ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം
കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് കൊളംബോയില്‍ തുടക്കമാകും. ആദ്യ ടെസ്റ്റില്‍ ആധികാരിക വിജയം നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ന് തുടങ്ങുന്ന പോരാട്ടം വിജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണിപ്പോള്‍.
ന്യുമോണിയ ബാധിച്ച് ഒന്നാം ടെസ്റ്റില്‍ കളിക്കാതിരുന്ന ഓപണര്‍ കെ.എല്‍ രാഹുല്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തും. രാഹുലിന് പകരം ഒന്നാം ടെസ്റ്റില്‍ കളിക്കാന്‍ അവസരം ലഭിച്ച അഭിനവ് മുകുന്ദ് ആദ്യ ഇന്നിങ്സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്സില്‍ 81 റണ്‍സെടുത്ത് മികവിലേക്കുയര്‍ന്നിരുന്നു. ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ ശിഖര്‍ ധവാനും സെഞ്ച്വറിയോടെ തിരിച്ചുവരവ് ആഘോഷിച്ചപ്പോള്‍ ആരെ കൊള്ളും ആരെ തള്ളും എന്ന നിലയായി മാറുകയായിരുന്നു ടീം തിരഞ്ഞെടുപ്പ്.
പ്രകടനത്തിലെ സ്ഥിരത കണക്കിലെടുത്താണ് രാഹുലിന് അവസരം ലഭിച്ചിരിക്കുന്നത്. ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ ഹര്‍ദിക് പാണ്ഡ്യ ഇന്ന് തുടങ്ങുന്ന പോരാട്ടത്തിനുള്ള ടീമിലുണ്ടാകില്ല. പിച്ച് സ്പിന്നിനനുകൂലമായതിനാല് ജഡേജ, അശ്വിന് എന്നിവര്‍ക്കൊപ്പം കുല്‍ദീപ് യാദവും ടീമിലിടം പിടിക്കും.
ശ്രീലങ്കന്‍ നായകന് ദിനേഷ് ചാന്‍ഡിമല്‍ ടീമില്‍ തിരിച്ചത്തുന്നതാണ് ആതിഥേയര്‍ക്ക് ആശ്വാസമായി നില്‍ക്കുന്നത്. ആദ്യ ടെസ്റ്റില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ ലങ്ക തിരിച്ചുവരവിനാണ് കോപ്പുകൂട്ടുന്നത്.
ഇന്ത്യന്‍ വിശ്വസ്തന് ചേതേശ്വര്‍ പൂജാര കരിയറിലെ 50ാം ടെസ്റ്റിനാണ് കൊളംബോയില്‍ ഇറങ്ങുന്നത്. ആര് അശ്വിന് ഈ ടെസ്റ്റില്‍ 50 റണ്‍സ് സ്കോര്‍ ചെയ്താല്‍ താരം ടെസ്റ്റില്‍ 2000 റണ്‍സിലെത്തും.
സാധ്യതാ ടീം: ഇന്ത്യ- കോഹ്ലി (ക്യാപ്റ്റന്‍), ധവാന്, രാഹുല്‍, പൂജാര, രഹാനെ, അശ്വിന്, സാഹ, ജഡേജ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ശ്രീലങ്ക- ചാന്‍ഡിമല്‍ (ക്യാപ്റ്റന്‍), ഉപുല്‍ തരംഗ, കരുണരത്നെ, കുശാല്‍ മെന്‍ഡിസ്, ആഞ്ജലോ മാത്യൂസ്, ഡിക്ക്വെല്ല, ധനഞ്ജയ ഡിസില്‍വ, ദില്‍റുവാന്‍ പെരേര, ഹെറാത്ത്, പുഷ്പകുമാര, നുവാന്‍ പ്രദീപ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."