നെടുമ്പാശ്ശേരിയില്‍ 1.65 കോടിയുടെ എഫ്രഡിനുമായി യുവാവ് പിടിയില്‍
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട.
1.65 കോടി രൂപ വിലമതിക്കുന്ന അതീവ മാരകമായ എഫ്രഡിനുമായി യുവാവ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ (ഡി.ആര്‍.ഐ) പിടിയിലായി. ജ്യോതിസ് ചാക്കോ (36) ആണ് അറസ്റ്റിലായത്.
ക്രിസ്റ്റല്‍ രൂപത്തിലുള്ള എഫ്രഡിന്‍ സംസ്‌കരിച്ച് ഗുളിക രൂപത്തിലും ഇഞ്ചക്ഷന്‍ രൂപത്തിലുമാക്കി രാജ്യാന്തര മാര്‍ക്കറ്റില്‍ എത്തുന്നതോടെ കിലോക്ക് ഒന്നര കോടിയോളം രൂപ നിരക്കില്‍ ഇതിന്റെ വില 82 കോടി രൂപയായി ഉയരും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്രയും വലിയ മയക്കുമരുന്ന് വേട്ട.
എ.കെ 385 നമ്പര്‍ എയര്‍ ഏഷ്യ വിമാനത്തില്‍ കാര്‍ഗോ വഴി ക്വാലലംപൂരിലേക്ക് കടത്താനാണ് മയക്കുമരുന്ന് നെടുമ്പാശ്ശേരിയിലെത്തിച്ചത്. ചെന്നൈയിലെ ഒരു ഏജന്‍സിയുടെ പേരിലാണ് കാര്‍ഗോ ബുക്ക് ചെയ്തിരുന്നത്.ഈ ഏജന്‍സിയിലെ ജീവനക്കാരനാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.
കാര്‍ഗോ കയറ്റിയയക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. 55 കിലോഗ്രാം മയക്കുമരുന്നാണ് പിടിയിലായത്. ബിഗ്‌ഷോപ്പര്‍ കയറ്റി അയക്കുന്നതിന്റെ മറവില്‍ മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.ബിഗ്‌ഷോപ്പറിന്റെ പൈപ്പ് രൂപത്തിലുള്ള ഹാന്റിലിനകത്താണ് എഫ്രഡിന്‍ ഒളിപ്പിച്ചിരുന്നത്. 100 വീതം ബിഗ് ഷോപ്പറുകള്‍ ആറ് പെട്ടികളിലായി പാക്ക് ചെയ്തിരിക്കുകയായിരുന്നു. കാര്‍ഗോ വഴി മയക്കുമരുന്ന് കയറ്റി അയക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ഡി.ആര്‍.ഐക്ക് ലഭിക്കുന്ന വിവരം.
ഇതേതുടര്‍ന്ന് ഡി.ആര്‍.ഐ സംഘം ഇന്നലെ തന്നെ ചെന്നൈയിലേക്ക് തിരിച്ചു. സംഘത്തിലെ കേരളത്തിലെ കണ്ണികളെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."