കെ.പി.സി.സി പുനഃസംഘടന തീരുമാനത്തിലേക്ക്
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കും. ജനപ്രതിനിധികളെ ഒഴിവാക്കിക്കൊണ്ടുള്ള പുനഃസംഘടന വേണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനൊപ്പമാണ് ഹൈക്കമാന്‍ഡും എന്നതിനാല്‍, അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും. കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന്റെ ഭാഗമായി രാംലീല മൈതാനിയില്‍ 14ന് എ.ഐ.സി.സി സംഘടിപ്പിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് മുല്ലപ്പള്ളി പോകുന്നുണ്ട്. അന്ന് കേരളത്തില്‍നിന്നുള്ള നേതാക്കളായ എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ എന്നിവരുമായും ഹൈക്കമാന്‍ഡുമായും ചര്‍ച്ച നടത്തി പട്ടിക സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
നിലവില്‍ 21 സെക്രട്ടറിമാരുടെയും അഞ്ച് വൈസ് പ്രസിഡന്റുമാരുടെയും പട്ടികയുടെ കാര്യത്തിലാണ് അന്തിമ തീരുമാനത്തിലേക്ക് പോകുന്നത്. എം.പിമാരെയും എം.എല്‍.എമാരെയും പാര്‍ട്ടി സ്ഥാനങ്ങളിലും കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഐ ഗ്രൂപ്പാണ് പട്ടിക നല്‍കിയത്. എന്നാല്‍ അതാവശ്യമില്ലെന്ന നിലപാടിലായിരുന്നു എ ഗ്രൂപ്പിന്റെ പട്ടിക. പട്ടിക സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ മാറിനില്‍ക്കണമെന്ന പരസ്യമായ നിലപാട് മുല്ലപ്പള്ളി കൈക്കൊണ്ടത്.
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടിലാണ് കെ.പി.സി.സി. ഇക്കാര്യം കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള രവീന്ദ്രദാസിനെ കഴിഞ്ഞ ദിവസം മുല്ലപ്പള്ളി അറിയിക്കുകയും ചെയ്തിരുന്നു. എം.പിമാരെയും എം.എല്‍.എമാരേയും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയാണെങ്കില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കും. തെരഞ്ഞെടുപ്പ് വേണ്ടെങ്കില്‍ എങ്ങനെ ഭാരവാഹികളെ നിശ്ചയിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം മുല്ലപ്പള്ളി ഡല്‍ഹിയില്‍ നടത്തുന്ന ചര്‍ച്ചകളില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."