ഉള്ളിന്റെ ഉത്സവം
#ശുഐബുല്‍ ഹൈതമി
പ്രവാചക പ്രണയനഗരത്തില്‍ ഉമറുല്‍ ഖാഹിരി പണിത പാട്ടുകൊട്ടാരമാണ് അല്ലഫല്‍ അലിഫ്. വാക്കുകള്‍ക്കു ഹൃദയമുണ്ടെങ്കില്‍ അല്ലഫല്‍ അലിഫ് നിറയെ ആത്മചുംബനങ്ങളാണ്. ഹൃദയത്തിന്റെ ചുണ്ടുകൊണ്ട് മുത്തുനബിയെ മുത്തിപ്പൊത്തുന്നതിന്റെ ശ്വാസം മുട്ടലുകളാണു പദവിന്യാസത്തിന്റെ അന്തര്‍ധാരകള്‍ നിറയെ.
അല്ലഫല്‍ അലിഫിന്റെ കൂട്ടിനുള്ളിലെ പറവ അര്‍ശിന്റെ അഴകിലേക്കു മഹത്വത്തിന്റെ ചിറകുയര്‍ത്തിപ്പറന്ന രാജാളിക്കിളിയായതാണു പാട്ടിന്റെ അകച്ചന്തവും പുറച്ചമയവും. പാട്ടെഴുതുന്നവര്‍ പലരുണ്ടാകുമെങ്കിലും എഴുതുന്നത് പാട്ടാകുന്നതും നെഞ്ചില്‍ സ്‌നേഹപാനം കനലൂതിക്കാച്ചുന്നതും നബിസങ്കീര്‍ത്തന സരണിയില്‍ എപ്പോഴുമില്ല എന്ന് ഈ കായല്‍പട്ടണത്തിന്റെ അക്ഷരഗുരു സ്ഥാപിച്ചിരിക്കുന്നു.
തമിഴ്‌നാടിന്റെ റൂമിയാണ് ഉമര്‍ വലിയ്യുല്ലാഹില്‍ ഖാഹിരി. മഥ്‌നവിയുടെ ആത്മാവ് അല്ലഫല്‍ അലിഫിന്റെ ഇതിവൃത്തത്തില്‍ സത്ത പ്രാപിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപാതി തിമുതലാണ് ഉമറുബ്‌നു അബ്ദില്‍ ഖാഹിരി ധൈഷണിക ലോകത്ത് ശ്രദ്ധേയനാവുന്നത്. പ്രവാചകന്റെ സ്‌നേഹനിധി സിദ്ദീഖുല്‍ അക്ബറിന്റെ ചോരയില്‍ വിടര്‍ന്നതാണ് കവിയുടെ അടിവേര്. പൈതൃകപ്പൊരുളിന്റെ ഗുണപ്പൊരുത്തം കവിയുടെ കവനകൗമുദിക്ക് തിളക്കത്തിനുമേല്‍ തിളക്കമായി. നബിയനുരാഗത്തിന്റെ കടല്‍പ്രവേശനത്തിനു കവിയെ പാകപ്പെടുത്തിയത് അദ്ദേഹത്തിന്റെ ആത്മീയഗുരുക്കന്മാരായ ശൈഖ് മുഹമ്മദുന്നസഖിയും സയ്യിദ് ശൈഖ് ജിഫ്രിയുമാണ്.
തിടംവച്ചു തുടുത്ത ഹൃദയകാമന കവിയെ മദീനാ ശരീഫില്‍ എത്തിച്ചതോടെ അനുതാപവിജ്രംഭണങ്ങളുടെ അലമാലകള്‍ പിറന്നു; അവിടെ കവി തിരിച്ചറിഞ്ഞു; സ്‌നേഹം ഒരില്ലാതകലാണെന്ന്. വഴിത്തിരിവായത് കവി സയ്യിദ് മുഹ്‌സീന്‍ അല്‍ മുഖ്ബിലിയുമായി ആത്മബന്ധം സ്ഥാപിക്കുന്നതുമുതലാണ്. ഈ സൂഫി സ്വരച്ചേര്‍ച്ച തിരുനബി നഗരിയില്‍ വച്ചായിരുന്നു.
