ഇങ്ങനെയുമൊരു മാഷ്
#അലിഫ് ഷാഹ്
ഫോട്ടോ: ദാസന്‍ വാണിയമ്പലം
ഇത് ഗിരീഷ് മാരേങ്ങലത്ത്. കവിതയും ഫോട്ടോഗ്രഫിയും യാത്രയുമെല്ലാം ജീവനായി കൊണ്ടുനടക്കുന്നൊരു അധ്യാപകന്‍. സ്‌കൂള്‍പാഠങ്ങള്‍ ഉരുവിട്ടു പഠിപ്പിക്കുന്ന ഒരു അധ്യാപന ജീവിതമല്ല ഗിരീഷ് മാരേങ്ങലത്തിന്റേത്. അനുഭവപാഠമായി ഗിരീഷ് കുട്ടികള്‍ക്കുമുന്നില്‍ നടക്കുകയാണ്. പ്രതിഭാവിലാസങ്ങളുടെ വര്‍ണക്കുപ്പായങ്ങള്‍ ഒരുപാടുണ്ടെങ്കിലും കുട്ടികളുടെ പ്രിയ ഗിരീഷ് മാഷ്, നാട്ടുകാരുടെ എത്രയും പ്രിയപ്പെട്ട കുട്ടന്‍ മാഷ് എന്ന് അറിയപ്പെടാനാണ് അദ്ദേഹത്തിന് ഏറെയിഷ്ടം. അതുകൊണ്ടുകൂടിയാണ് ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ഗിരീഷിനെ തേടിയെത്തിയപ്പോള്‍ അതൊരു നാടിന്റെ തന്നെ ആഘോഷമായിമാറിയത്. അതിനുപിന്നിലൊരു കഥയുണ്ട്.
അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഒരു സ്‌കൂളിനെ സംസ്ഥാനത്തെ തന്നെ മികച്ച സര്‍ക്കാര്‍ വിദ്യാലയങ്ങളിലൊന്നാക്കി മാറ്റിയയാളാണ് ഗിരീഷ്. കാളികാവ് ബസാര്‍ സ്‌കൂളിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി വരുമ്പോള്‍ ഗിരീഷിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. അസാധ്യമെന്നു കൂടെയുള്ളവര്‍ വിധിയെഴുതിയ ഒരു സാഹസത്തിനൊരുങ്ങുകയായിരുന്നു അദ്ദേഹം. അല്ലെങ്കിലും അസാധ്യതകള്‍ സാധ്യമാക്കുന്നതിലായിരുന്നു ഗിരീഷിന് എന്നും ഹരം.
- പൂജ്യത്തില്‍നിന്ന് പൂര്‍ണതയിലേക്ക്
ആയിരത്തി ഇരുന്നൂറോളം കുട്ടികള്‍ പഠിച്ചിരുന്ന ഒരു സ്‌കൂള്‍ മുന്നൂറോളം പേരിലേക്കു ചുരുങ്ങി പതിയെ പതിയെ മാഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കാളികാവില്‍. അവിടെനിന്നാണ് വിദ്യാലയത്തെ വിജയവഴിയിലേക്കു കൈപിടിച്ചു നടത്താന്‍ രക്ഷകന്റെ വേഷത്തില്‍ ഗിരീഷ് മാരേങ്ങലത്ത് അവതരിക്കുന്നത്. അണ്‍ എയ്ഡഡ് സ്‌കൂളുകളും ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും കൂണുകള്‍ പോലെ മുളച്ചുപൊങ്ങി വിദ്യാഭ്യാസ മാര്‍ക്കറ്റില്‍ നിറഞ്ഞുനിന്നപ്പോള്‍ സവിശേഷമായി മേന്മകള്‍ പറഞ്ഞ് ആകര്‍ഷിക്കാന്‍ ഒന്നുമില്ലാതെ വെറും ശൂന്യമായൊരു വിദ്യാലയമായിരുന്നു കാളികാവ് ബസാര്‍ സ്‌കൂള്‍.
