പി.യു ചിത്രയുടെ ഹരജിയില്‍ അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം
കൊച്ചി: പി.യു ചിത്രയുടെ ഹരജിയില്‍ അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ വിമര്‍ശനം. ലണ്ടനില്‍ നടക്കുന്ന ലോകമീറ്റില്‍ നിന്ന് പി.യു ചിത്രയെ ഒഴിവാക്കിയിട്ട് അത്‌ലറ്റിക് ഫെഡറേഷന്‍ എന്തു നേടിയെന്ന് ഹൈക്കോടതി ചോദിച്ചു. താരങ്ങളെ ഇല്ലാതാക്കാനല്ല, മറിച്ച് അവരെ നിലനിര്‍ത്തുകയാണ് വേണ്ടതെന്ന് കോടതി ഓര്‍മപ്പെടുത്തി.
ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ഇടക്കാല ഉത്തരവു പാലിച്ചില്ലെന്നാരോപിച്ച് പി.യു ചിത്ര നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് ഡിവിഷന്‍ ബഞ്ചിന്റെ വിമര്‍ശനം.
ലോക മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് മുമ്പ് അത്‌ലറ്റിക് ഫെഡറേഷന്‍ താരങ്ങളെ തോല്‍പ്പിക്കുകയാണെന്ന് കോടതി വിമർശിച്ചു.ഗുണ്ടൂരിലെ മീറ്റിൽ മത്സരിക്കാത്തവരെയും ലോക മീറ്റിന് അയച്ചു.താരങ്ങളെ ഇങ്ങനെ ഒഴിവാക്കുന്നതെന്തിന്.താരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്.ഏഷ്യന്‍ മീറ്റില്‍ വിജയിക്കുന്നവര്‍ക്ക് ലോക മീറ്റില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലേയെന്നും കോടതി ചോദിച്ചു.
സെലക്ഷന്‍ കമ്മിറ്റിയുടെ യോഗ്യതയിലും ഉദ്ദേശത്തിലും സംശയമുണ്ട്. ഫെഡറേഷന്‍ സാങ്കേതികത പറഞ്ഞ് തടസങ്ങളുന്നയിക്കരുത്. സെലക്ഷന്‍ കമ്മിറ്റി താരങ്ങളുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കുമ്പോള്‍ ചിത്രയെ മീറ്റില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ പോയതെന്തുകൊണ്ടാണെന്നും മത്സരാര്‍ഥികളുടെ അന്തിമ ലിസ്റ്റ് നല്‍കേണ്ട തിയതി കഴിഞ്ഞിട്ടും സുധ സിങിനെ എങ്ങനെ ഉള്‍പ്പെടുത്തിയെന്നും വിശദീകരിക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോടു സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രണ്ടാം തിയ്യതി ഹരജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോള്‍ ഫെഡറേഷന്‍ ഭാരവാഹികളടക്കമുള്ളവര്‍ ലണ്ടനിലാണെന്നും ഇവര്‍ മടങ്ങി വന്നശേഷമേ വിശദീകരണം നല്‍കാനാവൂ എന്നും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
ഈ നടപടി കോടതിയലക്ഷ്യം തന്നെയാണെന്നും ഫെഡറേഷന്‍ സെക്രട്ടറിയെ വിളിച്ചു വരുത്തി വിശദീകരണം തേടണമെന്നും ചിത്രയുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് ഇതിന് അധികാരമുള്ള ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് ഹരജി വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."