അകസാരങ്ങളുടെ സരിത്ത്
ഇതര പ്രവാചകാനുരാഗ കാവ്യങ്ങളില്‍നിന്ന് അല്ലഫല്‍ അലിഫിനെ വ്യത്യാസപ്പെടുത്തുന്നത് അതിലുടനീളം ഒഴുകിപ്പരന്ന തസ്വവ്വുഫിന്റെ കുളിരും നനവുമാണ്. സൂഫിയുടെ പ്രണയത്തിനു കണ്ണും കാതുമുണ്ടാകുമെന്നാണ് ഈ തിരുകാവ്യത്തിന്റെ കാര്യത്തിലെ ശരി. അതിശയകരമായ കോര്‍വയും അതിനിപുണമായ ചേര്‍ത്തിവയ്പ്പുമാണ് അല്ലഫല്‍ അലിഫിന്റെ അകമഹിമയെന്ന് കരുതിയവര്‍ക്കു ശരിക്കും തെറ്റി. അറബിഭാഷയുടെ പദാന്ത്യവ്യതിയാന ശാസ്ത്രത്തില്‍ (ഇല്‍മുല്‍ ഇഅ്‌റാബ്) അഗാധമായ വ്യൂല്‍പത്തിയുള്ളവര്‍ക്ക് അല്ലഫല്‍ അലിഫിന്റെ പുറംതോടിലെത്താവുന്നതാണ്. 'അലിഫ് ' മുതല്‍ 'യാ' വരെ അക്ഷരംപ്രതി ഈരടികളും ഇതിവൃത്തഭംഗിയുടെ സുരക്ഷിതത്വത്തിന് അല്ലാഹുവിന്റെ അപരിമേയ മഹത്വത്തെയാവാഹിക്കുന്ന രണ്ട് 'ഹംസ'കളും ചേരുന്ന മുപ്പത്തൊന്ന് ഈരടികളാണ് അല്ലഫല്‍ അലിഫിന്റെ അലങ്കാര രീതി. ഒരു മഹാശില്‍പിയുടെ കരവിരുതില്‍ ഉരുകിയുണര്‍ന്ന ലീലാവിലാസം അങ്ങനെ അനശ്വരതയുടെ അടയാളമായി മാറി. നാളെ അര്‍ശിന്റെ ചാരെ ആധ്യക്ഷം വഹിക്കുന്ന നബിമഹത്വത്തിന്റെ സമ്പൂര്‍ണ സാക്ഷാല്‍കാര സന്ദര്‍ഭത്തിലും അല്ലഫല്‍ അലിഫിന്റെ പൊരുളുകള്‍ തിളങ്ങും, തീര്‍ച്ച.
പരിസര പ്രേരണകളുടെ ഗതിയൊഴുക്കുകളില്‍പ്പെടാതെ ആന്തരിക ബലത്തിന്റെ അടിസ്ഥാന ശക്തിയോടെ കവി നിലകൊള്ളുകയായിരുന്നു. ഗുരുവായ ശൈഖ് മുഹ്‌സിനില്‍നിന്ന് ഇജാസത്ത് ലഭിച്ചതോടെ കവി നേരിട്ടു രംഗത്തെത്തി മതത്തിലെ മിതത്വസങ്കല്‍പ്പത്തെ തെര്യപ്പെടുത്തി. അതിനാല്‍ അല്ലഫല്‍ അലിഫ് പക്വതയില്ലാത്ത പ്രണയ ചേഷ്ടകളല്ല. പക്വതയുടെ പൂര്‍ണത പ്രാപിച്ച ആത്മാടനങ്ങളാണ്. അക്ഷര ക്രമാനുകത മാത്രമല്ല. അതത് അക്ഷരങ്ങളുടെ വരികളില്‍ വരുന്ന അക്ഷരസമാനതകളുടെ ആവര്‍ത്തനമാണു കൗതുകം. കൂടാതെ ദ്വയാര്‍ഥവും ത്രയാര്‍ഥവുമുള്ള വാക്കുകളുടെ ഉപയോഗം വ്യാഖ്യാനസാധ്യതയുടെ ജബലുന്നൂറുകള്‍ പണിയുന്നു.
