ജങ്ക് ഫുഡ് നിരോധനം കടലാസില്‍ മാത്രം; സ്‌കൂള്‍ പരിസരത്ത് സുലഭം
കാസര്‍കോട്: സ്‌കൂളുകളുടെ പരിസരത്ത് ജങ്ക് ഫുഡ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പായില്ല. കഴിഞ്ഞ മാസമാണ് സ്‌കൂള്‍ കാന്റീനുകളിലും സ്‌കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡ് നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കിയത്. ഡിസംബര്‍ ഒന്നുമുതല്‍ നിരോധനം പ്രാബല്യത്തില്‍വരുമെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍, സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഓഫിസില്‍ ഇതുസംബന്ധിച്ച അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. നിരോധനം സംബന്ധിച്ച് വാര്‍ത്തകളിലൂടെയുള്ള അറിവ് മാത്രമാണുള്ളതെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫിസുകളിലാണെങ്കില്‍ നിരോധനത്തെപ്പറ്റി കേട്ടുകേള്‍വി പോലുമില്ല.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിരോധനം സംബന്ധിച്ച അറിയിപ്പ് നല്‍കേണ്ടത്. എന്നാല്‍, ഉത്തരവിറങ്ങി ഒരുമാസം കഴിഞ്ഞിട്ടും ഔദ്യോഗികമായി അറിയിപ്പ് ലഭിക്കാത്തതാണ് സംസ്ഥാനത്ത് നിരോധനം നടപ്പാവാതിരിക്കാന്‍ കാരണം. ഇപ്പോഴും സംസ്ഥാനത്തെ സ്‌കൂളുകളുടെ പരിസരങ്ങളില്‍ ചിപ്‌സ്, സമൂസ അടക്കമുള്ള ജങ്ക് ഫുഡുകള്‍ സുലഭമാണ്. ഇത് ലഭ്യമാക്കുന്ന കടയുടമകള്‍ക്ക് ബോധവല്‍ക്കരണം നടത്തുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.
നിലവില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ ഭക്ഷണശീലത്തെപ്പറ്റി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തനം തുടരുന്നുണ്ടെന്നല്ലാതെ നിരോധനവുമായി ബന്ധപ്പെട്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
കേന്ദ്രത്തിന്റെ അറിയിപ്പ് ലഭിച്ചാല്‍ തന്നെ ഉത്തരവ് നടപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്നതിനാല്‍ നിരോധനം നിലവില്‍വരാന്‍ ഇനിയും കാലതാമസം ഉണ്ടാവാനാണ് സാധ്യത. ഭക്ഷ്യസുരക്ഷാ വകുപ്പിന് മാത്രമായി നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്. പൊലിസ്, നാര്‍കോട്ടിക്‌സ് വിഭാഗങ്ങളുമായി ചേര്‍ന്ന് മാത്രമേ നടപടി സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് ജങ്ക് ഫുഡുകള്‍ സ്‌കൂള്‍ കാന്റീനിലും പരിസരത്തും നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ ഉത്തരവിറക്കിയത്. ഹോസ്റ്റല്‍ മെസുകള്‍ക്കും നിരോധനം ബാധകമാണ്. പൊണ്ണത്തടി, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് ജങ്ക് ഫുഡ് കാരണമാകുന്നുണ്ടെന്ന് വിവിധ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."