അധ്യാപകനായി സ്‌കൂളില്‍ ചേര്‍ന്ന ഉടന്‍തന്നെ രക്ഷിതാക്കളുടെ യോഗം വിളിച്ചു. സ്‌കൂളിനെ പഴയ പ്രതാപത്തിലേക്കു തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് അവരുടേതായ ഒരുപാടു നിര്‍ദേശങ്ങളുണ്ടായിരുന്നു. സ്‌കൂള്‍ കിറ്റുകള്‍, കുടകള്‍ പോലെയുള്ള സമ്മാനങ്ങള്‍ കൊടുത്തു കുട്ടികളെ വീടുകളില്‍ പോയി ക്ഷണിച്ചുകൊണ്ടുവരാനായിരുന്നു അതിലൊന്ന്. എന്നാല്‍, സ്‌കൂള്‍ തേടി കുട്ടികളും രക്ഷിതാക്കളും വരുന്ന രീതിയിലേക്കു നമുക്കു മാറാന്‍ കഴിയണം, അതിനു നമ്മളും സ്‌കൂളും സ്വയം മാറണമെന്ന ഒറ്റനിര്‍ദേശം മാത്രം തിരിച്ച് അവര്‍ക്കു മുന്നില്‍വച്ചു. ബാക്കിയെല്ലാം ചരിത്രം.
അങ്ങനെ പതുക്കെ മാറ്റത്തിലേക്കു ചുവടുവച്ചു ബസാര്‍ സ്‌കൂള്‍. ആ മാറ്റത്തിന്റെ തുടര്‍ച്ചയായി സ്‌കൂളിനായി ഒരു ഡോക്യുമെന്ററി നിര്‍മിച്ചു. സ്വന്തമായൊരു മാഗസിന്‍ പുറത്തിറക്കുകയും ചെയ്തു. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒന്നിച്ച് ആഘോഷമാക്കി മാറ്റി. സഹാധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും കൂടെ നിന്നപ്പോള്‍ ബസാര്‍ സ്‌കൂളില്‍ പഠിക്കുകയെന്നതു നാട്ടിലെ ഓരോ കുട്ടികളുടെയും അഭിമാനപ്രശ്‌നമായിത്തീര്‍ന്നു.
- ടാലന്റ് ലാബിന്റെ 'സൂത്രധാരന്‍'
നിലമ്പൂര്‍ സ്‌കൂളിലായിരുന്നപ്പോള്‍ തുടങ്ങിവച്ച പദ്ധതിയായിരുന്നു 'ഓരോ കുട്ടിയും ഒന്നാമന്‍' എന്ന പ്രോജക്ട്. അതിന്റെ തുടര്‍ച്ചയായിരുന്നു ബസാര്‍ സ്‌കൂളില്‍ വിജയകരമായി നടപ്പാക്കിയത്. ഓരോ കുട്ടിയിലും ജന്മനായുള്ള പ്രതിഭയെ കണ്ടെത്തുകയും അവരെ ആ വഴിയിലൂടെ നയിച്ചു പൂര്‍ണ വിജയത്തിലെത്തിക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
പാട്ടുപാടുന്നവര്‍, കഥയെഴുതുന്നവര്‍, കായികരംഗത്ത് ശോഭിക്കാനാകുന്നവര്‍, ചിത്രകലാ ശേഷിയുള്ളവര്‍, കരകൗശല നിര്‍മാണ വാസനയുള്ളവര്‍, പ്രസംഗിക്കാനറിയുന്നവര്‍, അഭിനയശേഷിയുള്ളവര്‍... അങ്ങനെ വ്യത്യസ്ത അഭിരുചികളുള്ള പ്രതിഭകളെ കുട്ടികളില്‍നിന്നു കണ്ടെത്തി പ്രോത്സാഹിപ്പിച്ചു വളര്‍ത്തിയെടുക്കുക. അതിനുള്ള സാഹചര്യങ്ങളും സാധ്യതകളും ഒരുക്കുക.. ഇതായിരുന്നു പദ്ധതി. സര്‍വശിക്ഷാ അഭിയാന്‍ നടത്തിയ സംസ്ഥാന മികവുത്സവത്തിലും ദേശീയ സെമിനാറിലും ഈ പ്രോജക്ട് പരിചയപ്പെടുത്താനായി.
