അഴിമതി തെളിയിക്കണമെന്ന് മന്ത്രി; ഉച്ചഭക്ഷണത്തിലെ ക്രമക്കേട്കാട്ടി കമല്‍ഹാസന്‍
ചെന്നൈ: സംസ്ഥാന സര്‍ക്കാരില്‍ അഴിമതി കൊടികുത്തി വാഴുകയാണെന്ന് ആരോപിച്ച് രംഗത്തെത്തിയ നടന്‍ കമല്‍ ഹാസനോട് ആരോപണം ഉന്നയിച്ചാല്‍ പോര തെളിയിക്കണമെന്ന് മന്ത്രിമാരും അണ്ണാ ഡി.എം.കെ നേതാക്കളും ആവശ്യപ്പെട്ടതോടെ ഇന്നലെ നടന്‍ തെളിവുമായി ട്വിറ്ററില്‍ എത്തിയത് തമിഴ്‌നാട്ടില്‍ വലിയ വിവാദത്തിനാണ് വഴിവച്ചിരിക്കുന്നത്.
വെറുതെ ആരോപണം ഉന്നയിക്കുന്നതിനുപകരം അഴിമതി സംബന്ധിച്ച് തെളിവുനല്‍കാന്‍ ഇന്നലെ മന്ത്രി എസ്.പി വേലുമണി രംഗത്തെത്തിയപ്പോഴാണ് ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് കേടായ മുട്ടയാണെന്ന് ആരോപിച്ച് ചിത്രസഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അഴിമതിയുടെ കാര്യം നടന്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ കേടായ മുട്ട തിരിച്ചറിയാനാണ് വെള്ളത്തില്‍ ഇട്ടതെന്ന വിശദീകരണവുമായി ഉദ്യോഗസ്ഥരും എത്തിയതോടെ അഴിമതിയുമായി ബന്ധപ്പെട്ട് നടനും മന്ത്രിമാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
പെരമ്പുലൂര്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കാനുള്ള മുട്ട വെള്ളത്തില്‍ ഇട്ടുവച്ച ചിത്രമാണ് കമല്‍ഹാസന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ആരോപണം ശരിയല്ലെന്നും എല്ലാ ദിവസവും മുട്ട പരിശോധിച്ച് കേടായത് മാറ്റി കുട്ടികള്‍ക്ക് നല്‍കാനാണ് വെള്ളത്തില്‍ ഇട്ടതെന്നും ജില്ലാ കലക്ടര്‍ വി. ശാന്ത അറിയിച്ചു.
അതിനിടയില്‍ സര്‍ക്കാര്‍ തലത്തിലുള്ള അഴിമതി കണ്ടാല്‍ അപ്പോള്‍ തന്നെ മന്ത്രിമാരുടെ ഇ-മെയിലില്‍ ചിത്രസഹിതം പരാതി നല്‍കണമെന്ന് തന്റെ ഫാന്‍സുകാരോടെ കമല്‍ ഹാസന്‍ ആഹ്വാനം ചെയ്തതോടെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് മന്ത്രിമാരുടെ ഇ-മെയില്‍ നീക്കം ചെയ്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."