ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനായശേഷം ജനറല്‍ വാര്‍ഡില്‍ കഴിയുന്നതിനാല്‍ അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാമ്യം അനുവദിച്ചാല്‍ വിദഗ്ധ ചികിത്സ തേടാനാവുമെന്നും സ്വാമിയുടെ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വാമിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. മാത്രമല്ല, കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഇപ്പോള്‍ സ്വാമിക്ക് ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് സിംഗിള്‍ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.
എന്നാല്‍ സ്വാമി തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും പൊലിസിന്റെ ഭീഷണിയെത്തുടര്‍ന്നാണ് സ്വാമിക്കെതിരേ മൊഴി നല്‍കിയതെന്നും വ്യക്തമാക്കി പെണ്‍കുട്ടി സത്യവാങ്മൂലം നല്‍കിയിരുന്നു.
തനിക്കും കുടുംബത്തിനും സ്വാമിയുമായി നല്ല ബന്ധമാണെന്നും ജാമ്യാപേക്ഷയില്‍ കക്ഷിചേരാനുള്ള അപേക്ഷയോടൊപ്പം പെണ്‍കുട്ടി നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ ഘട്ടത്തില്‍ പെണ്‍കുട്ടിയുടെ സത്യവാങ്മൂലവും അപേക്ഷയും പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."