മുനിസിപ്പാലിറ്റി ഫണ്ട് വകയിരുത്തി; കാച്ചടിയിലെ പൈപ്പ് ലൈന്‍ ഉടന്‍ പുനഃസ്ഥാപിക്കും
തിരുരങ്ങാടി: മുനിസിപ്പാലിറ്റി തന്നെ കനിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന കുടിവെള്ള പൈപ്പ് ഉടന്‍ പുനഃസ്ഥാപിക്കും.
ദേശീയപാത കാച്ചടി കൂച്ചാല്‍ റോഡില്‍ രണ്ടുമാസം മുമ്പ് തകര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പാണ് മാറ്റിസ്ഥാപിക്കാന്‍ തിരൂരങ്ങാടി നഗരസഭ മൂന്നര ലക്ഷത്തോളം രൂപ വകയിരുത്തിയത്. പ്രശ്നം പരിഹരിക്കാന്‍ നേരത്തെ പലതവണ വാട്ടര്‍ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചിട്ടും നടപടികള്‍ ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍ക്ക് പരാതിയുണ്ടായിരുന്നു.
തിരൂരങ്ങാടി നഗരസഭാ പരിധിയില്‍ ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് കാച്ചടി. പ്രദേശത്തെ നാല്പതോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയമാണ് വാട്ടര്‍ അതോറിറ്റിയുടെ ഈ കുടിവെള്ള പൈപ്പ്. ദേശീയപാതയില്‍ പുതുതായി നിര്‍മിച്ച അഴുക്കുചാലിന്റെ അടിയിലൂടെയാണ് മുപ്പത് വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈന്‍ കടന്നുപോകുന്നത്.
പൈപ്പിലെ കേടുപാടുകള്‍ തീര്‍ക്കാന്‍ അഴുക്കുചാലിന്റെ കോണ്‍ക്രീറ്റ് തകര്‍ക്കണം. ഇതിന് ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നില്ല. ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള ഭാരിച്ച തുക വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനാകില്ലെന്ന് അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ റഹീമിന്റെ ശ്രമഫലമായി തിരൂരങ്ങാടി മുനിസിപ്പാലിറ്റി ഫണ്ട് വകയിരുത്തുകയായിരുന്നു.
അഴുക്കുചാലിന് അരികിലൂടെയാണ് പുതിയ ലൈന്‍ സ്ഥാപിക്കുക. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തയാഴ്ച വര്‍ക്ക് തുടങ്ങാനാകുമെന്ന് പരപ്പനങ്ങാടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."