കിതാബിന് പകരം എലിപ്പെട്ടി; പൊതുവിദ്യാഭ്യാസ സന്ദേശവുമായി നാടകവേദി
ആലപ്പുഴ: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഏറെ വിവാദമുണ്ടാക്കിയ മേമുണ്ട ഹൈസ്‌കൂളിലെ കിത്താബിന് പകരം കിഴക്കിന്റെ വെനീസില്‍ സാമൂതിരിയുടെ മണ്ണില്‍ നിന്ന് വന്ന എലിപ്പെട്ടി അരങ്ങുതകര്‍ത്തു. മതവിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തില്‍ കുപ്രസിദ്ധി നേടിയ കിതാബ് എന്ന നാടകം ഏറെ വിവാദങ്ങളുണ്ടായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പിന്‍വലിക്കുകയായിരുന്നു. കോഴിക്കോട്ട് എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ നാടകത്തിനെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ നാടകം സംസ്ഥാന തലത്തില്‍ മത്സരിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ നാടകത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചെങ്കിലും കിത്താബിന് അവതരണാനുമതി ലഭിച്ചില്ല. കിതാബ് എന്ന നാടകം കലോത്സവത്തിന് എത്തും എന്ന അഭ്യൂഹം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിയുള്‍പ്പെടെ പൊലിസ് സന്നാഹം നാടക വേദി പരിസരത്ത് ഉണ്ടായിരുന്നു. കോഴിക്കോട് കലോത്സത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ തിരുവങ്ങൂര്‍ ഹൈസ്‌കൂളിലെ 'എലിപ്പെട്ടി' എന്ന നാടകം കഴിഞ്ഞ തവണയും ഏറെ ചര്‍ച്ച ചെയ്തിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്ന ശിവദാസ് പൊയില്‍കാവ് ഒരുക്കിയ എലിപ്പെട്ടി ഇത്തവണ കുറച്ച് മാറ്റങ്ങളുമായി മൂന്നു ജില്ലകളില്‍ നിന്നാണ് കലോത്സവത്തിലെത്തിയത്. കെട്ട കാലത്തിലെ വിദ്യാഭ്യാസ വിഭജനമായിരുന്നു എലിപ്പെട്ടിയുടെ പ്രമേയം. മുള്ളുള്ളത് കൊണ്ട് സമൂഹത്തിലെ വലിയവന്‍ താനാണെന്ന് സ്വയം ചിന്തിക്കുന്ന തൊടിയിലെ മുള്ളന്‍ പന്നിയിലൂടെയാണ് നാടകം കടന്നുപോകുന്നത്. വിശ്വസത്തിനും പരസ്പര സ്‌നേഹത്തിനും മാത്രമേ സമൂഹത്തില്‍ നിലനില്‍പ്പുള്ളൂവെന്ന് എലിപ്പെട്ടി പറയുന്നു. പൊതുബെഞ്ചാണ് എല്ലാത്തിന്റേയും നന്മയെന്ന് നാടകം ചൂണ്ടിക്കാണിച്ചു. ഹൈസ്‌കൂള്‍ വിഭാഗം നാടകത്തിന് തിരുവങ്ങൂര്‍ സ്‌കൂള്‍ എ ഗ്രേഡ് കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."