നമ്മുടെ റിപ്പബ്ലിക്
പക്ഷെ നമുക്കൊത്തു പാടാം...
അല്ലല്ല തോഴരേ ഇത് നമ്മുടെ റിപ്പബ്ലിക്കല്ല
അല്ലേയല്ല, ഇത് നമ്മുടെ റിപ്പബ്ലിക്കല്ല.
അടിയന്തരാവസ്ഥയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കാലത്ത് സിവിക് ചന്ദ്രന്‍ എഴുതിയ കവിതയിലെ വരികളാണിവ. കവിത എഴുതിയകാലത്ത് നിലനിന്ന ജീവിതാവസ്ഥകളുടെ പശ്ചാത്തലത്തില്‍, ഇന്ത്യ എന്ന റിപ്പബ്ലിക്കിന്നു നേരിട്ട അപചയങ്ങളെ ചെറുത്തുനില്‍പിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കുകയായിരുന്നു കവി. അമ്മമാര്‍ മാളോരുടെ മുന്‍പില്‍ കൈനീട്ടുകയും മക്കള്‍ കീറട്രൗസര്‍ വലിച്ചുകുത്തി ധര്‍മപന്തിയിലേക്കോടുകയും പെങ്ങന്‍മാര്‍ ചായ്പിലിരുന്ന് നരയ്ക്കുകയും ചെറുപ്പക്കാര്‍ ആട്ടും തുപ്പുമേറ്റ് തൊഴിയും ചവിട്ടും കൊണ്ട് തടവറയില്‍ പല്ലിറുമ്മല്‍ കൈമാറുകയും ചെയ്യുന്ന കാലത്ത് എങ്ങനെ ഒരു കവിക്ക് നമ്മുടേത് ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കാണെന്ന് പറയാന്‍ കഴിയും? അതിനാല്‍ കവി പാടിക്കൊണ്ടേയിരുന്നു, അല്ലല്ല തോഴരേ ഇത് നമ്മുടെ റിപ്പബ്ലിക്കല്ല, അല്ലേയല്ല...
വിണ്ടും ഒരു റിപ്പബ്ലിക്ക് ദിനം ആഗതമാവുമ്പോള്‍ ഈ കവിത മറ്റൊരര്‍ത്ഥത്തില്‍ പ്രസക്തമാവുന്നു എന്നാണ് തോന്നുന്നത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. പൗരന്മാര്‍ക്ക് വിവേചനലേശമന്യേ ഇന്ത്യയില്‍ ഭരണഘടനാനുസൃതമായി ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തില്‍ ഈ അവകാശത്തെ ഹനിക്കുന്ന നടപടികളിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രിക മുന്നോട്ടുവച്ച കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നത് ശരിതന്നെ. കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുക, അയോധ്യയില്‍ രാമക്ഷേത്രം പണിയുക, ഏക സിവില്‍ കോഡ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ടുവച്ചത് പുതിയ ഒരു ഇന്ത്യ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഈ ദിശയിലേക്കാണ് രാജ്യം സഞ്ചരിക്കുന്നതും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രാജ്യസഭയും പാസാക്കിയ പൗരത്വ ബില്‍. ഇത്തരം നീക്കങ്ങള്‍ സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന സങ്കല്‍പ്പത്തോട് എത്രത്തോളം പൊരുത്തപ്പെടും എന്നതാണ് ആലോചിക്കേണ്ടത്.
ഭരണഘടന വിഭാവനം ചെയ്ത മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ആശയത്തെ തിരുത്തി എഴുതി ഹിന്ദുത്വത്തിന് മേല്‍ക്കൈ ഉണ്ടാവുകയും അന്യമതക്കാരോട് വിവേചനം പുലര്‍ത്തുകയും ചെയ്യുന്ന പുതിയൊരു ഭരണക്രമത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് കാണാനുള്ളത്, കശ്മിര്‍ അതിന്റെ ആദ്യ പരീക്ഷണമായിരുന്നു. പൗരത്വ ബില്‍ കുറേക്കൂടി ആസൂത്രിതമായി ഈ ലക്ഷ്യം നടപ്പാക്കാനുള്ള നീക്കമാണ്. രാജ്യനീതിയുടെ കാര്യത്തില്‍ നിലവിലുള്ള മര്യാദകള്‍ മുഴുവനും ലംഘിക്കുന്ന തരത്തിലാണ് പൗരത്വ നിയമം നടപ്പാക്കുന്നത്. അഭയാര്‍ഥികളുടെ കാര്യത്തില്‍ ചില നൈതിക സമ്പ്രദായങ്ങള്‍ പ്രാബല്യത്തിലുണ്ട്. ഭരണഘടന ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതി ഉറപ്പുനല്‍കുന്നുണ്ട്. ഭൂരിപക്ഷത്തിന്റെയും ജനപിന്തുണയുടെയും ബലത്തില്‍ ഇവ രണ്ടിനെയും അപ്രസക്തമാക്കുകയാണ് ഇന്ത്യ ഗവണ്‍മെന്റ് ചെയ്യുന്നത്.
