എം.ജി സര്‍വകലാശാല കൈയൊഴിഞ്ഞ സ്വാശ്രയ കോളജുകള്‍ നിശ്ചലം: വിദ്യാര്‍ഥികളും ജീവനക്കാരും ആശങ്കയില്‍
കോട്ടയം :എം.ജി സര്‍വകലാശാല നേരിട്ട് നടത്തി വന്നിരുന്ന സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളുടെ പ്രവര്‍ത്തനം നിശ്ചലമായി . കോളജുകളുടെ നടത്തിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിക്ക് കീഴിലായതോടെയാണ് ഇവയുടെ പ്രവര്‍ത്തനം അവതാളത്തിലായത്.
കോളജുകളുടെ ചുമതല കൈമാറ്റം കഴിഞ്ഞ മാസം 20 മുതല്‍ പ്രാബല്യത്തിലായെങ്കിലും അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇനിയും തീരുമാനമായിട്ടില്ല. കോഴ്‌സുകളുടെ നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും വ്യക്തമായ തീരുമാനങ്ങളില്ല.
എം.ജി സര്‍വകലാശാല നിയമിച്ച അധ്യാപകരും ജീവനക്കാരും സൊസൈറ്റിക്ക് കീഴിലുള്ള കോളജുകളില്‍ ജോലി ചെയ്യാന്‍ തയാറാവാത്തതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇതോടെ നഴ്‌സിങ്, ഫാര്‍മസി, എന്‍ജിനീയറിങ് അടക്കമുള്ള കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി തുലാസിലായി. ഇവിടങ്ങളിലേക്ക് വിരമിച്ച അധ്യാപകരെ നിയമിക്കുമെന്നാണ് സൊസൈറ്റി അധികൃതര്‍ പറയുന്നതെങ്കിലും ഇതു സംബന്ധിച്ച് നടപടിയില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി എവിടെയും ക്ലാസുകള്‍ നടക്കുന്നില്ല.
ബി.എഡ്, എന്‍ജിനീയറിങ് കോളജുകള്‍ വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്ഥാപനങ്ങള്‍ തുടര്‍ന്നും നടത്തിക്കൊണ്ട് പോകുന്നത് അധിക ബാധ്യതയാകുമെന്നും കാരണം പറഞ്ഞാണ് നടത്തിപ്പില്‍ നിന്ന് എം.ജി സര്‍വകലാശാല പിന്മാറിയത്. കൂടാതെ സര്‍വകലാശാലയുടെ അധീനതയില്‍ അഞ്ചു ജില്ലകളിലായുണ്ടായിരുന്ന 650 കോടി രൂപയുടെ ആസ്തികളും സൊസൈറ്റിക്ക് കൈമാറി.
ഇതോടൊപ്പം 29 സ്ഥാപനങ്ങളും, 20 കോടിയോളം രൂപയും സൊസൈറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇതോടെ സര്‍വകലാശാലയുടെ ആസ്തി 101 ഏക്കറായി ചുരുങ്ങും. എം.ജി സര്‍വകലാശാല നേരിട്ട് നടത്തുന്ന കോളജുകള്‍ എന്ന നിലയ്ക്കാണ് സ്വാശ്രയ കോഴ്‌സുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ ആകര്‍ഷിക്കപ്പെട്ടത്. ഇവിടെ നിന്ന് നല്‍കിയിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം ഏറെ സ്വീകാര്യവുമായിരുന്നു.
ഇതിനിടെ എം.ജി സര്‍വകലാശാലയില്‍ നിന്നു സ്വാശ്രയസ്ഥാപനങ്ങള്‍ വേര്‍പ്പെടുത്തി രൂപീകരിച്ച സൊസൈറ്റിക്ക് സര്‍വകലാശാലാ ഫണ്ടില്‍ നിന്നു 50 കോടിരൂപ കൈമാറാനുള്ള സിന്‍ഡിക്കേറ്റ് നീക്കത്തിനെതിരേ എം.ജി എംപ്ലോയിസ് യൂനിയന്‍ പ്രതിഷേധ സമരം തുടരുകയാണ്. ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗം ഉപരോധിച്ചിരുന്നു.
പുതിയ സൊസൈറ്റിക്ക് സര്‍വകലാശാലയുമായി യാതൊരു ബന്ധവുമില്ലാതിരിക്കെ സൊസൈറ്റിക്ക് ഭീമമായ തുക നല്‍കേണ്ടതില്ലെന്നാണ് യൂനിയന്‍ പറയുന്നത്. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് 2014 മുതല്‍ പെന്‍ഷന്‍ ലഭിച്ച ജീവനക്കാര്‍ക്ക് കുടിശിക ഇനത്തില്‍ മാത്രം 12 കോടി രൂപ നല്‍കാനുണ്ട്.
പ്രതിമാസ ശമ്പളവും പെന്‍ഷനും നല്‍കാനായി സര്‍ക്കാര്‍ ഗ്രാന്റ് കൂടാതെ മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിനിടെയാണ് സര്‍വകലാശാലയുടെ ഈ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."