നെഹ്റുട്രോഫി: ചരിത്രത്തിലാദ്യമായി 78 വള്ളങ്ങള്‍ മാറ്റുരയ്ക്കും
ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന മേളയായി ഇക്കുറി മാറും. ഇതിനകം 78 വള്ളങ്ങളാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ചരിത്രത്തിലാദ്യമായാണ് ഇത്രയും വള്ളങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നത്. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ ആധുനിക സ്റ്റാര്‍ട്ടിങ് സംവിധാനം ഉറപ്പിക്കുന്നത് ശനിയാഴ്ചയോടെ പൂര്‍ത്തിയാകും. ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍. രേഖയുടെ നേതൃത്വത്തിലുള്ള അടിസ്ഥാന സൗകര്യ സമിതി ഏഴിന് ഇതിന്റെ ട്രയല്‍ റണ്‍ നടത്തും.
കൃത്യമായ ഫോട്ടോഫിനിഷിങ് പോലെ നിശ്ചലമായ സ്റ്റാര്‍ട്ടിങ് സംവിധാനമാണിത്. മൂന്നുതവണത്തെ അറിയിപ്പിനുശേഷം സ്റ്റാര്‍ട്ടിങ് ഡിവൈസ് ഷട്ടര്‍ ഒരേസമയം താഴുന്നതോടെ വള്ളങ്ങള്‍ക്ക് മുന്നോട്ടുപോകാം.
സ്റ്റാര്‍ട്ടറുടെ അറിയിപ്പ് ലഭിക്കാതെ മുന്നോട്ടു നീങ്ങിയാല്‍ അയോഗ്യരാക്കപ്പെടും. സ്റ്റാര്‍ട്ടിങ് കൃത്യത തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.
വഞ്ചിപ്പാട്ട് മത്സരം എട്ടിന്
ആലപ്പുഴ: നെഹ്രുട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് മത്സരം ഓഗസ്റ്റ് എട്ടിന് രാവിലെ എട്ടിന് ആലപ്പുഴ നഗര ചത്വരത്തിലെ കെ.കെ പങ്കജാക്ഷന്‍ നഗറില്‍ നടക്കും. ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ പതാക ഉയര്‍ത്തും.
മന്ത്രി ഡോ. റ്റി.എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. സി.കെ സദാശിവന്‍ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, എ.എ ഷുക്കൂര്‍, ആലപ്പുഴ നഗരസഭാ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്‍, കൗണ്‍സിലര്‍ ബി. മെഹബൂബ്, എസ്.എം ഇക്ബാല്‍, ജോസ് കാവനാട്, തങ്കച്ചന്‍ പാട്ടത്തില്‍, സണ്ണി മുടന്താഞ്ജലി, റജി ജോബ്, പി.കെ വിജയന്‍, കെ.ടി. ബേബി, ആര്‍. രേഖ, എം.വി ഹല്‍ത്താഫ് സംസാരിക്കും. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം മന്ത്രി തോമസ് ചാണ്ടി നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷനാവും.
കെ.സി. വേണുഗോപാല്‍ എം.പി, കെ.കെ ഷാജു, ഡി.വൈ.എസ്.പി എം.വി ഷാജഹാന്‍, അഡ്വ.ജോയിക്കുട്ടി ജോസ്, ആര്‍.കെ. കുറുപ്പ്, എ.വി. മുരളി, മാത്യു ചെറുപറമ്പന്‍, കെ. മോഹന്‍ലാല്‍, ടോമിച്ചന്‍ ആന്റണി, കെ.എം അഷ്‌റഫ്, പി. രാജു, ഷൈബു കെ. ജോണ്‍, വര്‍ഗീസ് കണ്ണമ്പള്ളി, പി.ഡി ജോസഫ,് മുക്കം ബേബി സംസാരിക്കും.
വഞ്ചിപ്പാട്ടാലാപനത്തില്‍ ഒന്നാം സ്ഥാനം നേടുന്ന സ്ത്രീപുരുഷന്മാര്‍ക്ക് 11,000 രൂപയും സീനിയര്‍ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് 8250 രൂപയും ജൂനിയര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 7700 രൂപയും എവര്‍റോളിങ് ട്രോഫിയും ലഭിക്കും.
അച്ചടക്കം പാലിച്ചില്ലെങ്കില്‍ പിടിവീഴും
ആലപ്പുഴ: വള്ളംകളിയില്‍ പങ്കെടുക്കുന്ന തുഴച്ചിലുകാര്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ അപകടം പലതാണ്. ചുരുങ്ങിയത് ഏഴുദിവസമെങ്കിലും പരിശീലനം നടത്തിയില്ലെങ്കില്‍ ബോണസിന് അര്‍ഹതയുണ്ടാകില്ല.
യൂനിഫോം, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ധരിക്കാത്ത ചുണ്ടന്‍ വള്ളങ്ങളെ മത്സരത്തില്‍ പങ്കെടുപ്പിക്കാതിരിക്കാന്‍ ചീഫ് സ്റ്റാര്‍ട്ടര്‍ക്ക് അധികാരമുണ്ട്. ചുണ്ടന്‍ വള്ളങ്ങളില്‍ തുഴയുന്നവരില്‍ ഇതര സംസ്ഥാനക്കാരും ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പടെ 25 ശതമാനത്തില്‍ അധികരിച്ചാല്‍ ശിക്ഷാ നടപടി ഉണ്ടാകും.