അലിഫിന്റെ പൊരുളായ അഹദായ നാഥനു നമോവാക്യങ്ങള്‍ സമര്‍പ്പിച്ച് അലിഫ് കൊണ്ടാരംഭിക്കുകയാണ് കവി. അല്ലഫല്‍ അലിഫ് എന്നതിലെ അല്‍ അലിഫിനെ കുറിച്ചു തന്നെ എത്രയോ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അതിഗഹനമായ ചര്‍ച്ചകള്‍. വ്യാഖ്യാന വീക്ഷണങ്ങളുടെ ചെപ്പുതുറന്നുകൊണ്ടാണു നാന്ദി തന്നെ. കവി തന്റെ ദൗര്‍ബല്യം വെളിപ്പെടുത്തുകയാണു തുടക്കത്തില്‍. പ്രേമവിവശതയുടെ അവശതയാണ് ആത്മാവിനിവിടെ. എന്നാല്‍ ഞാന്‍ എന്നതിന്റെ അറബിയായ 'അന'യെയാണ് അലിഫ് പ്രതിനിധാനം ചെയ്യുന്നതെന്നും പറയപ്പെടുന്നുണ്ട്.
പാശ്ചാത്യ സാഹിത്യങ്ങളില്‍ പോലും അല്ലഫല്‍ അലിഫ് ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്. മുഹമ്മദ് അസദിന്റെ നിരീക്ഷണത്തില്‍ അലിഫ് അല്ലാഹുവിനെയാണ് ഉന്നയിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ സമാനമായ ആഖ്യാനശൈലികളുമായി തുലനം ചെയ്തുകൊണ്ട് സുദീര്‍ഘം സംസാരിക്കുന്ന നിരൂപകന്‍ തിരുകടലിന് മുന്‍പില്‍ അന്തിച്ചുനിന്നു പോയതിലെന്തത്ഭുതം. അല്ലാഹുവിന്റെ അനാവിഷ്‌കൃത സത്യവും നബി തിരുമേനിയും മാത്രമുണ്ടായിരുന്ന ഒരു ഘട്ടത്തിലേക്ക് അലിഫില്‍ സൂചനയുണ്ട്. നൂറുമുഹമ്മദിന്‍ എന്ന പ്രപഞ്ചനാന്ദിയാണ് ആ അലിഫ് എന്നും പറയപ്പെടുന്നു. അനാദിയായ അഹദോന്‍ ആദ്യം എന്ന ആശയം സൃഷ്ടിക്കുന്നതിനുമുന്‍പു തന്നെ തിരുപ്രകാശത്തിനു സാക്ഷാല്‍ക്കാരം നല്‍കിയിരുന്നു.
പൊരുളുകളുടെ ചുരുളുകള്‍ അനന്തമാവുകയാണ് അലിഫില്‍. തിരുകീര്‍ത്തനം അല്ലാഹു തന്നെ തുടങ്ങിയതാണെന്ന വീക്ഷണമാണ് തിരുമഹത്വത്തിനോട് നീതിയാവുന്നതെന്ന് അനുമാനിക്കാവുന്നതാണ്. അലിഫു കൊണ്ട് പടച്ചവനെ വരഞ്ഞിട്ട മലയാളത്തിന്റെ മോയിന്‍കുട്ടി വൈദ്യര്‍ക്കും ഓര്‍മയുടെ പുണ്യത്തില്‍ പങ്കുണ്ട്. അലിഫ് പരിശുദ്ധിയുടെ പരിശുദ്ധിയാണ്. മായം ചേര്‍ന്നു തന്മയത്വം നശിച്ച സ്വരമല്ലയത്. അലിഫ് തിരുസ്‌നേഹത്തിന്റെ മധുപാനം മോന്താന്‍ ഒഴിഞ്ഞുകിടക്കുന്ന തിരുപാത്രമായ കവിഹൃദയത്തെയാണ് കുറിക്കുന്നതെന്നും പറഞ്ഞവരുണ്ട്. അല്ലഫല്‍ അലിഫിലെ പ്രവാഹസരിത്തിന് ഏകമാനമായ തീവ്രതയില്ല. ഗിരിശൃംഖങ്ങളുണ്ട്. വരികള്‍ക്കിടയിലെ വരിയില്‍, ചില ഭാഗങ്ങള്‍ അനുവാചകഹൃദയങ്ങളിലേക്ക് അഗ്നിബാധപോലെ പടര്‍ന്നുകയറും.
ദിവ്യപരിണയത്തിന്റെ പുന്തോപ്പ്
ആധ്യാത്മിക സംജ്ഞകളായ ജംഅ്, ജംഉല്‍ ജംഅ്, ഫര്‍ഖ് തുടങ്ങിയ ഘട്ടങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുന്ന ദിവ്യപുരുഷന്മാര്‍ക്കു മാത്രം വഴങ്ങുന്ന ഭാഷയില്‍ തസ്വവ്വുഫിന്റെ രക്തം കലര്‍ത്തി പ്രകീര്‍ത്തനത്തിനു ജീവന്‍പകരുകയാണ് കവി. ആത്മവിലയനത്തിന്റെ ആമഗ്നതയാണ് ജംഅ്. അഹംനിരാസത്തിന്റെ രാവിനുശേഷം വന്നുചേരുന്ന തജല്ലിയുദയത്തില്‍ ഉരുകിത്തീരലാണു പിന്നെ. തുടക്കത്തില്‍ ഗ്രാഹ്യമായ ആഖ്യാനങ്ങള്‍ക്കുശേഷം അപ്രാപ്യതയുടെ ജാലകങ്ങള്‍ തുറന്നുകൊണ്ടാണു കവി കുതിക്കുന്നത്. ഇലാഹീ പ്രേമത്തില്‍നിന്നു പ്രവാചകാനുരാഗങ്ങള്‍ മാറിനടന്നു ചിലപ്പോഴൊക്കെ വ്യാജമായ ഖേദപ്പെടലുകളില്‍ കെട്ടടങ്ങിപ്പോകാറുണ്ട് ചിലരുടെ ആത്മീയത. പക്ഷെ അല്ലഫല്‍ അലിഫിന്റെ ഗോവണി കയറിയാലെത്തുന്ന വിശുദ്ധസ്‌നാനത്തിന്റെ ആകാശഗംഗയില്‍ ഇരുതിരുപ്പിരിശങ്ങളുടെയും കൈവഴികള്‍ ഏകാത്മാവില്‍ ലയിക്കുന്നത് അനുഭവിക്കാനാകും. ഹൃദയവസന്തത്തിന്റെ സ്ഥിരാവസ്ഥ ദിവ്യപരിണയത്തിന്റെ പൂന്തോപ്പിലെത്തിക്കുമെന്നു പറയുന്ന കവി ഉറ്റവരെ ഒറ്റക്കാക്കി ദേശാടനം ചെയ്യാന്‍ വിശ്വാസിയോടാവശ്യപ്പെടുന്നു. സ്വകാര്യമായ താല്‍പര്യങ്ങളില്‍നിന്നുള്ള മോചനമാണു ത്യാഗിയുടെ ആദ്യപാഠം. ആത്മചൂഷണത്തിന്റെ ചതിച്ചുഴികള്‍ക്കെതിരേയും കവി ജാഗ്രതനാകുന്നുണ്ട്. മുറബ്ബിയായ ശൈഖിന്റെ ചമയാലങ്കാരവുമായി ഊരിനിറങ്ങുന്ന വ്യാജര്‍ക്കെതിരായ കവിയുടെ രോഷാമര്‍ശത്തിനു കാലഭേദങ്ങളിലും ചൂടാറാത്ത ആദര്‍ശതീവ്രതയുണ്ട്.
മാസ്റ്റര്‍ ടച്ചിന്റെ മഹനീയത വെളിപ്പെടുന്നത് കവി തിരുനബിയെ കുറിച്ച് മതിപ്പിന്റെയും ഉദിപ്പിന്റെയും കഥകള്‍ നിരത്തുമ്പോഴാണ്. ഇതര പ്രകീര്‍ത്തനകാവ്യങ്ങളിലേതിനെക്കാള്‍ ഉന്നതവിധാനത്തിലാണ് മദീനാനഗരിയെ കുറിച്ചുള്ള കാല്‍പനികബിംബങ്ങള്‍ അവതരിപ്പിക്കുന്നത്. റിയലിസത്തിന്റെ കര്‍ശനമായ നിര്‍ണയങ്ങള്‍ മാനിച്ചുകൊണ്ടുതന്നെ റൊമാന്റിസമനുവദിക്കുന്ന ആത്മനിവേദ്യങ്ങളെ പുണരാനും കവിക്കു കഴിയുന്നുണ്ട്. ഭൂമിശാസ്ത്രപരമായ പരിമിതികളില്‍നിന്ന് മദീനാനഗരിയെ പറിച്ചെടുത്ത് ഹൃദയത്തില്‍ മാറ്റിപ്പണിതു കെട്ടുന്നയനുഭവം മറ്റു പ്രകീര്‍ത്തനഗാഥകളിലും സാധ്യമാണെങ്കിലും അല്ലഫല്‍ അലീഫ്, സങ്കല്‍പങ്ങളെ യഥാര്‍ഥ്യവല്‍ക്കരിക്കുന്നതില്‍ വിജയപൂര്‍ണിമയിലെത്തിയിട്ടുണ്ട്. ഓരോ മനസിനും അവനവന്റെ ഇശ്ഖിനനുസരിച്ച് ഓരോരോ മദീനയാണ്. അല്ലാതെ കപ്പലില്‍ കയറിയാലും ഒട്ടകത്തിലേറിയാലുമെത്തുന്ന മരുഭൂമിയിലെ ഒരിടമല്ല മദീന ആശിഖിന്. മദീനാനഗരിയിലെ വ്യാപാരങ്ങള്‍ ഇശ്ഖിന്റെ അത്തറും മധുരവുമാണ്.
തിരുമേനിപ്പള്ളിയും തിരുസവിധവുമാണ് മനസിലെ നഗരി, അല്ലാതെ ചന്തയും തെരുവുമല്ല. ഈന്തമരങ്ങള്‍ പൂത്തുലഞ്ഞ വിശുദ്ധതാഴ്‌വാരങ്ങളില്‍ പദവിന്യാസങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ പാദംപതറിയെന്നും നെഞ്ചിടറി ശരീരം വിവശമായെന്നും പറയുന്ന കവിയുടെ ഹൃദയനൈര്‍മല്യം പച്ചവെള്ളം പോലെ സംശുദ്ധമാണ്. ആത്മദീനങ്ങള്‍ക്കുള്ള ചികിത്സയാണു പുണ്യനബിയെന്ന് അനുഭവത്തില്‍ നിന്നറിഞ്ഞു പറയുന്ന കവി ശരീഅത്തിന്റെ ബലിഷ്ടതയിലൂന്നിനിന്നാണ് ആത്മസായൂജ്യങ്ങള്‍ക്കുമുന്‍പില്‍ ശിരസുനമിക്കാനാവശ്യപ്പെടുന്നത്.
മേഘങ്ങള്‍ തിരുമേനിക്ക് തണലിട്ടതിനെ മരുഭൂമിയില്‍ ആകാശം പണിത സ്വീകരണപ്പന്തലെന്നുപമിച്ച് പറഞ്ഞ കവി കൊച്ചുകൊച്ചു സര്‍ഗകുസൃതികളിലും വിരുതറിയിക്കുന്നുണ്ട്. തിരുമേനിയെ പ്രപഞ്ചത്തിലെ ഒരു പ്രകാശപ്പൊട്ടായി ഓമനിച്ച് ചെറുതാക്കുന്നതിനോട് കവിക്ക് യോജിപ്പില്ലെന്നും തോന്നുന്നു. അവിടുന്ന് സര്‍വലോകത്തിന്റെയും ദൃശ്യപ്രപഞ്ചത്തിന്റെയും സത്താസാകല്യമാണെന്നാണു കവിഭാഷ്യം. നബി തിരുമേനിയെ ഉള്‍ക്കൊള്ളാന്‍ പാകമായ പുറം നേത്രമോ അകക്കാഴ്ചയോ ഇല്ലാത്തതിനാല്‍ നാമാരും നബിപൂര്‍ണതയുടെ തുള്ളിക്കപ്പുറം കണ്ടില്ലെന്നതാണു പ്രാമാണികം. ഇത് അത്യുക്തിയല്ലെന്നു കവിയും കണ്ടെത്തിയെന്നു മാത്രം.
പാപത്തിന്റെ പൂപ്പലും ക്ലാവും കലര്‍ന്നു തുരുമ്പിച്ചുപോയ ഹൃദയത്തിന്റെ സ്‌നാനോപാസനയാണ് ഇശ്ഖുന്നബി. അകന്നിരിക്കുമ്പോഴനുഭവിക്കുന്ന അടുപ്പത്തിന്റെ കടുപ്പം കവിയെ ചിലപ്പോള്‍ ഉന്മത്ത മോഹിതനാക്കുന്നുണ്ട്. പുണ്യമേനി ഹൃദയത്തിന്റെ താഴുകള്‍ പൊട്ടിച്ചുകളഞ്ഞുവെന്നു പറയുന്നതിന്റെ കാല്‍പനികചാരുത അനുഭവിച്ചവര്‍ക്കു മാത്രമുള്‍ക്കൊള്ളാന്‍ കഴിയുന്ന ആത്മരഹസ്യമാണ്. തന്റെയും തിരുമേനിയുടെയും ഇടയിലുള്ള പ്രണയത്തിന്റെ നൈര്‍മല്യം ചിലപ്പോള്‍ ആത്മഹര്‍ഷത്തിന്റെ മൂര്‍ഛയിലെത്തുന്നു. ആ നിമിഷമുദ്ര ഒരു ബീജമാണെന്നും ചേരുവകളില്ലാത്ത സ്ഫടികശുദ്ധമാണെന്നും കവി പറയുന്നു.
ക്ലാസിക് സാഹിത്യത്തിന്റെ പൊതു ഇതിവൃത്തങ്ങളായ ഹശളല, ഹീ്‌ല, റലമവേ എന്നിവ പൂര്‍ണമായും അല്ലഫല്‍ അലിഫിലുണ്ട്. ഉത്തമ സൗഹൃദ ബോധം, ഉദാത്ത സുകൃതബോധം തുടങ്ങിയ അടിസ്ഥാന തലങ്ങളും, ദിവ്യലയനത്തിന്റെ മൂര്‍ത്തരൂപങ്ങളായ ഫനാഉന്‍ ഫില്ലാഹി (സായൂജ്യം), ബഖാഉന്‍ ബില്ലാഹി (സാരൂപ്യം) തുടങ്ങിയ ആധ്യാത്മികതലവും ഒരു പുറത്തില്‍ തന്നെയാണ് ഒന്നിച്ചുവന്നത്.
സ്‌നേഹഗാഥകള്‍ ചിലപ്പോള്‍ രചയിതാവിന്റെ ഭാവനയുടെ നിദര്‍ശനമാകും. ചിലപ്പോള്‍ ഭാവനാനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രീകരണമാവും. പക്ഷേ അപൂര്‍വം ഘട്ടങ്ങളില്‍ മാത്രമേ കാവ്യവും ഗാഥയും രചയിതാവിന്റെ സ്വന്തം ജീവിതാവസ്ഥയുടെ സാക്ഷ്യപത്രമാകാറുള്ളൂ. അല്ലാഹുവിന്റെ ഔലിയാക്കളും അബ്ദാലീങ്ങളും എത്തിയയിടത്തെത്തിയതു തിരുസ്‌നേഹം പാതയും പാഥേയവുമൊരുക്കിയപ്പോഴാണെന്ന തിരിച്ചറിവാണു കവിയെ ആവേശപ്പെടുത്തിയത്. അതിനാല്‍, ജീവിതം കഴുകി വെടിപ്പാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മദീനയിലെത്തി തിരുപാദങ്ങള്‍ തിരുമുദ്രകള്‍വച്ച മണ്ണില്‍ സ്‌നേഹമരം നടണമെന്നാണു കവി പറയുന്നത്.
