ബി.ജെ.പി വ്യാജ രസീത് പണപ്പിരിവ്: വിവരം പുറത്തുവിട്ടെന്ന് ആരോപിച്ച് അധ്യാപകനു മര്‍ദനം
വടകര: കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിന് വ്യാജ രസീതുണ്ടാക്കി പണം പിരിച്ച വിവരം പുറത്തുവിട്ടെന്ന് ആരോപിച്ച് കോളജ് അധ്യാപകനെ ബി.ജെ.പി നേതാക്കള്‍ മര്‍ദിച്ചതായി പരാതി. ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളജ് അധ്യാപകനും ബി.ജെ.പിയുടെ പ്രാദേശിക നേതാവുമായ ശശികുമാറിനാണ് മര്‍ദനമേറ്റത്.
വ്യാജ രസീത് പുറത്തായത് അധ്യാപകന്‍ മുഖേനയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ 15 പേര്‍ക്കെതിരേ പയ്യോളി പൊലിസ് കേസെടുത്തു. ബി.ജെ.പി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ക്കെതിരേയാണ് ശശികുമാര്‍ പരാതി നല്‍കിയത്. എം.എച്ച്.ഇ.എസ് കോളജിന് നല്‍കിയ സംഭാവനയുടെ വ്യാജ രസീത് ശശികുമാര്‍ വഴി മാധ്യമങ്ങള്‍ക്ക് ലഭിച്ചതായി പറഞ്ഞായിരുന്നു ഭീഷണിയും മര്‍ദനവും. പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റ് പ്രതിനിധികളുടേയും അടുത്തിരിക്കുമ്പോഴാണ് മര്‍ദിച്ചത്. കഴുത്തിന് പിടിച്ച് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. മൂന്നു മണിക്കൂറോളം തടഞ്ഞുവച്ച സംഘം തന്നെ മര്‍ദിച്ച ശേഷം വെള്ളക്കടലാസില്‍ ഒപ്പിട്ട് വാങ്ങിയാണ് മടങ്ങിയതെന്നും ശശികുമാര്‍ പറഞ്ഞു.
ദേശീയ കൗണ്‍സിലിന്റെ നടത്തിപ്പിനായി പണം സമാഹരിക്കുന്നതിന് വ്യാജ രസീത് അടിച്ചതിന്റെ തെളിവുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. വടകരയിലെ പ്രസിലാണ് രസീത് അച്ചടിച്ചതെന്നാണ് വിവരം. 2016 സെപ്റ്റംബര്‍ 23,24,25 തിയതികളിലായിരുന്നു ബി.ജെ.പി ദേശീയ കൗണ്‍സില്‍ നടന്നത്.
ബി.ജെ.പിയുടെ വില്ല്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അംഗവും മയ്യന്നൂര്‍ ബൂത്ത് കമ്മിറ്റിയുടെ പ്രസിഡന്റുമാണ് ശശികുമാര്‍. താന്‍ വഴി രസീത് പുറത്ത് പോയിട്ടില്ലെന്ന നിലപാടിലാണ് ശശികുമാര്‍. മര്‍ദനവും ഭീഷണിയും കോളജില്‍വച്ച് നടന്നതിനാല്‍ ഇയാളെ കോളജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."