ഇന്ത്യ വലത്തോട്ട്
ഇന്ത്യ കൃത്യമായും വലത്തോട്ട് നീങ്ങുന്നു എന്നതിന്റെ സൂചനകള്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളില്‍നിന്നെല്ലാം നമുക്ക് മനസിലാക്കാനാവും. ജമ്മു-കശ്മിരില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാവുകയും ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കുകയും നേതാക്കളെ തടവിലാക്കുകയും ചെയ്ത അവസ്ഥയിലും സര്‍ക്കാരും ബി.ജെ.പിയും വാദിച്ചത് കശ്മിര്‍ താഴ്‌വര ശാന്തമാണെന്നാണ്. ഇത് ലോക സമക്ഷം ബോധ്യപ്പെടുത്താന്‍വേണ്ടി യൂറോപ്യന്‍ പാര്‍ലമെന്റിലെ ചില പ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കശ്മിരില്‍ കൊണ്ടുവരികയുണ്ടായി. ഈ എം.പിമാരില്‍ ചിലര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നു. സാമാന്യേന വലതുപക്ഷ പിന്തിരിപ്പന്‍ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന എം.പിമാരുടെ സംഘം കശ്മിരില്‍ സ്ഥിതി ഭദ്രമാണെന്ന സന്ദേശമാണ് പ്രചരിപ്പിച്ചത്. വലതുപക്ഷ രാഷ്ട്രീയത്തെ കൂട്ടുപിടിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഈ നീക്കം പക്ഷെ തിരിച്ചറിയപ്പെട്ടു.
സമാനമായ മറ്റൊരു സംഗതി കൂടി വരാന്‍ പോകുന്നു. വലതുപക്ഷ തീവ്രത പുലര്‍ത്തുന്ന ബ്രസീല്‍ പ്രസിഡന്റിനെ അടുത്ത കൊല്ലത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. ലോകത്തുടനീളം വലതുപക്ഷ തീവ്രരാഷ്ട്രീയത്തിന് മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാന്‍ ശ്രമം നടക്കുകയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതിന് കാര്‍മികത്വം വഹിക്കുകയും ചെയ്യുമ്പോള്‍ ഈ ടീമില്‍ മര്‍മസ്ഥാനത്ത് കളിക്കാനാണ് മോദിയുടെ നീക്കം. അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ട്രംപിനുവേണ്ടി മോദി പ്രചാരണം നടത്തിയത് മറക്കാറായിട്ടില്ല. ആഗോള രാഷ്ട്രീയത്തില്‍ വലതുപക്ഷ തീവ്രതയ്ക്ക് അടിത്തറയുണ്ടാക്കിക്കൊടുക്കാനാണ് മോദിയുടെ ഇന്ത്യ മെനക്കെടുന്നത്. കശ്മിരിലെ 370-ാം വകുപ്പ് എടുത്തുകളയലിന്റെയും പൗരത്വ ബില്ലിലൂടെ മുസ്‌ലിം ന്യൂനപക്ഷത്തെ ആട്ടിപ്പുറത്താക്കുന്നതിന്റെയും രാഷ്ട്രീയം ആഗോളതലത്തില്‍ രൂപപ്പെട്ടു വരുന്ന സ്പര്‍ധയുടെ രാഷ്ട്രീയം തന്നെയാണ്. ഹിറ്റ്‌ലറിന്റെ വംശവെറിയുടെയും മുസ്സോളിനിയുടെ ഫാസിസത്തിന്റെയും നേര്‍ അവകാശികളായി ഇന്ത്യ മഹാരാജ്യം മാറിക്കഴിഞ്ഞു എന്ന് ചുരുക്കം.
