ഗിന്നസിലേറാന്‍ ശിങ്കാരിമേളം 2,500 കലാകാരന്‍മാര്‍ അണിനിരക്കും
തൃശൂര്‍: മേളപ്പെരുക്കം കേട്ട് കോരിത്തരിച്ച തേക്കിന്‍കാട് 14ന് പഞ്ചാരി താളത്തില്‍ ആടിയുലയും. ഇടന്തലയും വലന്തലയും പെരുക്കി 2,500 കലാകാരന്‍മാരാണ് ഗിന്നസ് ലക്ഷ്യമിട്ട് തെക്കേ ഗോപുര നടയില്‍ ശിങ്കാരിമേളത്തിന്റെ പൂരം തീര്‍ക്കുന്നത്.
ശിങ്കാരിമേളം വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ഇത്രയും കലാകാരന്‍മാര്‍ അണിനിരക്കുന്ന ശിങ്കാരി മേളം. ഗിന്നസ് പ്രതിനിധികളെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്. വൈകിട്ട് നാലിന് തെക്കേഗോപുരനടയില്‍ ഒരുക്കിയിരിക്കുന്ന ശിങ്കാരിപ്പൂരത്തിന് സാക്ഷ്യംവഹിക്കാന്‍ അവരുമെത്തും.
ഒരുമണിക്കൂര്‍ കൊട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള ശിങ്കാരിമേള കലാകാരന്‍മാരുടെ പങ്കാളിത്തം ശിങ്കാരിപൂരത്തിലുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകളും മേളത്തിന്റെ ഭാഗമാകും. ഓരോ ജില്ലകളിലും ഗിന്നസ് പ്രകടനത്തിലേക്കുള്ള ശിങ്കാരിമേളത്തിന്റെ പരിശീലനം നടന്നുവരികയാണ്. പുതിയ രീതികളിലുള്ള ശിങ്കാരിമേളത്തിനുപകരം പഴയ സാമ്പ്രദായിക രീതിയിലുള്ള എറണാകുളം താളത്തിലായിരിക്കും മേളം അവതരിപ്പിക്കുക.
സമാപന സമ്മേളനം തെക്കേഗോപുരനടയില്‍ വൈകിട്ട് നാലിന് ചീഫ് വിപ്പ് കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നാടന്‍ പാട്ട് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന നാട്ടുപാട്ട് രാവ് ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് പൊന്നന്‍, സനീഷ് ആട്ടം, അയ്യപ്പദാസ്, മണിക്കുട്ടന്‍, ബാലന്‍ ഹരിശ്രീ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."