പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി, രാഷ്ട്രപതിയുടെ ഒപ്പ് പതിയുന്നതോടെ ബില്‍ നിയമമാകും: ഇന്ത്യയിലെ കറുത്ത ദിനമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി:വിവാദങ്ങളുടെ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കുശേഷം രാജ്യസഭയിലും പൗരത്വബില്‍ പാസായി. 125 പേരാണ് വോട്ടെടുപ്പില്‍ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തത്. 105 പേര്‍ എതിര്‍ത്തും വോട്ടു രേഖപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനമാണിതെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറുകയാണ്.
പുതിയ നിയമപ്രകാരം പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍,ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.
പൗരത്വ നിയമ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടെടുപ്പിനിട്ട് സഭ തള്ളിയിരുന്നു. 44 ഭേദഗതി നിര്‍ദേശങ്ങളാണ് ബില്ലിന്‍മേല്‍ വന്നത്. എന്നാല്‍ ഇവയെല്ലാം രാജ്യസഭ വോട്ടിനിട്ട് തള്ളി.
ഇന്ന് ഉച്ചക്ക് ആരംഭിച്ച ചര്‍ച്ച അവസാനിച്ചതോടെയാണ് വോട്ടെടുപ്പിനുള്ള നടപടി ആരംഭിച്ചത്.
235 അംഗങ്ങളാണ് സഭയിലുള്ളത്. ഇതില്‍ 135 അംഗങ്ങളുടെ പിന്തുണ ലഭിക്കുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. ചെറിയ ഒരു വ്യത്യാസത്തിലാണെങ്കിലും ബില്‍ പാസാക്കാനാകുമെന്ന ബി.ജെ.പി പ്രതീക്ഷയാണ് ഇതോടെ പൂവണിഞ്ഞത്. അണ്ണാ ഡി.എം.കെ, ബിജു ജനതാ ദള്‍ തുടങ്ങിയ സംഘടനകളുടെ പിന്തുണ ബി.ജെ.പി ഉറപ്പിച്ചിരുന്നു. അതേ സമയം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചുകൊണ്ട് ശിവസേനയിലെ മൂന്ന് അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."