ബാപ്പുവിന്റെ മനസ്സില്‍ റഫി മരിച്ചിട്ടില്ല
മുഹമ്മദ് റഫി എന്ന അനശ്വരഗായകന്‍ സംഗീതസപര്യ അവസാനിപ്പിച്ച് ഈ ലോകത്തോടു യാത്രപറഞ്ഞിട്ട് ജൂലൈ 31ന് 37 വര്‍ഷം തികഞ്ഞു. എന്നാല്‍, പൊന്നാനി മാറഞ്ചേരിക്കാരന്‍ മുഹമ്മദ് ബാപ്പു എന്ന പാഴ്‌സി മുഹമ്മദിനു റഫിസാഹിബ് മരിച്ചെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. റഫിയെ പരിചയപ്പെട്ട നാള്‍മുതല്‍ അദ്ദേഹത്തെക്കുറിച്ചു പറയാത്ത ദിവസങ്ങളില്ല. ഇന്നും അതു തുടരുന്നു. റഫി സാഹിബിനെക്കൊണ്ടു പാട്ടുപാടിക്കാന്‍ സ്വന്തമായി ലുബ്‌ന എന്ന ഹിന്ദി സിനിമ നിര്‍മിച്ചിട്ടുണ്ട് പാഴ്‌സി മുഹമ്മദ്.
ആറാംക്ലാസ്‌വരെ മാത്രം പഠിച്ച് ഉപജീവനത്തിനായി മുംബൈ എന്ന മഹാനഗരത്തിലേയ്ക്കു വണ്ടി കയറി ചായക്കച്ചവടത്തിലൂടെ ജീവിതം പച്ചപിടിപ്പിച്ച ബാപ്പുവിന്റെ ജീവിതത്തിനു വഴിത്തിരിവായതു സ്വപ്‌നാടനം എന്ന സിനിമയാണ്. ബാപ്പുകൂടി സഹകരിച്ച സ്വപ്‌നാടത്തിനു ദേശീയ അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തു ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്കു യാത്രചെയ്യുമ്പോള്‍ ഹിന്ദിയില്‍ സ്വന്തമായി ഒരു പടം നിര്‍മിച്ചാലോ എന്നു തോന്നി. കെ.ജി ജോര്‍ജാണ് തന്റെ സഹപാഠിയായ കബീര്‍ റാവുത്തരെ നിര്‍ദേശിച്ചത്.
സി.കെ ഖാദര്‍ എന്ന നിര്‍മാതാവിനുവേണ്ടി ബോംബെ ലോക്കല്‍ ട്രെയിന്‍ എന്ന സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു കബീര്‍ റാവുത്തര്‍. റഫിയെക്കൊണ്ടു സിനിമയില്‍ പാട്ടുപാടിക്കണമെന്ന നിബന്ധനമാത്രമാണു ഖാദറിനുണ്ടായിരുന്നത്. സിനിമയില്‍ തുടക്കക്കാരനായ കബീര്‍ റാവുത്തര്‍ക്കു റഫിയുമായി ഒരു ബന്ധവുമില്ല. ഇതിനിടയിലാണു ബാപ്പു തന്റെ സിനിമക്കാര്യം പറയുന്നത്. റാവുത്തരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാമെന്നു ബാപ്പു ഏറ്റു. പ്രശസ്ത നടന്‍ ദിലീപ്കുമാറിന്റെ സഹോദരന്‍ ഹയാഷാ ഖാന്‍ വഴി റഫിയെ സമീപിച്ചു സമ്മതം വാങ്ങി. ബോംബെ ലോക്കല്‍ ട്രെയിനിനുവേണ്ടി പാടാനുള്ള സമ്മതപത്രത്തിനൊപ്പം തന്റെ ചിത്രമായ ലുബ്‌നയ്ക്കും പാടാമെന്ന സമ്മതം കൂടി നേടി.
