ചെക്‌പോസ്റ്റുകള്‍ ഇല്ലാതായി; പകരം വരുന്നത് നിരീക്ഷണ കാമറ
കൊച്ചി: ജി.എസ്.ടി നിലവില്‍ വന്നതിനെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളില്‍ ഇല്ലാതായ ചെക്‌പോസ്റ്റുകളുടെ സ്ഥാനം നിരീക്ഷണ കാമറകള്‍ ഏറ്റെടുക്കുന്നു.
രാജ്യത്ത് ഒട്ടാകെ ഏകീകൃത ചരക്കുസേവന നികുതി നിയമം നിലവില്‍ വന്നതോടെ സംസ്ഥാന അതിര്‍ത്തികളിലെ വില്‍പന നികുതി ചെക്‌പോസ്റ്റുകളും മറ്റും ഇല്ലാതായിരുന്നു. ഇതോടെ, അതിര്‍ത്തിവഴി കടന്നുവരുന്ന വാഹനങ്ങളുടെ പരിശോധനയും നിരീക്ഷണവും ഏറെക്കുറെ നിലക്കുകയും ചെയ്തിരുന്നു.
ഇതോടെ മയക്കുമരുന്നും മറ്റും കടത്താനുള്ള സാധ്യത വര്‍ധിച്ച സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. അതിര്‍ത്തി കടന്നുവരുന്ന വാഹനങ്ങളില്‍ സംശയമുള്ളവയെ നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ പരിശോധന നടത്തുകയുമാണ് ലക്ഷ്യം.
മയക്കുമരുന്ന് കടത്ത് സംഭവങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് നേരത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും റവന്യൂ ഇന്റലിജന്‍സ് വകുപ്പും ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. അമരവിള, ആറ്റുപുറം, കള്ളിക്കാട്, ആര്യങ്കാവ്, കുമളി, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, വാളയാര്‍, മുത്തങ്ങ, കൂട്ടുപുഴ, മഞ്ചേശ്വരം തുടങ്ങി വിവിധ സംസ്ഥാന അതിര്‍ത്തി പ്രവേശന കവാടങ്ങളിലാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക. ഇതിനായി എക്‌സൈസ് വകുപ്പ് ഒരുകോടിയോളം രൂപ ചെലവഴിക്കും.
രാത്രിയും ദൃശ്യങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്ന അത്യാധുനിക കാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതി. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ ഒരുമാസത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എക്‌സൈസ് കമ്മിഷണര്‍, അഡീ. എക്‌സൈസ്് കമ്മിഷണര്‍,ജോ. എക്‌സൈസ് കമ്മിഷണര്‍, ബന്ധപ്പെട്ട എക്‌സൈസ് സി.ഐമാര്‍ തുടങ്ങിയവരുടെ ഓഫിസുകളില്‍ നേരിട്ട് ലഭ്യമാകും വിധമാണ് ക്രമീകരിക്കുക. രാജ്യത്ത് ഏറ്റവുമധികം മയക്കുമരുന്ന് എത്തുന്ന രണ്ടാമത്തെ സംസ്ഥാനം എന്ന 'പദവി' അടുത്തകാലത്ത് കേരളത്തിന് ലഭിച്ചിരുന്നു. പഞ്ചാബിനാണ് ഒന്നാംസ്ഥാനം.
ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം സംസ്ഥാനത്തേക്ക് വന്‍തോതില്‍ കഞ്ചാവും മറ്റ് മയക്കുമരുന്നുകളും എത്തുന്നതായും എക്‌സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."