മിഅ്‌റാജിന്റെ അനവദ്യ സൗന്ദര്യം കവിയെ ആകര്‍ഷിച്ചത് കുറച്ചേറെയാണ്. കവിഹൃദയത്തിലെ നനഞ്ഞു കുതിര്‍ന്ന പച്ചപ്പുല്‍മേടുകള്‍ വിരിഞ്ഞുപടരുന്നത് അവിടെ കാണാം. ആകാശപാതകള്‍ താണ്ടി ബഹ്‌റുന്നൂറും കടന്ന് ഖാബഖൗസൈനിയോളമായി വളര്‍ന്ന മഹത്വത്തിന്റെ രാജപാതകള്‍ നോക്കി വികാരതരളിതനാകുന്ന കവിയും അറിയാതെ പാറിപ്പറന്നു പോകുന്നുണ്ട് നബിയോടൊപ്പം മിഅ്‌റാജിന്ന്. അല്ലഫല്‍ അലിഫിന്റെ വായന കേട്ടുപറയുന്ന രീതിയില്ല, കണ്ടുപറയുന്നതുമല്ല. പിന്നെ കണ്ടുകൊണ്ടുപറയുന്നതാണ്. അപ്പോള്‍ അനുവാചകനും ചിറകുവിരിയും, മുഹബ്ബത്തിന്റെ മഴ പെയ്ത മരുഭൂമിയില്‍ വിശുദ്ധനീറ്റലുകളുടെ പച്ചപ്പുകള്‍ പടരും.
ഒന്നുറപ്പാണ്, സൂഫി സിദ്ധാന്തത്തിന്റെ സാങ്കേതിക സങ്കേതങ്ങളറിയാതെ അല്ലഫല്‍ അലിഫിന്റെ നിറം പോലും കാണാനാകില്ല. ഹൃദയം മുറിഞ്ഞവന്റെ സംഗീതമാകയാല്‍ വേദനിച്ചു പരിശീനം നേടാത്തവനു കാവ്യത്തിന്റെ അകപ്രവേശവും സാധ്യമല്ല. ഖുര്‍ആനും സുന്നത്തും തൗഹീദുമൊക്കെത്തന്നെയാണ് ഇതിവൃത്തത്തിന്റെ നാഡീഞരമ്പുകളെങ്കിലും കവിതയുടെ രക്തവും ജീവനും ആശിഖിന്റെ മൗനവും ബോധനവും വെളിപാടുമാണ്, അനുവാചകന്‍ പ്രാര്‍ഥിച്ചുണ്ടാക്കിയ നബിക്കുപ്പായത്തിന്റെ കീറക്കഷണമെങ്കിലുമെടുത്തു ചെന്നാലേ അല്ലഫല്‍ അലിഫിന്റെ ജീവല്‍സ്പന്ദനമറിയൂ.
അങ്ങനെ നിബന്ധനകളൊത്താല്‍ ഈ കാവ്യപാരായണം ഉത്സവമാണ്. അക്ഷരങ്ങള്‍ മറന്നുപോയ ചുണ്ടാണെങ്കിലും ഉള്ളിന്റെ ഉരുക്കവും ഊര്‍ജവുമാണ്. വിശുദ്ധ പൂമാന്റെ കാല്‍ച്ചുവട്ടിലേക്കുള്ള ഇശ്ഖിന്റെ പരശ്ശതം പരിമളസംഘങ്ങളുടെ മിഅ്‌റാജ് യാത്രകളുടെ ആരവമുണരുന്നതിന്റെ പുളകമണിയലാണ്. കരച്ചിലിന്റെ ബഹ്‌റൂന്നൂറും താണ്ടി, ദുഃഖമൗനത്തിന്റെ ബൈത്തുല്‍ മഅ്മൂറും കടന്ന് ഇശ്ഖിന്റെ ബുറാഖിലേറി നമുക്കുമെത്താം ആത്മീയരതിമൂര്‍ച്ഛയുടെ സിദ്‌റത്തുല്‍ മൂന്‍തഹയില്‍. തിരുപാദങ്ങളുടെ കാല്‍ച്ചുവട്ടിലെ ഖാബഖൗസൈനിയിലെത്തി നമുക്കും കരയാം, തുള്ളിത്തുളുമ്പുന്ന നിറകണ്‍മിഴികളോടെ; യാ നബീ...
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."