സി.പി.എം നാളെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും
തിരുവനന്തപുരം: പൗരത്വ ബില്ലിനെതിരേ നാളെ സി.പി.എം നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തും. ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കും.
മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണ് പൗരത്വ ഭേദഗതി നിയമം. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ആര്‍.എസ്.എസ് പദ്ധതിയുടെ ഭാഗമാണിത്. അതുകൊണ്ടു തന്നെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഭേദഗതി നിയമത്തെ എതിര്‍ത്ത് തോല്‍പിക്കാനും ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
ഭരണഘടനയിലെ 14ാം വകുപ്പിന്റെ നഗ്‌നമായ ലംഘനം കൂടിയാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന പ്രഖ്യാപനം. അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് ഭേദഗതിയെങ്കില്‍ എന്തുകൊണ്ട് മ്യാന്‍മറിലെ റോഹിംഗ്യകള്‍ക്കും പാകിസ്താനിലെ ശീഈ, അഹമ്മദീയ വിഭാഗങ്ങള്‍ക്കും ശ്രീലങ്കയിലെ തമിഴര്‍ക്കും നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇത് ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ടെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."