എലിയറ മലയിലെ ചെങ്കല്‍ ഖനനത്തിനെതിരേ പ്രക്ഷോഭം
കോഴിക്കോട്: തലക്കുളത്തൂര്‍ വില്ലേജിലെ എടക്കര പട്ടര്‍പാലത്തെ എലിയറ മലയില്‍ അനധികൃതമായും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിക്കാതെയും ചെങ്കല്‍ ഖനനം നടത്തുന്നതായി പരാതി. വില്ലേജിലെ തൂണു മണ്ണില്‍, പട്ടര്‍പാലം, ചേളന്നൂര്‍ വില്ലേജിലെ കണ്ണങ്കര, ഇച്ചനൂര്‍, കാക്കൂര്‍ വില്ലേജിലെ പാവണ്ടൂര്‍, ഈന്താട് പ്രദേശങ്ങളിലെ കുടിവെള്ളം, കൃഷി, പാരിസ്ഥിതിക സന്തുലിതാവസ്ഥ എന്നിവയെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് ഇവിടെ ഖനനം നടക്കുന്നതെന്ന് എലിയറമല സംരക്ഷണ സമിതിയും സര്‍വകക്ഷി ഏകോപന സമിതിയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അശാസ്ത്രീയമായ രീതിയിലും വ്യാജ രേഖകള്‍ സമര്‍പ്പിച്ചുമാണ് ചെങ്കല്‍ ക്വാറിക്കുള്ള അനുവാദം അധികാരികളില്‍നിന്നു നേടിയെടുത്തത്. ക്വാറിക്കെതിരേ പതിനൊന്നോളം സ്ഥാപനങ്ങളിലേക്ക് പതിമൂന്നോളം നിവേദനങ്ങള്‍ നല്‍കിയിട്ടും ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. ജില്ലാ കലക്ടര്‍ക്ക് മൂന്നു തവണ പരാതി നല്‍കി. പൊലിസും ഖനന മാഫിയക്ക് അനുകൂലമായാണ് നില്‍ക്കുന്നത്. അത്തോളി പൊലിസ് പ്രതിഷേധക്കാര്‍ക്കെതിരേ കള്ളക്കേസ് ചുമത്തുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ പ്രദേശത്തെ ജനങ്ങള്‍ ക്വാറിക്കെതിരേ പ്രക്ഷോഭത്തിലാണ്. സംഭവത്തില്‍ അധികൃതര്‍ ഇടപെട്ട് തീരുമാനമുണ്ടായില്ലെങ്കില്‍ ജില്ലാ ആസ്ഥാനത്തേക്ക് പ്രക്ഷോഭം മാറ്റുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഇ.പി രത്‌നാകരന്‍, സി. പ്രകാശന്‍, കെ. പ്രകാശന്‍, കെ.കെ ശിവദാസന്‍, രമേശന്‍, ദാമോദരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."