ഇ.എഫ്.ടി, എന്‍.എല്‍.പി എന്നിങ്ങനെ രണ്ടു പരിശീലനങ്ങള്‍ കഴിഞ്ഞശേഷമാണു മനഃശാസ്ത്രം കൂടി സമന്വയിപ്പിച്ച് 'ഓരോ കുട്ടിയും ഒന്നാമന്‍' എന്ന നിലവിലെ പ്രോജക്ട് 'ഉറവ' എന്ന പുതിയൊരു പദ്ധതിയായി അവതരിപ്പിക്കുന്നത്. 'ടാലന്റ് ലാബ് ' എന്ന പേരില്‍ ഇന്ന് കേരളത്തിലുടനീളം നടക്കുന്ന സര്‍ക്കാരിന്റെ പദ്ധതിക്ക് ഈ ആശയമാണു പ്രചോദനമായതെന്നത് ഗിരീഷിനു ലഭിക്കുന്ന ഒരു അനൗദ്യോഗിക അംഗീകാരം കൂടിയാണ്. ഒരു അധ്യാപകന് കുട്ടികളില്‍ ഒരാളായി മാറാന്‍ കഴിയുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ അതിനു ചില വഴികളുണ്ട്. ഗിരീഷിന്റെ അധ്യാപനതന്ത്രം തന്നെ കുട്ടികളോടിണങ്ങിച്ചേര്‍ന്ന് അവരിലൊരാളാകുന്നതാണ്. ആ തന്ത്രം അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
നാല്‍പ്പത്തിനാലു കുട്ടികളാണ് എന്റെ ക്ലാസിലുള്ളത്. ഓരോ കുട്ടിയുടെയും മുഖം മാത്രമാണ് ക്ലാസിലിരിക്കുമ്പോള്‍ നമുക്കു മുന്നില്‍ കിട്ടുന്നത്. ഒരു വ്യക്തിയായി അവരെ അനുഭവിക്കമെങ്കില്‍ അവരുടെ വീടുമായി നമുക്കൊരു ബന്ധം വേണം. ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ വീട് സന്ദര്‍ശിക്കുന്ന ശീലം പത്തിരുപതു വര്‍ഷമായി തുടരുന്നു. പണ്ട് സ്‌കൗട്ട് പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് (1998-99 കാലത്ത്) ആദ്യമായി ഗൃഹസന്ദര്‍ശനം തുടങ്ങുന്നത്. അതു കുട്ടികളുമായുള്ള സമ്പര്‍ക്കത്തിനും അധ്യാപനത്തിനും ഒരുപാട് ഗുണകരമാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ പിന്നീട് മുടക്കം വരുത്തിയില്ല. മമ്പാട്ടുമൂല, പുല്ലങ്കോട്, എളങ്കൂര്‍, മാളിയേക്കല്‍, നിലമ്പൂര്‍ എന്നിങ്ങനെ മുന്‍പ് ജോലി ചെയ്തിടത്തെല്ലാം ഈ സന്ദര്‍ശനവും തുടര്‍ന്നുപോന്നു.
വീടും സാഹചര്യവും അടുത്തറിയുന്നതിനും കുട്ടികളുമായും രക്ഷിതാക്കളുമായും നല്ല ആത്മബന്ധം സ്ഥാപിക്കുന്നതിനും കുട്ടികളില്‍ ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും ഇത്തരം സന്ദര്‍ശനങ്ങള്‍ സഹായിച്ചിട്ടുണ്ട്. സ്‌കൂള്‍ വിട്ട് ഒരു മണിക്കൂര്‍ കൊണ്ട് ചുരുങ്ങിയത് രണ്ടു കുട്ടികളുടെ വീട് സന്ദര്‍ശിക്കാന്‍ കഴിയും. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം മാറ്റിവച്ചാല്‍പ്പോലും മൂന്നുമാസംകൊണ്ട് മുഴുവന്‍ കുട്ടികളുടെയും വീട്ടിലെത്താം. ആ കുട്ടികളുടെ മുഖത്തുണ്ടാവുന്ന സന്തോഷത്തിളക്കം ഒന്നുമാത്രം മതി അധികമായി ചെലവഴിക്കുന്ന ആ മണിക്കൂറുകള്‍ ധന്യമാവാന്‍...
