ഗൃഹനാഥന്റെ കൊലപാതകം: മുഖ്യപ്രതിയായ ബംഗാള്‍ സ്വദേശി പിടിയില്‍
കുറ്റ്യാടി: മൊകേരിയിലെ വട്ടക്കണ്ടി മീത്തല്‍ ശ്രീധരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മുഖ്യപ്രതിയും ബംഗാള്‍ സ്വദേശിയുമായ യുവാവ് പിടിയില്‍. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി പരിമള്‍ ഹര്‍ദാല്‍ എന്ന പി.കെ ആണ് പിടിയിലായത്.
കഴിഞ്ഞ ജൂലൈ എട്ടിനാണ് ശ്രീധരന്‍ മരിച്ചത്. ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹത ബോധ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഭാര്യയെയും ഭാര്യാ മാതാവിനെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയും ശ്രീധരനെ ഇതരസംസ്ഥാന തൊഴിലാളി ഇവരുടെ സഹായത്തോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലിസിനോട് സമ്മതിച്ചു.
അഞ്ചു മാസം മുന്‍പാണ് ബംഗാള്‍ സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളി വീടുപണിക്കായി സ്വദേശിയായ കോണ്‍ട്രാക്ടറുടെ കൂടെ ശ്രീധരന്റെ വീട്ടിലെത്തിയത്.
പിന്നീട് കോണ്‍ട്രാക്ടറെ ഒഴിവാക്കി ഇയാള്‍ വീട് നിര്‍മാണം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ഇതിനിടയില്‍ ശ്രീധരന്റെ ഭാര്യയുമായുണ്ടായ അവിഹിത ബന്ധം പുറത്തറിഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഹൃദയാഘാതമാണ് മരണ കാരണമെന്ന് വീട്ടുകാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് മൃതദേഹം സംസ്‌കരിച്ചത്.
മരണം സ്ഥിരീകരിച്ച ഡോക്ടര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയി വിശദമായ പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും വീട്ടുകാര്‍ അതിനു തയാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംസ്‌കരിക്കുന്നതിന് മുന്‍പ് മൃതദേഹം കുളിപ്പിക്കുന്നതിനിടയില്‍ കഴുത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പാടുകള്‍ കണ്ട ചിലരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പിതാവും മാതാവും നേരത്തെ മരിച്ച ശ്രീധരന് സഹോദരങ്ങളില്ല.
ബന്ധുക്കളാവട്ടെ ദൂരസ്ഥലങ്ങളിലുമാണ് താമസം. ശ്രീധരന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പൊലിസ് സര്‍ജന്‍, സയിന്റിഫിക് അസിസ്റ്റന്റ്, തഹസില്‍ദാര്‍ ആര്‍.ഡി.ഒ എന്നിവരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."