റഫിസാഹിബുമായി അന്നുമുതല്‍ ആരംഭിച്ച ബന്ധമാണ്. അത് അനുദിനം വളര്‍ന്നു. തികഞ്ഞ മനുഷ്യസ്‌നേഹിയായ റഫി സാഹിബ് ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ എഴുപത്തിയൊമ്പതാം വയസ്സിലും ബാപ്പുവിനോടു താങ്കള്‍ ജീവിതത്തില്‍ സമ്പാദിച്ചതില്‍ ഏറ്റവും വിലപിടിപ്പുള്ളതെന്താണെന്നു ചോദിച്ചാല്‍ ഉടന്‍ ഉത്തരമെത്തും, 'മുഹമ്മദ് റഫിയുമായുള്ള സൗഹൃദം.'
റഫി ബാപ്പുവിനു വെറുമൊരു പരിചയക്കാരനായിരുന്നില്ല, സഹോദരനെപ്പോലെയായിരുന്നു. റഫിയുടെ മുംബൈയിലെ വസതിയിലും റെക്കോഡിങ് സ്റ്റുഡിയോയിലും ബാപ്പുവിന് എപ്പോഴും സന്ദര്‍ശനാനുമതിയുണ്ടായിരുന്നു. അക്കാലത്തു നാല്‍പ്പതിനായിരം രൂപ ഒരു പാട്ടിനു പ്രതിഫലം വാങ്ങിയിരുന്ന റഫി ബാപ്പുവിന്റെ കെയറോഫിലെത്തുന്നവരില്‍നിന്നു വാങ്ങിയതു പതിനായിരം മാത്രം.
റഫിയുടെ പാട്ടിനോളം പ്രശസ്തമായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലെ ചായ. ഒരു ഗായകന്റെയും വീട്ടില്‍ പോകാത്ത പ്രശസ്ത സംഗീതജ്ഞന്‍ നൗഷാദ് റഫിയുടെ വീട്ടിലെ പതിവു സന്ദര്‍ശകനായിരുന്നു. റഫിയുടെ പാട്ട് എവിടെ നിന്നും കേള്‍ക്കാം. പക്ഷേ, ഈ ചായ കിട്ടാന്‍ ഇവിടെത്തന്നെ വരേണ്ടേ എന്നാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്.
മരിക്കുന്നതിനു രണ്ടാഴ്ച മുമ്പാണ് റഫിയെ ബാപ്പു അവസാനമായി കണ്ടത്. മെഹബൂബ് സ്റ്റുഡിയോയില്‍ റെക്കോഡിങിലായിരുന്നു അദ്ദേഹം. നാട്ടിലേക്കു പോകുകയാണെന്നും പത്തുദിവസം കഴിഞ്ഞേ വരുകയുള്ളൂവെന്നും പറഞ്ഞു യാത്രചോദിച്ച് ഇറങ്ങി. തിരിച്ചു മുംബൈയിലെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ആ വേര്‍പാടുണ്ടായത്.
റഫിയുടെ വിയോഗശേഷവും ആ കുടുംബവുമായുള്ള ബന്ധം ബാപ്പു നിലനിര്‍ത്തിപ്പോന്നു. റഫിയുടെ മകന്‍ ഷാഹിദ് ബാപ്പുവിന്റെ ഏറ്റവുമടുത്ത സുഹൃത്താണ്. എറണാകുളത്തും കോഴിക്കോടും ഷാഹിദിനെക്കൊണ്ട് ബാപ്പു പാടിച്ചിട്ടുണ്ട്. റഫി പാടിയ പാട്ടുകളുടെ മുഴുവന്‍ ശേഖരവും ബാപ്പുവിന്റ കൈയിലുണ്ടായിരുന്നു. ദൂരയാത്രകളില്‍ ആസ്വദിക്കാന്‍ കാറിലാണതു സൂക്ഷിച്ചിരുന്നത്. ഒരിക്കല്‍ കാര്‍ മോഷണം പോയി, അതോടെ ആ അമൂല്യ നിധിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."