സഊദിയിൽ ആശുപത്രിക്ക് നേരെ ഹൂതി ഷെല്ലാക്രമണം; ആളപായമില്ല
റിയാദ്: സഊദിയിലെ യമൻ അതിർത്തിയിൽ ജിസാൻ പ്രവിശ്യയിൽ ആശുപത്രിക്ക് നേരെ ഹൂതികൾ ഷെല്ലാക്രമണം നടത്തി. യമനിലെ ഹൂതി കേന്ദ്രത്തിൽ നിന്നാണ് ചൊവാഴ്‌ച രാത്രി പ്രവിശ്യയിലെ ഹരദ് ജനറൽ ആശുപത്രിക്കു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായമോ കനത്ത നാശ നഷ്‌ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
യമനിലെ ഇറാൻ അനുകൂല ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് കേണൽ യഹ്‌യ അൽ ഖഹ്‌താനി പറഞ്ഞു. ആക്രമണത്തിൽ ആശുപത്രി കോമ്പൗണ്ട് ചുറ്റുമതിലിനു കേടുപാടുകൾ സംഭവിച്ചു. ആശുപത്രിക്ക് പുറമെ സമീപത്തെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
സംഘർഷ കലുഷിതമായ യമനുമായി അതിർത്തി പങ്കിടുന്ന സഊദി പ്രദേശമാണ് ജിസാൻ. നേരത്തെ നിരവധി ആക്രമണങ്ങളാണ് ജിസാൻ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയിരുന്നത്. ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ മിക്കതും സഊദി സഖ്യസേന പ്രതിരോധിച്ചിരുന്നു. യമനിൽ സമാധാനം പുനഃസ്ഥാപിക്കാൻ യു.എൻ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."