ബ്രസീലിയന്‍ പ്രസിഡന്റ് ജയര്‍ ബോല്‍സനാരോ തികഞ്ഞ വലതുപക്ഷ തീവ്രവാദിയാണ്. ബോല്‍സനാരോക്ക് മുമ്പ് പ്രസിഡന്റായിരുന്ന ലുല പൊതുവെ സ്വീകാര്യനായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അഴിമതിക്കുറ്റം ആരോപിക്കപ്പെട്ട് അദ്ദേഹം അറസ്റ്റിലായി. പിന്നീട് പ്രോസിക്യൂട്ടറും ജഡ്ജിയും ഒത്തുകളിച്ച് പ്രസിഡന്റ് ലുലയെ കുരുക്കിലാക്കുകയായിരുന്നു എന്ന വസ്തുത പുറത്തുവന്നുവെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് ഈ ആരോപണം വലതുപക്ഷ രാഷട്രീയത്തിന് ഗുണകരമായി ഭവിക്കുകയായിരുന്നു.
ലുലയും ഇടതുപക്ഷ കക്ഷികളും കടുത്ത ആശയക്കുഴപ്പത്തിലാവുകയും അത് മുതലെടുത്ത് ബോല്‍സനാരോയുടെ നേതൃത്വത്തില്‍ വലതുപക്ഷ ശക്തികള്‍ അധികാരത്തിലേറുകയുമാണുണ്ടായത്. അധികാരമേറ്റെടുത്തത് മുതല്‍ ബോല്‍സനാരോ വലതുപക്ഷ തീവ്ര നടപടികള്‍ ഓരോന്നോരോന്നായി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകളിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്താന്‍ നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചിട്ടുള്ളത്.
വലതുപക്ഷ തീവ്രത വാഴുമ്പോള്‍
സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ തുടങ്ങിയവരോട് കടുത്ത വിവേചനം പുലര്‍ത്തുന്ന ഭരണാധികാരിയാണ് ബോല്‍സനാരോ. പാരിസ്ഥിതിക പ്രവര്‍ത്തകരുമായും അദ്ദഹം തുറന്ന യുദ്ധത്തിലാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ആക്ടിവിസത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഗ്രേറ്റാ തന്‍ബര്‍ഗിനെ അദ്ദേഹം എട്ടുംപൊട്ടും തിരിയാത്ത വികൃതിപ്പെണ്ണ് എന്നാണ് വിശേഷിപ്പിച്ചത്. ബ്രസീലിലെ പൗരാവകാശ പ്രവര്‍ത്തകരും അദ്ദേഹത്തിന്റെ കണ്ണിലെ കരടാണ്. മൂന്ന് വിഭാഗക്കാരെ പ്രീതിപ്പെടുത്താനാണ് അദ്ദേഹത്തിന്റെ കാര്യമായ ശ്രമം, അഗ്രി-ബിസിനസ്സ് ഗ്രൂപ്പായ 'ബീഫ്' ആണ് ആദ്യത്തെ കൂട്ടര്‍. അവര്‍ക്ക് ആമസോണ്‍ കാടുകള്‍ എസ്റ്റേറ്റ് നടത്താന്‍ വിട്ടുകിട്ടണം, എന്നാല്‍ പരമ്പരാഗതമായി കാട്ടില്‍ താമസിക്കുന്ന ആദിവാസികള്‍ അതിനെ എതിര്‍ക്കുന്നു. ആമസോണ്‍ കാടുകള്‍ കൈയേറി വന്‍കിട കാര്‍ഷിക ബിസിനസ്സുകാര്‍ കൃഷി നടത്തുന്നതോടെ പുറത്താക്കപ്പെടുക ബ്രസീലിലെ തദ്ദേശവാസികളായിരുക്കും. കാട് കൈയേറ്റം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതിനാല്‍ പരിസ്ഥിതി പ്രവര്‍ത്തകരും ആമസോണ്‍ വനങ്ങള്‍ കൈയേറുന്നതിന് എതിരാണ്. ഈ എതിര്‍പ്പുകളെയെല്ലാം മറികടന്ന് കാടുകൈയേറ്റത്തിന്ന് ചൂട്ടുപിടിച്ച് കൊടുക്കുകയാണ് വലതുപക്ഷ പിന്തിരിപ്പന്‍ വാദക്കാരനായ ബോല്‍സനാരോ.