- ലിംക ബുക്കില്‍
അധ്യാപകനെന്ന പരിമിതവൃത്തത്തില്‍ ഒതുക്കാന്‍ കഴിയുന്ന ഒരു വ്യക്തിത്വമല്ല ഗിരീഷിന്റേത്. ഇന്ത്യയില്‍ ഒരുപാട് സ്ഥലങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ മൊബൈല്‍ ഫോട്ടോകളുടെ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് ഇദ്ദേഹം. ആദ്യം ഒരു കൗതുകത്തിനു തുടങ്ങി പിന്നീട് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ഫോട്ടോഗ്രഫിയില്‍ നിരന്തരം പഠനങ്ങളും പരീക്ഷണങ്ങളുമായി അലയുകയായിരുന്നു ഗിരീഷ്. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുള്ളവരും മാധ്യമങ്ങളും നല്‍കിയ പിന്തുണ കൊണ്ട് പ്രദര്‍ശനങ്ങള്‍ പിന്നീട് വിജയകരമായി മുന്നോട്ടുപോവുകയായിരുന്നു. ഈ 'ചെറിയ ചിത്രങ്ങളുടെ വലിയ പ്രദര്‍ശനം' അങ്ങനെ നൂറാം പ്രദര്‍ശനത്തോടെ ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംപിടിച്ചു.
മദ്യം, മയക്കുമരുന്ന്, പ്രകൃതിചൂഷണം എന്നിവയ്‌ക്കൊക്കെ എതിരായ സന്ദേശങ്ങള്‍ പകരുന്ന ചിത്രങ്ങള്‍ മുതല്‍ ആകസ്മികമായി വീണുകിട്ടുന്ന കൗതുകക്കാഴ്ചകളും പ്രദര്‍ശനചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. സാമൂഹിക തിന്മകള്‍ക്കെതിരേ വിരല്‍ചൂണ്ടുന്ന 'കുഞ്ഞന്‍ ഫോട്ടോ'കള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദേശീയമാധ്യമങ്ങള്‍ വരെ വലിയ പ്രാധാന്യത്തോടെ അവയെ പരിചയപ്പെടുത്തി.
- പറന്നുപറന്ന്
യാത്രകളെ ഒരുപാടു സ്‌നേഹിക്കുന്ന ഗിരീഷ് അവധിദിവസങ്ങള്‍ മിക്കതും യാത്രകള്‍ക്കു വേണ്ടി മാറ്റിവയ്ക്കുകയാണു പതിവ്. എത്ര ദിവസം ഈ തിരക്കുകളുടെ ഒഴുക്കില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവുമെന്നതു നോക്കിയാണ് യാത്രാദിനങ്ങളും സ്ഥലവും നിശ്ചയിക്കുക. ഇന്ത്യയില്‍ ഗിരീഷ് കാണാത്ത ഇടങ്ങള്‍ ചുരുക്കമായിരിക്കും. പലയിടത്തേക്കും സ്വന്തമായി ബൈക്കിലായിരുന്നു യാത്ര. ചിലപ്പോള്‍ സമാനമനസ്‌കരായ കൂട്ടുകാരെയും കൂട്ടും.
യാത്രകള്‍ വെറുതെ നാടുകാണുക എന്ന ലക്ഷ്യത്തില്‍ മാത്രമായിരുന്നില്ല. പല യാത്രകള്‍ക്കും പിന്നില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ലക്ഷ്യങ്ങളുമുണ്ടായിരുന്നു. പാലിയേറ്റിവ് സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി കേരളത്തിലുടനീളം സഞ്ചരിച്ച ബൈക്കുയാത്ര അതിലൊന്ന്. രാത്രിയും പകലും ഭേദമില്ലാതെ ആശുപത്രികളും പാലിയേറ്റിവ് സെന്ററുകളും കയറിയിറങ്ങി സന്നദ്ധപ്രവര്‍ത്തകരെയും ജനപ്രതിനിധികളെയും കോര്‍ത്തിണക്കി ജീവകാരുണ്യത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയായിരുന്നു ഈ യാത്രയിലൂടെ. പല രംഗങ്ങളിലായി ചിതറിക്കിടക്കുന്ന പാലിയേറ്റിവ് രംഗത്തെ ഇങ്ങനെ കോര്‍ത്തിണക്കി കൂട്ടായ്മയാക്കുന്നത് തെക്കന്‍ ജില്ലകളിലുള്ളവര്‍ക്കു പുതിയ അനുഭവം തന്നെയായിരുന്നു.
