കണ്ണൂര്‍ വിമാനത്താവളം: മട്ടന്നൂരിന്റെ വികസനം വാനംമുട്ടെ
ഫായിസ് പുന്നാട്
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യവിമാനം പറന്നുയരുന്നതോടെ സമീപനഗരമെന്ന നിലയില്‍ അടിമുടി മാറാനൊരുങ്ങുകയാണ് മട്ടന്നൂര്‍. പശ്ചാത്തല സൗകര്യവികസനത്തിനായി വിവിധ പദ്ധതികളാണ് നഗരസഭ മുന്‍കൈയെടുത്ത് നടപ്പാക്കുന്നത്. വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പ്രധാന റോഡുകള്‍ക്ക് പുറമേ നഗരസഭയിലെ ബൈപാസുകളും വീതികൂട്ടി നവീകരിക്കാന്‍ പദ്ധതിയുണ്ട്. നഗരസഭാ ഓഫിസിന് മുന്നിലൂടെയുള്ള മട്ടന്നൂര്‍-മരുതായി-ഇരിക്കൂര്‍ റോഡ് വികസിപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ പാര്‍ക്കിങ്ങിന് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ബസ് സ്റ്റാന്‍ഡിലെ പഴയ വ്യാപാരസമുച്ചയം പൊളിച്ചുമാറ്റിയതോടെ നഗരത്തിന് പുതിയ മുഖം കൈവന്നു. നഗരത്തിന്റെ മുഖം മിനുക്കാന്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി നഗരസഭ ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പാത, പാര്‍ക്കിങ് സൗകര്യങ്ങള്‍, മേല്‍പാലം, ട്രാഫിക് ഐലന്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.
എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കെ.എസ്.ടി.പി റോഡ് വികസന പ്രവൃത്തി പൂര്‍ത്തിയാകേണ്ടിവരും. നഗരസഭയുടേതടക്കം മൂന്ന് വന്‍കിട വ്യാപാരസമുച്ചയങ്ങളാണ് നഗരമധ്യത്തില്‍ രണ്ടുവര്‍ഷത്തിനിടെ ഉയര്‍ന്നത്. യാത്രക്കാര്‍ക്ക് താമസസൗകര്യങ്ങള്‍ക്കായി വിപുലമായ സൗകര്യം മട്ടന്നൂര്‍ മേഖലയില്‍ ഒരുക്കേണ്ടതായി വരും. ഉരുവച്ചാലില്‍ മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് സ്ഥാപിക്കാന്‍ നഗരസഭ 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാന്‍ സ്‌പെഷാലിറ്റി ആശുപത്രി സ്ഥാപിക്കാനുള്ള നടപടികളും തുടങ്ങി. കോടതിക്ക് സമീപം ജലസേചന വകുപ്പില്‍നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരുകുടക്കീഴില്‍ കൊണ്ടുവന്നുള്ള മിനി സിവില്‍ സ്റ്റേഷനും ഇതിന് സമീപത്തായി നിര്‍മിക്കുന്നുണ്ട്. കിഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പ് കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്ത് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."