പൊന്നാനി വാണിജ്യ തുറമുഖ നിര്‍മാണം: സ്പീക്കര്‍ മുഖ്യമന്ത്രിയെ കാണും
പൊന്നാനി: പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ അന്തിമ വിധി ഇന്ന്. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രിയെ കാണും.
മലബാറിലെ വികസന കുതിപ്പിന് ആക്കം കൂട്ടുന്നതിനായി മൂന്നു വര്‍ഷം മുന്‍പ് നിര്‍മാണമാരംഭിച്ച നിര്‍ദിഷ്ട പൊന്നാനി വാണിജ്യ തുറമുഖ പദ്ധതിയുടെ അന്തിമ വിധി തിങ്കളാഴ്ചയുണ്ടാകും. നിലവിലെ നിര്‍മാണ കമ്പനിയായ മലബാര്‍ പോര്‍ട്‌സിന്റെ കാര്യത്തിലാണ് ഇന്ന് തീരുമാനമെടുക്കുക.
ഇതുമായി ബന്ധപ്പെട്ട് നിയസഭാ സ്പീക്കറും, പൊന്നാനി മണ്ഡലം എം.എല്‍.എയുമായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.നിലവിലെ നിര്‍മാണ കമ്പനിക്ക് ഒരു വര്‍ഷം കൂടി സമയമുണ്ടെങ്കിലും, നിര്‍മാണ പ്രവൃത്തികള്‍ ഒച്ചിഴയും വേഗത്തിലായതിനാലാണ് കമ്പനിയെ പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ മുഖ്യമന്ത്രിയെ കാണുന്നത്.
അതേസമയം നിര്‍മാണത്തില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് കമ്പനിയെ പിരിച്ച് വിട്ട് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊച്ചിന്‍ സിയാല്‍ മാതൃകയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ലാഭകരമാവുമെന്ന ഉറപ്പുണ്ടെങ്കില്‍ മാത്രം വാണിജ്യ തുറമുഖ നിര്‍മാണവുമായി മുന്നോട്ടു പോയാല്‍ മതിയെന്ന നിലപാടും സര്‍ക്കാറിനുണ്ട്. എന്നാല്‍ പൊന്നാനിയില്‍ വാണിജ്യ തുറമുഖം ഫലപ്രദമാവില്ലെന്ന നിര്‍ദേശമാണ് വിദഗ്ധരില്‍ നിന്നും സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. നിര്‍മാണ കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷം ബാക്കിയുണ്ടെങ്കിലും നിലവിലെ കരാറുകാരനെ പുറത്താക്കി പദ്ധതി ഉപേക്ഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതി ഒട്ടും ലാഭകാരമാവില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍ സര്‍ക്കാരിന് ഉപദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കരാര്‍ എറ്റെടുത്ത കമ്പനിയെ ഒഴിവാക്കി പദ്ധതി ലാഭത്തിലാകുമോ എന്നറിയാന്‍ വിശദമായ പഠനം നടത്താന്‍ സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യമന്ത്രിക്ക് രേഖാമൂലം കത്തു നല്‍കിയിട്ടുണ്ട്. ഇതോടെ പൊന്നാനി കടപ്പുറത്ത് പേരിനെങ്കിലും നടന്നിരുന്ന തുറമുഖ നിര്‍മാണം പൂര്‍ണമായി നിലക്കും. കടലില്‍ ബര്‍ത്ത് നിര്‍മിക്കാനാവശ്യമായ കരിങ്കല്ലു കിട്ടാത്തതിനാലാണ് നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നാണ് കരാറുകാരായ മലബാര്‍ പോര്‍ട്‌സ് വ്യക്തമാക്കിയിരുന്നത്. നോട്ട് നിരോധിച്ചപ്പോള്‍ അതായി കാരണം. അതേസമയം, നിര്‍മാണോദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി സജീവമാകാത്തതില്‍ അതൃപ്തി അറിയിച്ച് പലതവണ സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായിരുന്നില്ല. 1,000 കോടിയോളം ചെലവുവരുന്ന പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ചുമതല ഏറ്റെടുത്ത കമ്പനിയാണെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എല്ലാം തരണം ചെയ്ത് ഉടന്‍ നിര്‍മാണം മുന്നോട്ടു നീക്കുമെന്നും സര്‍ക്കാരിനു മറുപടിയും നല്‍കിയിരുന്നു. ഏറ്റവുമൊടുവില്‍ പുതുവര്‍ഷത്തില്‍ നിര്‍മാണം സജീവമാക്കുമെന്ന അറിയിപ്പാണ് നല്‍കിയിരുന്നത്. അതും ഉണ്ടായില്ല.സര്‍ക്കാര്‍ ഉദ്ഘാടനത്തിന് പൊടിപൊടിച്ച തുകയോളമുള്ള നിര്‍മാണംപോലും വാണിജ്യ തുറമുഖത്തിന്റെ പേരില്‍ കടപ്പുറത്ത് നടന്നിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. തുറമുഖ നിര്‍മാണത്തിനായി പദ്ധതിപ്രദേശത്തെ ഒട്ടേറെ കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. മേഖലയിലെ മീന്‍ചാപ്പകളെല്ലാം പൊളിച്ചുമാറ്റേണ്ടി വരുമെന്നതിനാല്‍ പുതിയ ഹാര്‍ബറില്‍ മത്സ്യസൂക്ഷിപ്പു കേന്ദ്രങ്ങളും നിര്‍മിച്ചു. സര്‍ക്കാര്‍ ചെയ്യേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം പദ്ധതിയുടെ ഭാഗമായി ഏറെക്കുറെ ചെയ്തു തീര്‍ത്തിട്ടുണ്ടെന്നാണ് ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."