ട്രാക്ക് മാറി തുഴയല്‍, മത്സരത്തിന് തടമസമുണ്ടാക്കുക തുടങ്ങിയവ അയോഗ്യത ക്ഷണിച്ചു വരുത്തും.
ഹീറ്റ്‌സ് മത്സരം കഴിഞ്ഞാലുടന്‍ വള്ളങ്ങള്‍ പുറംകായലിലേക്കു മാറ്റിയിടണം. ട്രാക്കിന്റെ പടിഞ്ഞാറു ഭാഗത്തോ വി.ഐ.പി പവലിയന് മുന്‍പിലോ ട്രാക്കിനു കിഴക്കു ഭാഗത്തെ ഐലന്റ് പവലിയലിനു മുന്‍പിലോ കളിവള്ളം പെട്ടാല്‍ അവയ്ക്കുള്ള ബോണസില്‍ 50 ശതമാനം കുറവു വരുത്തും.
ജലഘോഷയാത്രയിലും മാസ്ഡ്രില്‍ സമയത്തും ട്രയല്‍ പരിശീലനം എന്ന പേരില്‍ ചെറുവള്ളങ്ങള്‍ ഫിനിഷിങ് പോയിന്റിലെത്തുന്നത് ശിക്ഷാ നടപടി വിളിച്ചു വരുത്തും.
നിറച്ചാര്‍ത്ത് മത്സരം ഇന്ന്
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി നേഴ്‌സറി-സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 'നിറച്ചാര്‍ത്ത് ' മത്സരങ്ങള്‍ ഇന്ന് രാവിലെ 9.30ന് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ ചിത്രം വരച്ച് ഉദ്ഘാടനം നിര്‍വഹിക്കും.
വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, എ.ഡി.എം എം.കെ കബീര്‍, ആര്‍.ഡി.ഒ എസ്. മുരളീധരന്‍പിള്ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍. രേഖ, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ പി. പാര്‍വതീദേവി സംബന്ധിക്കും. നേഴ്‌സറി-എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കളറിങ് മത്സരം, യു.പി-ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന(പെയിന്റിങ്) മത്സരങ്ങളാണ് നടത്തുക. കളര്‍ പെന്‍സില്‍, ക്രയോണ്‍ഓയില്‍, പേസ്റ്റല്‍സ്, ജലച്ചായം, പോസ്റ്റര്‍, കളര്‍ തുടങ്ങി ഇഷ്ടമുള്ള മാധ്യമം ഉപയോഗിക്കാം.
രേഖാചിത്രം സംഘാടകര്‍ നല്‍കും. മറ്റുപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. ഒരു മണിക്കൂറാണ് സമയം.
ചിത്രരചന (പെയിന്റിങ്) മത്സരത്തിന് വരയ്ക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. മറ്റുപകരണങ്ങള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. രണ്ടു മണിക്കൂറാണ് സമയം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന മൂന്നു വിദ്യാലയങ്ങള്‍ക്കു ട്രോഫി സമ്മാനിക്കും.
സമ്മാനം സ്വീകരിക്കാനെത്തുമ്പോള്‍ വിദ്യാര്‍ഥിയാണെന്നുള്ള സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപത്രംഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കണം.
ക്യാപ്റ്റന്‍സ് ക്ലിനിക്ക്
ആലപ്പുഴ: 65-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഭാഗമായുള്ള ക്യാപ്റ്റന്‍സ് ക്ലിനിക്ക് വൈ.എം.സി.എ ഹാളില്‍ ജില്ലാ കലക്ടര്‍ വീണ എന്‍. മാധവന്‍ ഉദ്ഘാടനം ചെയ്തു.
സമയക്രമം പാലിച്ച് മത്സരങ്ങള്‍ നടത്താന്‍ സംഘാടക സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണ സഹകരണം ഉറപ്പാക്കണമെന്ന് കലക്ടര്‍ പറഞ്ഞു.
മുന്‍എം.എല്‍.എ സി.കെ സദാശിവന്‍ അധ്യക്ഷനായി. ചീഫ് സ്റ്റാര്‍ട്ടര്‍ മുന്‍ എം.എല്‍.എ കെ.കെ ഷാജു, എന്‍.ടി.ബി.ആര്‍ സെക്രട്ടറിയായ ആര്‍.ഡി.ഒ മുരളിധരന്‍പിള്ള, അടിസ്ഥാന സൗകര്യ സമിതി കണ്‍വീനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. രേഖ സംബന്ധിച്ചു.
ചെറുവള്ളങ്ങളുടെ മത്സരം
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്ന ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങള്‍ 12ന് രാവിലെ 11ന് തുടങ്ങും. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സിന് ശേഷം ചെറുവള്ളങ്ങളുടെ ഫൈനല്‍ ആരംഭിക്കും.
ജലഘോഷയാത്ര രണ്ടിന്
ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര കൃത്യം രണ്ടു മണിക്ക് തുടങ്ങും. ഉച്ചയ്ക്ക് ഒന്നിന് കായല്‍ കുരിശടിക്കു മുമ്പില്‍ അണിനിരക്കുന്ന വള്ളങ്ങള്‍ ഘോഷയാത്ര പൈലറ്റിന്റെ നിര്‍ദേശം ലഭിക്കുന്നതോടെ വഞ്ചിപ്പാട്ടു പാടി ഫിനിഷിങ് പോയിന്റിലേക്കു നീങ്ങും. തുടര്‍ന്ന് മാസ് ഡ്രില്ലിന് ശേഷം മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."