എം.എസ് വൈശാഖ്, സൈമണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."