തൊട്ടതെല്ലാം പൊന്നാക്കി: അശ്വിന്റെ മടക്കം പലിശക്കടവുമായി
സുനി അല്‍ഹാദി#
ആലപ്പുