HOME
DETAILS
MAL
കടലാവകാശ നിയമം നടപ്പാക്കണം: എ.കെ ആന്റണി
backup
December 13 2019 | 01:12 AM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ദേശീയ സമുദ്ര മത്സ്യബന്ധന നിയന്ത്രണ ബില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്നും തീരദേശ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും മുന്‍കേന്ദ്രമന്ത്രി എ.കെ ആന്റണി. ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് പകരം അവരുടെ മേല്‍ പുതിയ സെസ് ചുമത്താനാണ് കേന്ദ്രം മുതിര്‍ന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നടപടികളിലൂടെ രാജ്യത്തെ അടിസ്ഥാന വര്‍ഗത്തെ അസ്ഥിരപ്പെടുത്തുകയാണ്. മത്സ്യബന്ധനാവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന കടലാവകാശ നിയമം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട ബില്ലിനെതിരേ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ തുടക്കമായാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഈ നിയമ നിര്‍മാണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നിരുപാധികം പിന്മാറണമെന്ന് മാര്‍ച്ചിനെ തുടര്‍ന്ന് ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിച്ച എം.പിമാര്‍ ആവശ്യപ്പെട്ടു. എം.പിമാരായ ബിനോയ് വിശ്വം, എന്‍. കെ പ്രേമചന്ദ്രന്‍, ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എ.എം ആരിഫ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.കെ രാഘവന്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍ പ്രതാപന്‍ എം.പി അധ്യക്ഷനായി. മുന്‍ ഫിഷറീസ് മന്ത്രി പ്രൊഫ. കെ.വി തോമസ്, ജനറല്‍ കണ്‍വീനര്‍ പി.പി ചിത്തരഞ്ജന്‍, ടി. പീറ്റര്‍, ചാള്‍സ് ജോര്‍ജ്, ഓസ്റ്റിന്‍ ഗോമസ്, ടി. മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."