ഇന്ത്യ വീണ്ടും വിഭജിക്കപ്പെട്ട കാളരാത്രി
എഴുപത്തിരണ്ട് വര്‍ഷം മുന്‍പാണ് സ്വതന്ത്ര ഇന്ത്യ ആദ്യമായി വിഭജിക്കപ്പെടുന്നത്. 2019 ഡിസംബര്‍ 11ന് ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാര്‍മികത്വത്തില്‍ ഇന്ത്യന്‍ ജനതയെ ഇന്നലെ രാജ്യസഭയില്‍ വീണ്ടും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. നേരത്തെ ലോക്‌സഭയില്‍ ഇതിന്റെ ഒന്നാംഘട്ടം അമിത് ഷാ പൂര്‍ത്തിയാക്കിയതായിരുന്നു. പാകിസ്താന്‍ എന്ന രാജ്യം ഉണ്ടായിട്ടും ജന്മം നല്‍കിയ ഭൂമിയോടുള്ള കൂറും ദേശസ്‌നേഹവുമാണ് ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായിട്ടും മുസ്‌ലിംകളെ ഇന്ത്യയില്‍തന്നെ പിടിച്ചുനിര്‍ത്തിയത്. അതാണിപ്പോള്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നത്. ഇത് നിലനില്‍ക്കുകയില്ലെന്നും സുപ്രിംകോടതിയില്‍ ഇത് തള്ളിപ്പോകുമെന്നും പറയപ്പെടുന്നുണ്ട്. അതൊരു പ്രതീക്ഷ മാത്രമാണ്. സമീപകാലത്ത് സുപ്രിംകോടതിയില്‍നിന്ന് വന്ന വിധിപ്രസ്താവങ്ങളൊന്നും മുസ്‌ലിം ന്യൂനപക്ഷത്തിന് ആശ്വാസം നല്‍കുന്നതായിരുന്നില്ല. ഇന്ത്യ-പാക് വിഭജനത്തിന്റെ പഴിയും നൊമ്പരവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ വീണ്ടും അപരവല്‍ക്കരിക്കുന്ന കര്‍മത്തിന് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നാന്ദികുറിക്കുകയും ഇന്നലെ അതിന്റെ അവസാനത്തെ ആണി രാജ്യസഭയില്‍ അടിച്ച്തീര്‍ക്കുകയും ചെയ്തിരിക്കുന്നു.
മതകീയ ധ്രുവീകരണം ലക്ഷ്യംവച്ച് പാസാക്കിയ പൗരത്വ നിയമ ഭേദഗതിയിലൂടെ സംഘ്പരിവാര്‍ വര്‍ഷങ്ങളിലൂടെ എന്ത് ആഗ്രഹിച്ചിരുന്നുവോ അത് നടപ്പായിരിക്കുകയാണ് ഇന്നലത്തെ ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിലൂടെ.
രാജ്യം ഇന്നലത്തോടുകൂടി മതനിരപേക്ഷ രാഷ്ട്രമെന്ന മഹിത പാരമ്പര്യത്തില്‍നിന്ന് പുറത്തായിരിക്കുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് ഇത്തരം വര്‍ഗീയ ധ്രുവീകരണങ്ങളില്‍ മാത്രം ശ്രദ്ധയര്‍പ്പിച്ച് ബി.ജെ.പി ഭരണകൂടംപോരുന്നത്. 2024ലോട് കൂടി രാജ്യമൊട്ടാകെ പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയാക്കുമെന്ന് അമിത് ഷാ പറഞ്ഞതിന്റെ സാരാംശവും മറ്റൊന്നല്ല. പൗരത്വ ഭേദഗതിബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത് അടുത്തത് ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കലാണെന്നായിരുന്നു. അപകടം മുഴുവന്‍ ഒളിഞ്ഞിരിക്കുന്നതും അതിലാണ്താനും.
ലോക്‌സഭയില്‍ പൗരത്വ ഭേദഗതിബില്‍ പാസായതിനെതുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യക്കെതിരേ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ബില്ലിനെ നേരത്തെ അനുകൂലിച്ചിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ പട്ടാളത്തെ വിന്യസിച്ചിരിക്കുകയാണ്. ഇന്ത്യയുടെ തെറ്റായ ദിശയിലുള്ള അപകടകരമായ വ്യതിയാനമെന്നായിരുന്നു അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് ഫെഡറേഷന്‍ കമ്മിഷന്‍ പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞത്. അമിത് ഷാക്കും ബി.ജെ.പിയുടെ പ്രധാന നേതാക്കള്‍ക്കും യു.എസ് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭരണകൂടത്തോട് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. പുറമെ യൂറോപ്യന്‍ യൂനിയനും യു.എന്‍.ഒയും ഇന്ത്യയുടെ മതകീയ വിഭജനത്തിനെതിരേ രംഗത്ത് വന്നിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലുണ്ടായ ഈ എതിര്‍പ്പുകളൊന്നും ബി.ജെ.പിയെ ജനങ്ങളെ വര്‍ഗീയമായി വിഭജിക്കുന്ന അജണ്ടയില്‍നിന്ന് പിന്തിരിപ്പിച്ചില്ല.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയാണ് ഇവിടെ പിച്ചിച്ചീന്തിയിരിക്കുന്നത്. ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറഞ്ഞതാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ എന്നും അതാണ് നടപ്പാക്കുന്നതെന്നും പറയുന്ന അമിത് ഷാ ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ തൊഴിലില്ലാത്ത യുവാക്കള്‍ക്കെല്ലാം അഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ അച്ഛാദിന്‍, കള്ളപ്പണം പിടിച്ചെടുക്കല്‍, എല്ലാ കള്ളപ്പണവും പിടിച്ചെടുത്ത് രാജ്യത്തെ പാവപ്പെട്ടവന്റെ അക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം നിക്ഷേപിക്കല്‍, ദാരിദ്ര്യം ഇല്ലാതാക്കല്‍ ഇതില്‍ ഒരെണ്ണമെങ്കിലും സംഘ്പരിവാര്‍ സര്‍ക്കാര്‍ നടപ്പിലാക്കിയോ.
ജനങ്ങളെ മതപരമായി വിഭജിച്ചു ഹിന്ദുത്വ രാഷ്ട്രനിര്‍മിതിക്ക് വേണ്ടിയുള്ള കളമൊരുക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. രാജ്യത്തെ പട്ടിണിയും വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയും അവരെ അലട്ടുന്നില്ല. ഇതില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് പ്രധാന അജണ്ട. അതാണ് ദേശീയ പൗരത്വ നിയമഭേദഗതി ബില്‍. ബി.ജെ.പിയുടെ ഈ കുത്സിതനീക്കങ്ങള്‍ക്കൊക്കെയും മതേതരത്വത്തിന്റെ മുഖംമൂടിയണിഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നു. അധികാരമാണ് ജെ.ഡി.യുവിനെപ്പോലുള്ള രാഷ്ട്രീയ നെറികേടിന്റെ ആള്‍രൂപമായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെപ്പോലുള്ള അണ്ണാ ഡി.എം.കെപ്പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും നിലപാടുകള്‍. അധികാരം നിലനിര്‍ത്താനും അഴിമതി കുരുക്കില്‍നിന്ന് രക്ഷപ്പെടാനുമായി സമൂഹത്തെ മുഴുവന്‍ കുരുതിക്ക് കൊടുക്കുന്നതിന് ഈ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ക്കൊന്നും യാതൊരു മനഃസാക്ഷിക്കുത്തും ഇല്ല.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി ബംഗാളില്‍ പൗരത്വ നിയമവും പൗരത്വ പട്ടികയും നടപ്പാക്കുകയില്ലെന്ന് തുറന്ന്പറഞ്ഞു. കേരള മുഖ്യമന്ത്രി ഇതുവരെ ഈ മാരകബില്ലിനെതിരേ ശക്തമായി പ്രതികരിച്ചിട്ടില്ല. യു.എ.പി.എ എന്ന നിയമത്തിനെതിരേ സി.പി.എം കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഒന്നിച്ചെതിര്‍ത്ത് നിരാകരിച്ചതാണ്. മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരുന്ന രണ്ട് വിദ്യാര്‍ഥികളായ സി.പി.എം പ്രവര്‍ത്തകരെ പുസ്തകം സൂക്ഷിച്ചു എന്നതിന്റെ പേരില്‍ യു.എ.പി.എ നിയമംവെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ അത് കേന്ദ്രസര്‍ക്കാരിന്റെ നിയമമാണ്, നടപ്പാക്കാതെ തരമില്ലെന്ന് പറഞ്ഞ ആളാണ് നമ്മുടെ മുഖ്യമന്ത്രി. ദേശീയ പൗരത്വ നിയമം കേന്ദ്രസര്‍ക്കാരിന്റെ നിയമമാണ് നടപ്പാക്കാതെ തരമില്ലെന്ന് ഈ മുഖ്യമന്ത്രി നാളെ പറയുകയില്ലെന്നതിന് ഒരു ഉറപ്പുമില്ല.
ദേശീയ പൗരത്വ നിയമഭേദഗതിയില്‍ മുസ്‌ലിംകള്‍ ഭയപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ പൗരന്മാരായ മുസ്‌ലികള്‍ക്ക് ഇതില്‍ ഭയപ്പെടാനില്ലെന്നുമാണ് അമിത്ഷാ പറയുന്നത്. ഇത് പച്ചക്കള്ളമാണ്. ഇതിന് പിന്നാലെവരുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുമ്പോള്‍ ഞാന്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കേണ്ട ബാധ്യത ഓരോ മുസ്‌ലിമിന്റെയും ചുമലിലാണ് വന്നുവീഴുക. തലമുറകളായി ഈ നാട്ടില്‍ ജനിച്ചു മരിച്ചവരുടെ പിന്മുറക്കാര്‍ പൗരത്വം തെളിയിക്കാന്‍ പാടുപെടേണ്ടിവരുന്ന ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കുടിയേറിയ ഇതരമതസ്ഥര്‍ക്ക് അത്തരം ബാധ്യത ഇല്ലാതെവരികയും ഇന്ത്യന്‍ പൗരന്മാരായ മുസ്‌ലിംകള്‍ കുടിയേറിയവരല്ലെന്ന് തെളിയിക്കേണ്ടിവരികയും ചെയ്യുന്ന ഒരവസ്ഥയെ ആശങ്കയോടെയല്ലാതെ പിന്നെ എങ്ങനെയാണ് വീക്ഷിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."