ബഹ്‌റൈൻ ദേശീയ ദിനം; കെഎംസിസി സമൂഹ രക്തദാനക്യാംപ് നാളെ തുടങ്ങും
- വെള്ളിയാഴ്ച സല്‍മാനിയ്യയിലും ശനിയാഴ്ച ബി.ഡി.എഫിലുമാണ് രക്തദാനം
മനാമ: ബഹ്‌റൈൻ ദേശീയ ദിനാ ഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ കെഎംസിസി ദ്വിദിന രക്ത ദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹി കൾ മനാമയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ.എം.സി.സി ബഹ്റൈനു കീഴില്‍ ഇത്തവണ 30മത് രക്തദാന സംഗമമാണ് നടക്കുന്നത്. ഡിസംബർ 13ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 വരെ സല്‍മാനിയ്യ മെഡിക്കല്‍ സെന്‍ററിലും ഡിസംബർ 14 ശനിയാഴ്ച ഉച്ചക്ക് 2 മുതൽ 5 വരെ ബഹ്‌റൈൻ ഡിഫൻസ് ഹോസ്പിറ്റലിൽ വെച്ചുമാണ് രക്തദാനം.
ബഹ്റൈനിലെ ടീ ടൈമിന്റെ സഹകരണത്തോടെയാണ് ഇത്തവണത്തെ രക്തദാന ക്യാമ്പ് നടക്കുന്നത്. ബഹ്റൈനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെ പ്രമുഖര്‍ ക്യാമ്പ് സന്ദര്‍ശിക്കും. ക്യാമ്പിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
'സുരക്ഷിത രക്തം എല്ലാവര്‍ക്കും' എന്നതാണ് ഈ വര്‍ഷത്തെ ലോക രക്തദാന സന്ദേശം. സമൂഹ രക്ത ദാനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് വ്യാപകമായ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് 'ജീവസ്പര്‍ശം' എന്നപേരില്‍ കെ എം സി സി നിരവധി വര്‍ഷങ്ങളായി നടത്തി വരുന്ന രക്തദാന ക്യാമ്പിന്‍റെ സവിശേഷത .ഇതിലൂടെ പൊതുസമൂഹത്തില്‍ നിന്നും ആവേശകരമായ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
പ്രവാസികളായ മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും സ്വദേശികളുള്‍പ്പടെ പാകിസ്ഥാന്‍ ,ബംഗ്ളാദേശ് ,ഫിലിപ്പിന്‍സ് തുടങ്ങി വിവിധ രാജ്യക്കാരും രക്തദാന സന്നദ്ധരായി പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
2009ലാണ് കെ.എം.സി.സി രക്തദാന പദ്ധതി ആരംഭിച്ചത്.
ബഹ്റൈനിലെ സല്‍മാനിയ്യ, ബി.ഡി.എഫ്, മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റലുകളിലായി ഇതു വരെ 21 രക്തദാന ക്യാമ്പുകളും 8 എക്സ്പ്രസ് ക്യാമ്പുകളും കഴിഞ്ഞ 10 വര്‍ഷമായി സംഘടന നിര്‍വ്വഹിച്ചിട്ടുണ്ട്.
കൂടാതെ അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാണ്. രക്തദാന സേവനത്തിനു മാത്രമായി www.jeevasparsham.com എന്ന വെബ് സൈറ്റും blood book എന്നപേരില്‍ പ്രത്യേകം ആപ്പും പ്രവര്‍ത്തിക്കുന്നുണ്ട്.
ബഹറൈനില്‍, രക്തദാന ത്തിന്‍റെ സന്ദേശം ഇത്രയധികം പ്രാധാന്യത്തോടെ ജനങ്ങളില്‍ എത്തിക്കുവാനായി വളരെ വിപുലമായ രീതിയില്‍ വിവര ശേഖരണം നടത്തി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് കെ എം സി സി മാത്രമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.
മികച്ച രക്തദാന പ്രവര്‍ത്തനത്തിന് ബഹ്റൈന്‍ ആരോഗ്യ മന്ത്രിയുടെ പ്രത്യേക അവാർഡ്, ബഹ്‌റൈൻ പ്രതിരോധ മന്ത്രാ ലയം ഹോസ്പിറ്റൽ അവാർഡ്, ബഹ്‌റൈൻ കിങ് ഹമദ് യൂണി വേഴ്സിറ്റി ഹോസ്പിറ്റൽ അവാർഡ്, ഇന്ത്യൻ എംബസിയുടെയും അനുമോദനങ്ങൾ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം കെ എം സി സിക്ക് ലഭിച്ചിട്ടുണ്ട്.
കേരളത്തിലും സി.എച്ച് സെന്‍റര്‍, സ്പര്‍ശം ബ്ലഡ് ഡോണേഴ്സ് കേരള എന്നിവയുമായി സഹകരിച്ചു കൊണ്ട് നിരവധി പ്രവര്‍ത്തനം നടത്തി വരുന്നു.
കൂടാതെ, നിര്‍ദ്ധനരായ ബഹ്റൈനിലെ പ്രവാസി മലയാളികള്‍ക്കായി പ്രവാസി ബൈത്തു റഹ്മ , ജീവജലം കുടിവെള്ള പദ്ധതി ,തണല്‍ ഭവന പദ്ധതി ,സമൂഹ വിവാഹം ,അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതി ,പ്രവാസി പലിശ രഹിത നിധി, സി.എച്ച് സെന്‍റര്‍ മുഖേന ഐ.സി.യു ആംബുലന്‍സ് സര്‍വ്വീസ്, ശിഹാബ് തങ്ങള്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി ,റിലീഫ് സെല്‍,വിദ്യാഭ്യാസ സഹായങ്ങള്‍ ,മയ്യിത്ത് പരിപാലന സേവനങ്ങള്‍,ബിസിനസ് മീറ്റുകള്‍, ഈദ് സംഗമങ്ങള്‍ , നോർക്കഹെല്പ് ഡസ്ക് , പ്രവാസി വോട്ട് ഹെല്പ് ഡസ്ക് തുടങ്ങി വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് പ്രവാസി സമൂഹത്തിനും മറ്റുമായി കെ എം സി സി ബഹ്റൈന്‍ നടത്തികൊണ്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഡിസം.13, 14 ദിനങ്ങളിലായ നടക്കുന്ന രക്തദാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 00973-34593132, 33210288, , 39881099, 39841984 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവര്‍ 39903647, 33210288 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈസ്, പ്രസി. ശാഫി പാറക്കട്ട, ജീവ സ്പര്‍ശം സംഘാടകരായ കെ.കെ.സി മുനീർ, എ.പി ഫൈസല്‍, ഫൈസല്‍ കോട്ടപ്പള്ളി, ശിഹാബ് പ്ലസ്, അഷ്‌റഫ് മഞ്ചേശ്വരം, ഒ കെ കാസിം, മാസിൽ പട്ടാമ്പി, ഹാരിസ് തൃത്താല, ടീ ടൈം ഡയറക്ടർ മാരായ അഷ്‌റഫ് മായഞ്ചേരി, മുഹമ്മദ് എം പേരാമ്പ്ര എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."