തസ്തിക നിര്‍ണയത്തില്‍ അപാകത: തെറ്റുതിരുത്തി അധ്യാപക ബാങ്ക് നവീകരിക്കുന്നു
മലപ്പുറം: സമയബന്ധിതമായി പൂര്‍ത്തിയായ തസ്തിക നിര്‍ണയത്തിലും അധ്യാപക ബാങ്ക് തയാറാക്കിയതിലും അപാകത. ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യതയില്ലാത്തവരെ ഒഴിവാക്കിയും കൂട്ടിച്ചേര്‍ക്കേണ്ടവരെ ഉള്‍പ്പെടുത്തിയും അധ്യാപക ബാങ്ക് നവീകരിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.
2017-18 വര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക തസ്തിക നിര്‍ണയം ജൂലൈ 15നാണ് അവസാനിച്ചത്. ഇതിനു ശേഷമാണ് അധ്യാപകരെ പരമാവധി മാതൃവിദ്യാലയത്തില്‍ തന്നെ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി അധ്യാപക-വിദ്യാര്‍ഥി അനുപാതം 1: 40 ആയി സര്‍ക്കാര്‍ പുനഃക്രമീകരിച്ചത്.
15ന് മുന്‍പ് പുനര്‍വിന്യസിക്കപ്പെട്ട ഇത്തരം അധ്യാപകരെ ഈ ഘട്ടത്തില്‍ അധ്യാപക ബാങ്കില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം. നേരത്തെ തയാറാക്കിയ ലിസ്റ്റില്‍ ചേര്‍ക്കാന്‍ വിട്ടുപോയവരെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. സംരക്ഷണത്തിന് അര്‍ഹതയുള്ള റഗുലര്‍ സ്‌പെഷലിസ്റ്റ് അധ്യാപകര്‍ക്ക് തസ്തിക നഷ്ടമായാല്‍ അവരുടെ പേര് വിവരങ്ങള്‍ അധ്യാപക ബാങ്കില്‍ ഉള്‍പ്പെടുത്തരുതെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒഴികെയുള്ള ജില്ലകളുടെയും അധ്യാപക ബാങ്കില്‍ റെഗുലര്‍ സ്‌പെഷലിസ്റ്റ് അധ്യാപകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സപെഷലിസ്റ്റ് അധ്യാപകരുടെയും സി.ആര്‍.സി കോര്‍ഡിനേറ്റര്‍മാരുടെയും കാര്യങ്ങള്‍ കണ്ണൂര്‍ ജില്ല മാത്രമാണ് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളത്. അധ്യാപക ബാങ്കിലെ തെറ്റുതിരുത്താനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഇന്നുമുതല്‍ ഒന്‍പതുവരെയാണ് സമയം.
ഇതിനായി ഐ.ടി അറ്റ് സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിസ്റ്റിലെ ഒഴിവാക്കല്‍, കൂട്ടിച്ചേര്‍ക്കല്‍, എഡിറ്റിങ് ജോലികള്‍ ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എട്ടിന് പൂര്‍ത്തിയാക്കണം. മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി അന്തിമ അധ്യാപക ബാങ്ക് പത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."