റോഹിംഗ്യന്‍ വംശഹത്യ അന്താരാഷ്ട്ര കോടതിയില്‍ മ്യാന്മര്‍ സൈന്യത്തെ ന്യായീകരിച്ച് സൂചി
ഹേഗ്: റോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടബലാല്‍സംഗത്തിനും വംശഹത്യക്കും ഇരയാക്കിയെന്ന യു.എന്‍ കണ്ടെത്തലിനിടെ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ മ്യാന്മര്‍ സൈന്യത്തിന്റെ ക്രൂരതകളെ ന്യായീകരിച്ച് ആങ് സാന്‍ സൂചി. 1948ലെ വംശഹത്യാ ഉടമ്പടി ലംഘിച്ചതിനെതിരേ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയാണ് മ്യാന്മറിനെതിരേ ലോകകോടതിയെ സമീപിച്ചത്. മ്യാന്മര്‍ സൈന്യം ചെയ്ത ഞെട്ടിപ്പിക്കുന്ന കൂട്ടക്കൊലകളെയും കൂട്ടബലാല്‍സംഗങ്ങളെയും ശിശുഹത്യയെയും കുറിച്ച് വാദംകേള്‍ക്കലിനിടെ ഗാംബിയ വിശദീകരിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെ സമാധാന നൊബേല്‍ ജേതാവും മ്യാന്മറിലെ പരമോന്നത നേതാവുമായ സൂചിയെ കോടതി വിസ്തരിക്കുകയായിരുന്നു.
മ്യാന്മറിലെ റക്കയില്‍ സ്‌റ്റേറ്റിലെ യഥാര്‍ഥ അവസ്ഥകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അപൂര്‍ണവുമായ വിവരങ്ങളാണ് ഗാംബിയ നല്‍കിയതെന്ന് സൂചി പറഞ്ഞു.
2017ലെ കൂട്ടക്കൊലയെ കുറിച്ച് വിശദീകരിക്കവെ അതൊരു ആഭ്യന്തര സംഘട്ടനം ആയിരുന്നെന്നും അറാക്കന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി പോലുള്ള തീവ്രവാദികള്‍ നടത്തിയ ആക്രമണത്തോട് സൈന്യം പ്രതികരിക്കുകയായിരുന്നുവെന്ന് സൂചി പറഞ്ഞു. കൂടുതല്‍ സൈന്യത്തെ ഉപയോഗപ്പെടുത്തി എന്നത് ശരിയാണ്. പക്ഷേ ന്യൂനപക്ഷ വിഭാഗത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു എന്ന് അതിന് അര്‍ഥമില്ല. വംശഹത്യാ നീക്കത്തെക്കുറിച്ച് അന്വേഷിക്കുകയും കുറ്റക്കാരായ സൈനികരെയും ഓഫിസര്‍മാരെയും ശിക്ഷിക്കുകയും പുറത്താക്കുകയും ചെയ്തു.
റക്കയില്‍ സംസ്ഥാനത്തെ അവസ്ഥ സങ്കീര്‍ണമാണെന്നു പറഞ്ഞ സൂചി റോഹിംഗ്യന്‍ ന്യൂനപക്ഷം അനുഭവിക്കുന്ന പ്രയാസങ്ങള്‍ തനിക്കറിയാമെന്നു സമ്മതിച്ചു.
മ്യാന്മര്‍ സൈനികമേധാവിക്ക്
യു.എസ് ഉപരോധം
വാഷിങ്ടണ്‍: വംശഹത്യയുമായി ബന്ധപ്പെട്ട് മ്യാന്മര്‍ സൈനികമേധാവി മിന്‍ ഓങ് ഹ്‌ലൈങ്ങിനും മൂന്നു മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ക്കുമെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തി.
നിരപരാധികളായ മനുഷ്യരെ കൊലചെയ്യുന്നതിനോടും ബലാല്‍സംഗം ചെയ്യുന്നതിനോടും യു.എസ് സഹിഷ്ണുത കാണിക്കില്ലെന്ന് ട്രഷറി സെക്രട്ടറി എംനച്ചിന്‍ പറഞ്ഞു.
രക്ഷപ്പെടാന്‍ ശ്രമിച്ച നൂറോളം
റോഹിംഗ്യര്‍ ജയിലില്‍
നയ്പിതോ: മ്യാന്മറില്‍ റോഹിംഗ്യരെ അടിച്ചമര്‍ത്തുന്നതിനെ സൂചി ലോകകോടതിയില്‍ നിഷേധിക്കുമ്പോഴും രാജ്യത്ത് നൂറോളം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ജയിലിലാണെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. ഇതില്‍ 25 പേര്‍ കുട്ടികളാണ്.
അധികൃതരുടെ അനുമതിയില്ലാതെ ജന്മനാട് വിട്ടുപോകാന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. മരുന്നോ ഭക്ഷണമോ ഒന്നുമില്ലാതെ നരകിക്കുന്നതിനാലാണ് റക്കയിന്‍ സംസ്ഥാനത്തുള്ളവര്‍ പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. രണ്ടുവര്‍ഷത്തെ തടവിനാണ് ഇവരെ ശിക്ഷിച്ചിരിക്കുന്നത്. നവംബറില്‍ ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."