ന്യൂഡല്‍ഹി
1757 മുതല്‍ 1911 വരെ കൊല്‍ക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. എന്നാല്‍ ഇതിനു മുമ്പു തന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്മാരുടെ രാഷ്ട്രീയമായും തന്ത്രപരമായും പ്രാധാന്യമുള്ള നഗരമായിരുന്നു ഡല്‍ഹി. 1900-മാണ്ടുകളുടെ ആദ്യപാദത്തിലാണ് കൊല്‍ക്കത്തയില്‍നിന്നു തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റാനുള്ള നിര്‍ദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികള്‍ മുന്നോട്ടുവച്ചത്.
രാജ്യത്തിന്റെ കിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന കൊല്‍ക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണ നിര്‍വഹണത്തിന് കൂടുതല്‍ അനുയോജ്യമായതിനാലാണ് ഇതുചെയ്തത്. ഡല്‍ഹിയുടെ ചരിത്രപരമായും സാംസ്‌കാരികവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോര്‍ജ്ജ് അഞ്ചാമന്‍ കൊല്‍ക്കത്തയില്‍ നിന്നു ഡല്‍ഹിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി.
ന്യൂഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത് 1911 ഡിസംബര്‍ 12-നാണ്. ബ്രിട്ടണിലെ ജോര്‍ജ് അഞ്ചാമന്‍ രാജാവ് ഡര്‍ബാര്‍ സമ്മേളിക്കാന്‍ 1911 ഡിസംബര്‍ 11-ന് ഡല്‍ഹിയിലെത്തി. ഈ ഡര്‍ബാറിലാണ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഋ
1649 മുതല്‍ 1857 വരെ മുഗള്‍ സാമ്രാജ്യ ചക്രവര്‍ത്തിമാരായിരുന്നു ഡല്‍ഹിയുടെ ഭരണാധിപന്മാര്‍. ഡല്‍ഹി സുല്‍ത്താന്മാരുടെ ഭരണ തലസ്ഥാനാമായിരുന്ന ഷാജഹാനബാദ് എന്ന നഗരത്തെ ഇന്നു കാണുന്ന ന്യൂഡല്‍ഹിയാക്കി മാറ്റിയത് ബ്രിട്ടീഷ് വാസ്തുശില്‍പിയായ എഡ്വന്‍ ലുട്യന്‍സായും സര്‍ ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്നാണ്. ഈ മഹാനഗരത്തിന്റെ പുനര്‍നിര്‍ മാണത്തിനുള്ള ശിലയിട്ടത് 1911-ല്‍ ബ്രിട്ടീഷ് ഇന്ത്യയുടെ രാജാവായിരുന്ന ജോര്‍ജ്ജ് അഞ്ചാമനായിരുന്നു. 1931 ഫെബ്രുവരി 13-നായിരുന്നു ന്യൂഡല്‍ഹിയുടെ ഔദ്യോഗിക ഉദ്ഘാടനം. ബ്രിട്ടീഷ് ഇന്ത്യന്‍ വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായിരുന്ന ലോര്‍ഡ് ഇര്‍വിന്‍ പ്രഭുവായിരുന്നു നഗരത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ സ്ഥാപിച്ച ഇന്ന് ഓള്‍ഡ് ഡല്‍ഹി എന്നറിയപ്പെടുന്ന നഗരത്തിനു തെക്കു വശത്താണ് ന്യൂഡല്‍ഹി. എങ്കിലും ഡല്‍ഹിയിലെ ഏഴു പുരാതന നഗരങ്ങളിലെ പ്രദേശങ്ങളും ന്യൂഡല്‍ഹിയില്‍ ഉള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ജന്തര്‍ മന്തര്‍, ഹുമയൂണിന്റെ ഖബറിടം എന്നിങ്ങനെ പല ചരിത്രസ്മാരകങ്ങളും ന്യൂഡല്‍ഹി പ്രദേശത്താണ്. വാസ്തുശില്‍പി എഡ്‌വിന്‍ ലൂട്യന്‍സ് വിഭാവനം ചെയ്ത നഗരമായതിനാല്‍ ലൂട്യന്റെ ഡല്‍ഹി എന്നും ന്യൂഡല്‍ഹി അറിയപ്പെടുന്നു.
