സൂക്ഷ്മത തണല്‍വിരിച്ച പണ്ഡിതന്‍
#തന്‍സീര്‍ ദാരിമി കാവുന്തറ
റിവിന്റെ നിറസുഗന്ധവും സുകൃതങ്ങളുടെ നിറവസന്തവുമായി നമ്മെ വിസ്മയിപ്പിച്ചു കളയുന്ന ചില ജീവിതങ്ങളുണ്ട്. താഴ്മയും എളിമയും സ്വീകരിച്ചും മേളയും കേളിയും തമസ്‌കരിച്ചും ആത്മീയതയുടെ ഉല്‍കൃഷ്ടമായ വിതാനങ്ങളില്‍ പഥികരായി നടന്നകന്ന് സ്വര്‍ഗം ലക്ഷീകരിച്ച യതിവര്യരാണവര്‍. ഉന്നത സ്ഥാനങ്ങളില്‍ വിരാചിക്കുമ്പോഴും വിനയം മുഖമുദ്രയാക്കുകയും ജീവിതലാളിത്യം കൊണ്ട് പ്രഭപരത്തുകയും ചെയ്യുക എന്നത് അപൂര്‍വമായൊരു സിദ്ധിവിശേഷമാണ്. ഇല്‍മ് അഥവാ അറിവ് ആര്‍ജിച്ചവരാണ് ഉലമാഅ്. ഇല്‍മ്, അമല്‍(കര്‍മം) എന്നീ പദങ്ങള്‍ അയ്ന്‍, ലാം, മീം എന്നീ മൂന്നക്ഷരങ്ങളാണ്. ഇല്‍മിന്റെ ലാമും മീമും സ്ഥാനം മാറ്റിയാല്‍ അമലായി. ഇതിനര്‍ഥം രണ്ടും ഒരേപോലെ സംലയിച്ചിരിക്കണം. അറിവ് കര്‍മത്തിനും കര്‍മം അറിവോടെയുമാകണം. ഉലമാക്കളില്‍നിന്ന് അറിവ് ആവശ്യപ്പെടുന്നത് അതിന്റെ കര്‍മമാണ്. ആ കര്‍മമാണ് ഉലമാക്കളുടെ ആക്ടിവിസം. ഇത്രയും സ്വഭാവവിശേഷങ്ങളുടെ മൂര്‍ത്തരൂപമായി ജീവിച്ചയാളാണ് റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരെന്നതില്‍ പക്ഷാന്തരമുണ്ടാകാന്‍ തരമില്ല.
സൂക്ഷ്മതയുടെ തിളക്കം
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദ്യ മുശാവറയിലെ അംഗവും, സമസ്തയുടെ അനുസ്യൂതമായ വളര്‍ച്ചയ്ക്കു നിസ്തുലമായ പങ്കുവഹിച്ച മഹാനുമായ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍. 1967 മുതല്‍ 1993ല്‍ ഇഹലോകവാസം വെടിയുന്നതുവരെ സമസ്തയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.
വൈജ്ഞാനിക സാമൂഹിക സാംസ്‌കാരിക മേഖലയിലൊക്കെയും ഇസ്‌ലാമിക ആശങ്ങള്‍ക്കനുസൃതമായ രീതിയില്‍ ജീവിതം നയിച്ച, കേരളീയ മുസ്‌ലിംകള്‍ക്കു മാതൃകയാക്കാന്‍ എല്ലാ നിലക്കും യോഗ്യതയുള്ള മഹാനാണ് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍. ജീവിതത്തില്‍ വന്നുഭവിക്കാവുന്ന നിസാരസ്ഖലിതങ്ങള്‍ പോലും ഗൗരവപൂര്‍വം കാണുകയും ആരുടെ മുന്‍പിലും തെറ്റുകള്‍ക്കുമുന്‍പില്‍ കണ്ണടക്കാതെ തുറന്നുപറയുകയും ചെയ്തു അദ്ദേഹം.
