വനംവകുപ്പ് നിരപരാധികളെ പീഡിപ്പിക്കുന്നുവെന്ന് ആരോപണം
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയില്‍ സ്വകാര്യ തോട്ടങ്ങളുടെ അതിരില്‍ കെണിയില്‍പ്പെട്ട് പുലി ചത്ത സംഭവത്തില്‍ വനം ഉദ്യോഗസ്ഥര്‍ നിരപരാധികളെ പീഡിപ്പിക്കുന്നതായി പരാതി. ഇതിനെതിരേ തദ്ദേശവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. വനം ഉദ്യോഗസ്ഥര്‍ നിരപരാധികളെ പീഡിപ്പിക്കുന്നതു അവസാനിപ്പിക്കാനും കള്ളക്കേസുകള്‍ പിന്‍വലിക്കാനും തയാറായില്ലെങ്കില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെ സമരപരിപാടികള്‍ക്കു ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വം നല്‍കുമെന്ന് ചെയര്‍മാന്‍ ടി.ജെ ബാബുരാജ്, വൈസ് ചെയര്‍മാന്‍ രാജു ഹെജമാടി, കണ്‍വീനര്‍ കെ. രാജീവ്, ജോയിന്റ് കണ്‍വീനര്‍മാരായ എ.ബി വിനോദന്‍, വി.എസ് ബെന്നി, സി.എ ഏലിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കുമെന്നു അറിയിച്ചു.
ഡിസംബര്‍ രണ്ടിനാണ് പ്രദേശത്ത് പുലിയെ ചത്തനിലയില്‍ കണ്ടത്. ഇതിനു പിന്നാലെ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കയാണ് വനം ഉദ്യോഗസ്ഥര്‍. പുലി ചത്തതുമായി ബന്ധപ്പെട്ട് ചെത്തുതൊഴിലാളി നെല്ലിമാളം തേന്‍കുന്നേല്‍ സുനിഷിനെ(32) അറസ്റ്റ് ചെയ്തു.
തദ്ദേശവാസികളില്‍ ചിലരെ രാത്രി വീടുകളില്‍ നിന്നു പിടിച്ചിറക്കി ഫോറസ്റ്റ് ഓഫിസിലെത്തിച്ചു ഭീഷണപ്പെടുത്തി. ഇക്കൂട്ടത്തില്‍ പ്രായംചെന്ന ഒരാള്‍ തളര്‍ന്നുവീണു. കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ഇദ്ദേഹത്തിനു കഴിയേണ്ടിവന്നു. പുലി ചത്ത കേസില്‍ തോട്ടം ഉടമകളെയും വനം ജീവനക്കാര്‍ വേട്ടയാടുകയാണ്. കെണിവച്ചതില്‍ സുനീഷിന് അറിവില്ലെന്നാണ് അമ്മ തങ്കമ്മയും കുടുംബാംഗങ്ങളും പറയുന്നത്. ആരോ നല്‍കിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലും വിശദാന്വേഷണം നടത്താതെയുമാണ് സുനീഷിനെ അറസ്റ്റ് ചെയ്തത്. രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നു സുനീഷ് കോടതിയില്‍ മൊഴി നല്‍കിയതായാണ് വിവരം.
വന്യജീവി ശല്യം അതിരൂക്ഷമാണ് തൃക്കൈപ്പറ്റയിലും സമീപ പ്രദേശങ്ങളിലും. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന മൃഗങ്ങള്‍ വന്‍ കൃഷിനാശമാണ് വരുത്തുന്നത്. പുലിശല്യം ജനങ്ങളുടെ സൈ്വരജീവിതം കെടുത്തുകയാണ്. ഇതിനു പരിഹാരം കാണാന്‍ വനം വകുപ്പ് തയാറാകുന്നില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."