നഗരത്തിന്റെ ഹൃദയഭാഗത്ത് രാഷ്ട്രപതി ഭവന്‍ നിലകൊള്ളുന്നു. വൈസ്രോയിയുടെ ഭവനം എന്നാണ് ഇത് മുന്‍പ് അറിയപ്പെട്ടിരുന്നത്. റായ്‌സിന കുന്നിനു മുകളിലാണ് രാഷ്ട്രപതി ഭവന്‍ സ്ഥിതിചെയ്യുന്നത്. രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുളള പാതയാണ് രാജപഥ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രധാനപ്പെട്ട മന്ത്രായലങ്ങളാണ് രാഷ്ട്രപതിഭവന്റെ തൊട്ടു മുന്നില്‍ രാജ്പഥിനിരുവശവുമായി നിലകൊളളുന്ന നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. ഹെര്‍ബര്‍ട്ട് ബേക്കര്‍ രൂപകല്‍പന ചെയ്ത പാര്‍ലമെന്റ് മന്ദിരം നോര്‍ത്ത് ബ്ലോക്കിന് വടക്കു - കിഴക്ക് വശത്തായാണ് സ്ഥിതിചെയ്യുന്നത്.
വടക്കേ ഇന്ത്യയില്‍ സിന്ധു - ഗംഗാതടത്തിലാണ് ന്യൂഡല്‍ഹി സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് ആരവല്ലി മലനിരകളുടെ ഭാഗമായിരുന്നു ന്യൂഡല്‍ഹി. ഡല്‍ഹി റിഡ്ജ് മാത്രമാണ് ഇപ്പോള്‍ ഇതിന്റെ ഭാഗമായുളളത്.
മറ്റൊരു ഭൂമിശാസ്ത്ര പ്രത്യേകതയാണ് യമുനാ നദിയും അതിന്റെ തടങ്ങളും.
യമുനാ നദിയുടെ പടിഞ്ഞാറു ഭാഗത്താണ് ന്യഡല്‍ഹി സ്ഥിതിചെയ്യുന്നത്. വന്‍ ഭൂകമ്പ സാധ്യതയുളള സീസ്മിക് മേഖലയിലാണ് ന്യൂഡല്‍ഹി സ്ഥിതിചെയ്യുന്നത്. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഡല്‍ഹിക്ക് ക്ലിപ്തമായ സ്വയം ഭരണാവകാശം ലഭിച്ചു.
ഇന്ത്യ ഗവണ്‍മെന്റ് നിയമിക്കുന്ന ഒരു ചീഫ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ഭരണം. 1956-ല്‍ ഡല്‍ഹി ഒരു കേന്ദ്ര ഭരണ പ്രദേശമായി ചീഫ് കമ്മിഷണര്‍ക്കു പകരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണ നിര്‍വഹണം നടത്തി. ഇന്ത്യന്‍ ഭരണഘടനയുടെ 69-ാമത് ഭേദഗതി പ്രകാരം 1991-ല്‍ കേന്ദ്ര ഭരണപ്രദേശം എന്ന നിലയില്‍ നിന്ന് ഡല്‍ഹി ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി ലഭിച്ചു. ഇതോടൊപ്പം നിലവില്‍ വന്ന പുതിയ ഭരണ രീതിയില്‍, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന മന്ത്രിസഭയ്ക്ക് ക്രമസമാധാനച്ചുമതല ഒഴികെയുളള അധികാരങ്ങള്‍ ലഭിച്ചു.
ക്രമസമാധാനച്ചുമതല ഇപ്പോഴും കേന്ദ്ര ആഭ്യന്തര വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. 1993-ഓടെ ഈ ഭരണരീതി നിലവില്‍ വന്നു. ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വീതിയേറിയ റോഡുകളും, റൗണ്ട് എബൗട്ടുകളും, മേല്‍പ്പാലങ്ങളും, വഴിയരികിലെ വൃക്ഷങ്ങളും ന്യൂഡല്‍ഹിയെ അവയില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
ന്യൂഡല്‍ഹി നഗരത്തിനു ചുറ്റുമായുളള പാതയാണ് മാഹാത്മാഗാന്ധി മാര്‍ഗ് അഥവാ റിങ് റോഡ്. എന്‍.സി.എം.സി. പ്രദേശം പൂര്‍ണ്ണമായും ഈ റോഡിന് ഉളളിലാണെങ്കിലും റോഡിനുളളിലുളള ചില പ്രദേശങ്ങള്‍ എം.സി.ഡി.യില്‍ ഉള്‍പ്പെട്ടതാണ്. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള ജനവിഭാഗങ്ങളുടെ ഒരു സഞ്ചയമാണ് ന്യൂഡല്‍ഹിയിലുളളത്. റോഡ് റെയില്‍വേ, മെട്രോ റെയില്‍വേ, വിമാന സര്‍വിസ് എന്നീ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഇവിടെ ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."