ശൈശവം മുതലേ അത്താണിയില്ലാതെ പിച്ചവച്ചു തുടങ്ങിയ ഉസ്താദിന് അനാഥകുട്ടികളോട് അതിരറ്റ സ്‌നേഹവും വാത്സല്യവുമായിരുന്നു. പഠനകാലത്ത് ചെലവുവീട്ടിലെ പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് രാത്രിയിലെ ഭക്ഷണം മുടങ്ങുകയുണ്ടായി. കാരണം വീട്ടിലെ കുട്ടികള്‍ യതീമായതിനാല്‍ അവിടുത്തെ അന്നത്തിന് അര്‍ഹത യതീമുകള്‍ക്കാണ്. അതിനാലാണ് അദ്ദേഹം ഭക്ഷണം മുടക്കിയത്. ഇക്കാര്യമറിഞ്ഞ ബന്ധു ഉസ്താദിനോട് നിങ്ങള്‍ക്ക് അനാഥക്കുട്ടികളുടെ ഒരു തുള്ളിയും ചേരാത്തതാണ് തരികയെന്ന് പറഞ്ഞു. അതിനുശേഷമാണ് അദ്ദേഹം ആ വീട്ടിലേക്കു വീണ്ടും ഭക്ഷണത്തിനു പോവാന്‍ തയാറായത്.
ഒരിക്കല്‍ വാഴക്കാടുനിന്ന് മഞ്ചേരിയിലേക്ക് സുന്നി സമ്മേളനത്തിനു പോവുകയായിരുന്നു. യാത്രാമധ്യയാണ് ഡ്രൈവര്‍ മുസ്‌ലിമാണെന്ന് വ്യക്തമായത്. അസ്വര്‍ നിസ്‌കരിച്ചോ എന്ന് ഉസ്താദ് ഡ്രൈവറോട്് ചോദിച്ചു. ഡ്രൈവര്‍ ഒന്നും മിണ്ടിയില്ല. ഉസ്താദ് ചോദ്യം ആവര്‍ത്തിച്ചു. അപ്പോള്‍ സഹയാത്രികന്‍ പറഞ്ഞു: നിങ്ങളെ കൊണ്ടുവരാനുള്ള തിരക്കിലായതിനാല്‍ നിസ്‌കാരക്കാര്യം മറന്നുപോയി. ഉടന്‍ വണ്ടി നിര്‍ത്താന്‍ കല്‍പിച്ചു. എന്നിട്ട് പറഞ്ഞു: അവന്‍ മരണപ്പെട്ടാല്‍ ഞാന്‍ നാഥനോട് മറുപടി പറയേണ്ടിവരും. അതുകൊണ്ട് നിസ്‌കരിച്ചുവരിക. തുടര്‍ന്ന് ഡ്രൈവര്‍ നിസ്‌കരിച്ചശേഷമാണു സമ്മേളനനഗരിയിലേക്കു യാത്ര തിരിച്ചത്. കണ്ണിയത്തിന്റെ 'യാ വദൂദ്.. യാ വദൂദ്...' എന്ന പ്രാര്‍ഥനയ്ക്ക് ഇരുകരങ്ങളും നാഥനിലേക്കുയര്‍ത്തി ആമീന് ചൊല്ലാന്‍ ജനലക്ഷങ്ങളാണ് സമ്മേളനങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നത്.