യാത്രകള്‍ ഹരമായിമാറിയതില്‍ പിന്നെ രാജ്യത്തിന്റെ അതിരുകള്‍ ഭേദിച്ചു പുറത്തേക്കുള്ള പ്രയാണവും തുടങ്ങി. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, വത്തിക്കാന്‍, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങി ദേശാന്തരഗമനങ്ങള്‍ ഇന്നും തുടരുന്നു. യാത്ര ആഗ്രഹിക്കുമ്പോള്‍ പണത്തെ കുറിച്ചു ചിന്തിക്കാറില്ലെന്നും എങ്ങനെയും അതു സാധ്യമാക്കുക എന്നതു മാത്രമേ ആ സമയത്തു ചിന്തിക്കാറുള്ളൂവെന്നും ചിരിച്ചുകൊണ്ടു പറയുന്നു ഗിരീഷ്. യാത്രയും അനുഭവങ്ങളും പില്‍ക്കാലത്ത് തന്റെ ജീവിതത്തില്‍ പലതും കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും അവ കൂടി ചേര്‍ത്തുവച്ചാണു പുതിയ കാലത്തോട്, പുത്തന്‍ തലമുറയോട് സംവദിക്കുകയും അവരുടെ ചിന്തകളില്‍ ഇടപെടുകയും ചെയ്യുന്നതെന്നും ഗിരീഷ്.
- സാഹിത്യത്തിലും മാഷ്
ആറുവര്‍ഷത്തോളമായി കേരളത്തിലെ പുതുമുഖ എഴുത്തുകാര്‍ക്കും സാഹിത്യാഭിരുചിയുള്ള സഹൃദയര്‍ക്കുമായി കാളികാവ് സാഹിതി സംഘടിപ്പിക്കുന്ന സാഹിത്യക്യാംപിന്റെ മുന്‍നിരയില്‍ ഗിരീഷുമുണ്ട്. അതുകൊണ്ടു തന്നെ സാഹിത്യക്യാംപ് എന്നതിലുപരി ഫോട്ടോഗ്രഫി, ഷോര്‍ട്ട്ഫിലിം പോലെയുള്ള വിഷയങ്ങളില്‍ ശില്‍പശാല, യാത്ര, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുതിര്‍ന്ന സാഹിത്യകാരന്മാരുമായുള്ള സംവാദം എന്നിങ്ങനെ ഓരോ ക്യാംപുകളും വൈവിധ്യം കൊണ്ടു വേറിട്ടുനില്‍ക്കുന്നു.
കുഞ്ഞന്‍ ഫോട്ടോകള്‍ പോലെ കുഞ്ഞുകവിതകളും ഗിരീഷ് എഴുതാറുണ്ട്. 'ഹോ', 'രണ്ടുപേര്‍ക്കും ലീവില്ല' എന്നീ രണ്ടു കവിതാസമാഹാരങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. യാത്രാനുഭവങ്ങള്‍ ഒരു പുസ്തകമാക്കി ഇറക്കാനുള്ള പണിപ്പുരയിലാണിപ്പോള്‍.