അഭയാര്‍ഥികളുടെ കാര്യത്തിലും ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ ബോല്‍സനാരോ തയാറല്ല. യു.എന്‍ ചാര്‍ട്ടറില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങുകയാണുണ്ടായത്; മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ മതില്‍ കെട്ടുന്ന ഡൊണാള്‍ഡ് ട്രംപും ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കി മുസ്‌ലിം ന്യൂനപക്ഷത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെത്തിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്ന നരേന്ദ്ര മോദിയും ബോല്‍സനാരോയില്‍ നിന്ന് ഏറെ വ്യത്യസ്തരല്ല; ആഗോളരാഷ്ട്രീയത്തിലെ പരിഷ്‌കൃത മൂല്യങ്ങള്‍ക്ക് ഒട്ടും അഭിമതനല്ലാത്ത വ്യക്തിയും വലതുപക്ഷ തീവ്രതയുടെയും വംശീയ രാഷ്ട്രീയത്തിന്റെയും വക്താവുമായ ബോല്‍സനാരോയെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടു വരുന്നത് ആകസ്മികതയല്ല തന്നെ. തന്റെ ആദര്‍ശ മാതൃകയെ ആയിരിക്കാം ബ്രസീലിലെ ഈ മുന്‍ സൈനിക മേധാവിയില്‍ നരേന്ദ്ര മോദി കാണുന്നത്.
ബ്രസീലില്‍ പുതിയൊരു രാഷ്ട്രീയക്രമം സ്വപ്നം കാണുകയാണ് ജനങ്ങള്‍. ലുല ഒന്നരക്കൊല്ലത്തെ ജയില്‍വാസത്തിന്നുശേഷം വിമോചിതനായി പുറത്തിറങ്ങി. വിലക്കയറ്റത്തിലും പട്ടിണിയിലും തൊഴിലില്ലായ്മയിലുംപെട്ട് നട്ടം തിരിയുന്ന ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം വ്യാപകമായി സംസാരിക്കുന്നു. വന്‍ ജനക്കൂട്ടമാണ് അദ്ദേഹം സംസാരിക്കുന്ന യോഗങ്ങള്‍ക്ക് എത്തിച്ചേരുന്നത്; ബ്രസീലില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു എന്നാണ് അതിന്റെ അര്‍ഥം. ഇന്ത്യയും സമാന സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഉള്ളി വിലക്കയറ്റം മുതല്‍ നിയമവാഴ്ചയുടെ തകര്‍ച്ചവരെയുള്ള നിരവധി പ്രശ്‌നങ്ങള്‍; പക്ഷേ ഇത്തരം ജനകീയ പ്രശ്‌നങ്ങളെ മുഴുവനും മതാഭിമാനത്തിന്റെ കാര്‍ഡു കാണിച്ചു നിരാകരിക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. അതിലദ്ദേഹം വിജയിക്കുന്നു എന്നതാണ് രാജ്യത്തിന്റെ നിര്‍ഭാഗ്യം
ജയിലിലിരുന്നെഴുതിയ തന്റെ കവിത പിന്നീട് സിവിക് ചന്ദ്രന്‍ ഇങ്ങനെ തിരുത്തുകയുണ്ടായി..
ഒരിക്കല്‍
ഭാവിയിലെപ്പോഴെങ്കിലുമൊരിക്കല്‍
നാം വെറും ഇന്ത്യക്കാര്‍-
നാഗനും കശ്മീരിയും സിഖും മുസ്‌ലീമും
ദളിതനും സ്ത്രീയും ഗ്രാമീണനും കര്‍ഷകനും
ചെരുപ്പ്കുത്തിയും തോട്ടിയും വയറ്റാട്ടിയും
ആദിവാസിയുമഭയാര്‍ത്ഥിയും പ്രവാസിയും ചേര്‍ന്നീ
നമ്മുടെ സ്വന്തം ഇന്ത്യയെ വീണ്ടെടുക്കും
മൂന്നല്ല മുന്നൂറു ദിനങ്ങളില്‍ നാം നമ്മുടെ
പുതിയ ദേശീയ പതാക തുന്നും
ഏഴല്ല എഴുന്നൂറു സ്വരങ്ങളില്‍ നാം നമ്മുടെ
പുതിയ ജനഗണമന രചിക്കും
അന്നു നാമൊന്നിച്ചേറ്റുപാടും
നമ്മുടെ റിപ്പബ്ലിക്ക്
നമ്മുടെ സ്വന്തം റിപ്പബ്ലിക്ക്
റിപ്പബ്ലിക്ക് ദിനത്തെ നമുക്ക് ഇങ്ങനെ വരവേല്‍ക്കാമോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."