ജനങ്ങളുടെ കണ്ണുനീരിനും പ്രയാസങ്ങള്‍ക്കും ബുദ്ധിമുട്ടിനും അറുതിവരുത്തുന്ന അനുഭവങ്ങളാണ് കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ചരിത്രം വിളിച്ചോതുന്നത്. 1961ല്‍ ചാലിയാര്‍ പുഴ കവിഞ്ഞൊഴുകി വെള്ളപ്പൊക്കമുണ്ടായ സന്ദര്‍ഭത്തില്‍ നാട്ടുകാര്‍ നാടുംവീടും വിട്ട് അന്യനാട്ടിലേക്ക് പലായനം ചെയ്ത അവസരത്തില്‍ അവരുടെ സങ്കടം മനസിലാക്കി ശിഷ്യന്മാരെയും കൂട്ടി തോണിയില്‍ പോയി പ്രാര്‍ഥന നടത്തിയ സംഭവമുണ്ടായി. ഇതോടെ നാടിനു ഭീഷണിയുയര്‍ത്തിയ ജലം പതിയെ താഴുകയുണ്ടായത്രെ. മാട്ടൂലില്‍ ദര്‍സ് നടത്തിയിരുന്ന സമയത്തുണ്ടായതു മറ്റൊരു സംഭവം. നാട്ടില്‍ ജനങ്ങള്‍ വെള്ളത്തിന് ബുദ്ധിമുട്ടിയപ്പോള്‍ ഖിബ്‌ലക്കു തിരിഞ്ഞ് അവരുടെ ആവലാതി പടച്ചതമ്പുരാനോട് പച്ചയായി പറഞ്ഞു അദ്ദേഹം. ഉടന്‍ മഴ വര്‍ഷിച്ചു.
ചെറുപ്രായത്തില്‍ തന്നെ സൂക്ഷ്മതയും ദൈവഭക്തിയും കൈമുതലാക്കിയ കണ്ണിയത്ത് ഉസ്താദ് ഒരു കറാഹത്ത് പോലും ചെയ്തിരുന്നില്ല. മത്സ്യം വാങ്ങിയപ്പോള്‍ അധികം നല്‍കിയത് നീ പൊരുത്തപ്പെട്ട് തന്നതാണോ എന്ന് മത്സ്യക്കച്ചവടക്കാരനോട് ആവര്‍ത്തിച്ചുചോദിക്കുമായിരുന്നു. ഒരിക്കല്‍ വീട്ടില്‍ ചായപ്പൊടിയുമായി വന്ന അനുയായിയോട് ഇതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ താങ്കളെ കാണാന്‍ വരുന്നവര്‍ക്കു ചായയുണ്ടാക്കി നല്‍കാനാണെന്നു മറുപടി പറഞ്ഞു. ഉടനടി ഉസ്താദ് തന്റെ പ്രിയപത്‌നിയോട് പറഞ്ഞു; ഇത് നമുക്ക് ഹറാമും ഇവിടെ വരുന്നവര്‍ക്ക് ഹലാലുമാണ്.
തന്റെ ഭാഗത്ത് വല്ല തെറ്റും സംഭവിച്ചാല്‍ 'അഹ്മദിന് തെറ്റുപറ്റി' എന്ന് പറയാന്‍ അദ്ദേഹം ഒട്ടും മടിച്ചില്ല. 1969ല്‍ കണ്ണിയത്ത് ഉസ്താദ് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ അധ്യാപകനായി സേവനം ചെയ്യുന്ന കാലം. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുമായി ഒരു മസ്അലയില്‍ വിയോജിപ്പുണ്ടായി. രണ്ടഭിപ്രായമുള്ള ഒരു മസ്അലയില്‍ ഏതാണു പ്രബലം എന്നതായിരുന്നു തര്‍ക്കം. ദീര്‍ഘനേരം അവരുടെ സ്‌നേഹസംവാദം തുടര്‍ന്നു. രാത്രിയായപ്പോള്‍ കണ്ണിയത്തുസ്താദും കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരും ഉറങ്ങാന്‍ പോയി. ഉറക്കത്തിലേക്കു പ്രവേശിക്കുന്നതിനുമുന്‍പ് ഈ മസ്അല കണ്ണിയത്തുസ്താദിന്റെ മനസില്‍ പ്രശ്‌നമായി തുടര്‍ന്നു. അ ചിന്തയില്‍ അദ്ദേഹം ഉറക്കത്തിലേക്കു വഴുതിവീണു.