- അധ്യാപകരുടെ അധ്യാപകന്‍
അധ്യാപനത്തിന്റെ തിരക്കുകള്‍ക്കിടയിലും സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി മേഖലകളില്‍ ഇടപെടാന്‍ കഴിയുന്നുവെന്നതൊരു ഭാഗ്യമായാണ് ഗിരീഷ് കണക്കാക്കുന്നത്. ടീച്ചേഴ്‌സ് എംപവര്‍മെന്റ് ക്ലാസുകളിലാണ് ഇപ്പോള്‍ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഠനത്തിന്റെ ഭാഗമായി നിരവധി മനഃശാസ്ത്ര ക്ലാസുകളില്‍ പങ്കെടുത്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് ക്ലാസുകള്‍. കുട്ടികള്‍ക്കല്ല, ഇനി കുട്ടികളെ നയിക്കുന്ന അധ്യാപകര്‍ക്കാണു പരിശീലനം വേണ്ടതെന്നു സ്വയം തിരിച്ചറിഞ്ഞശേഷമാണ് ഈ മേഖലയില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ ഇത്തരത്തിലുള്ള നിരവധി ക്ലാസുകളിലൂടെ അധ്യാപകരെ ആത്മവിശ്വാസത്തോടെ പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ പ്രാപ്തരായ നായകന്മാരായി മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഗിരീഷ് അഭിമാനത്തോടെ പറയുന്നു. സിലബസിനകത്തെ പരിമിത പാഠഭാഗങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന ശമ്പളക്കാര്‍ മാത്രമല്ല അധ്യാപകരെന്നത് ഇന്ന് അവരില്‍ പലര്‍ക്കുമൊരു തിരിച്ചറിവാണ്. അധ്യാപനം എങ്ങനെ സര്‍ഗാത്മകമായ ഒരു സമര്‍പ്പണമാക്കാമെന്ന ഒരു സന്ദേശത്തിന്റെ പ്രായോഗികമാതൃകയാണ് ഗിരീഷ് മാരേങ്ങലത്ത് പുതിയ സമൂഹത്തിനു പകരുന്നത്.
ഇപ്പോള്‍ പഠിപ്പിക്കുന്ന ബസാര്‍ സ്‌കൂളില്‍ സ്വന്തമായി വായനശാലയും ലൈബ്രറിയും തുടങ്ങാനുള്ള പ്രയത്‌നത്തിലാണു നാട്ടുകാരുടെ പ്രിയപ്പെട്ട കുട്ടന്‍മാഷ്. തന്നെ വായനാലോകത്തേക്കു വഴിനടത്തിയ, തനിക്കു സ്വപ്‌നങ്ങളുടെ ചിറകുകള്‍ നല്‍കിയ സ്വന്തം അച്ഛന്റെ സ്മരണയ്ക്കുവേണ്ടിയാണ് സ്‌കൂളില്‍ വായനയുടെ വേറിട്ടയിടം ഒരുക്കുന്നത്. ഇതിനായി സാധാരണ സ്‌കൂളുകളിലെ ലൈബ്രറി പോലെ സ്‌കൂളിന്റെ ഏതെങ്കിലുമൊരു മൂല മാറ്റിവയ്ക്കുകയല്ല ചെയ്യുന്നത്. വായനയുടെ ലോകത്തിനായി മാത്രം പുതിയൊരു കെട്ടിടം തന്നെ പണിതുയര്‍ത്താനുള്ള തിരക്കിലാണ് ഈ അധ്യാപകന്‍. അതിനുവേണ്ടി സ്വന്തം അധ്യാപന ജീവിതത്തില്‍നിന്നു സ്വരുക്കൂട്ടിവച്ച അഞ്ചുലക്ഷം മാറ്റിവച്ചിരിക്കുന്നു അദ്ദേഹം!
വിശ്രമിക്കാന്‍ സമയമില്ലാതെ ഗിരീഷ് മാരേങ്ങലത്ത് പുതിയ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഒരുനാടു മുഴുവന്‍ ഇന്ന് അദ്ദേഹത്തോടൊപ്പമുണ്ട്. മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ച അന്നു തുടങ്ങിയ സ്വീകരണങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല. കുട്ടികളുടെ കൊച്ചു പ്രാദേശിക ക്ലബുകള്‍ മുതല്‍ നാട്ടിലെ രാഷ്ട്രീയ കലാ സാംസ്‌കാരിക സംഘടനകള്‍ക്കുവരെ ഇതൊരു ആഘോഷമാണ്. ഗ്രാമനന്മകള്‍ അങ്ങനെയാണ്. ചെറിയ സന്തോഷങ്ങള്‍ പോലും ഏറ്റെടുത്ത് അവര്‍ തങ്ങളുടെ വലിയ ആഘോഷങ്ങളാക്കിമാറ്റും. തങ്ങളിലേക്കുമാത്രം ചുരുങ്ങുന്ന ലോകത്തെ സൃഷ്ടിക്കാന്‍ പാടുപെടുന്ന പുത്തന്‍ലോകത്തിനു മുന്നില്‍ ഒരു നാടും ഒരു അധ്യാപകനും തലയുയര്‍ത്തിനില്‍ക്കുന്നത് അങ്ങനെയൊക്കെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."