രാത്രി രണ്ടുമണി സമയം. കണ്ണിയത്ത് ഉസ്താദ് ഉറക്കത്തില്‍നിന്ന് ഉണര്‍ന്ന് കോട്ടുമല ഉസ്താദ് കിടക്കുന്ന റൂമിലേക്കു നടന്നു. കതകിനു മുട്ടി. ഉറക്കത്തില്‍നിന്നുണര്‍ന്ന കോട്ടുമല ഉസ്താദ് വാതില്‍ തുറന്നു. തുടര്‍ന്ന് കണ്ണിയത്ത് ഉസ്താദ് പറഞ്ഞു:''കോട്ടുമല... നിങ്ങള്‍ പറഞ്ഞതാണ് ശരി. എനിക്കത് ബോധ്യപ്പെട്ടിരിക്കുന്നു. ഞാന്‍ നിങ്ങളോട് ദേഷ്യപ്പെട്ടത് നിങ്ങള്‍ പൊരുത്തപ്പെടണം.''
കണ്ണിയത്ത് ഉസ്താദ് ദാറുല്‍ ഉലൂമില്‍ അധ്യാപകനായി സേവനം ചെയ്യുന്ന കാലത്ത് അദ്ദേഹത്തിന്റെ വയലില്‍ ഊര്‍ച്ച നടക്കുകയായിരുന്നു. കന്നുകളുടെ കൂട്ടത്തില്‍ ബീരാന്‍ കാക്ക എന്ന പേരുള്ള ഒരാളുടെ കന്നുകളും ഉണ്ടായിരുന്നു. എരുമയെ ഉപയോഗിച്ച് ഈര്‍ച്ച നടത്തുന്നത് ദൃഷ്ടിയില്‍പെട്ടപ്പോള്‍ ഉസ്താദ് വിളിച്ചുപറഞ്ഞു:'' ബീരാന്‍ കാക്ക നില്‍ക്കട്ടെ, ഈര്‍ച്ച നടക്കട്ടെ. എരുമയെ പൂട്ടാനും ഈര്‍ച്ചക്കും ഉപയോഗിക്കുന്നത് ശരിയല്ല. അതിനെ പാലിന് വേണ്ടിയാണു വളര്‍ത്തുന്നത്. കന്നു പൂട്ടാനല്ല.''
ഹജ്ജ് കഴിഞ്ഞുവരുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചപ്പോള്‍ ബോംബെ എയര്‍പോര്‍ട്ടിന്റെ ചരിത്രത്തിലാദ്യമായി പരിശോധിക്കാതെ വിട്ട ഒരേയൊരാള്‍ 'മലബാര്‍ ശൈഖാ'യിരുന്ന കണ്ണിയത്ത് ഉസ്താദ് ആയിരുന്നുവെന്ന് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വസ്ത്രമല്ലാതെ മറ്റൊന്നും ഉസ്താദിന്റെ സ്യൂട്ട്‌ക്കേസിലുണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. ഒരിക്കല്‍ പള്ളിയുടെ ഹൗളില്‍ വീണ അന്‍പത് പൈസ വീണ്ടെടുക്കാനുള്ള ഉസ്താദിന്റെ തത്രപ്പാട് കണ്ട ഒരു യുവാവ് അത് എടുത്തുകൊടുത്തു. അപ്പോള്‍ രണ്ടുരൂപ പ്രത്യുപകാരമായി നല്‍കി. അത്ഭുതപ്പെട്ട യുവാവിനോട് ഉസ്താദ് പറഞ്ഞു: ''അന്‍പത് പൈസ ഞാന്‍ ഇവിടെ ഉപേക്ഷിച്ചാല്‍ അതേക്കുറിച്ച് അല്ലാഹു ചോദ്യം ചെയ്യും. പിന്നെ ഈ രണ്ടുരൂപ, അത് നിനക്കുള്ള ഹദ്‌യയാണ്.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."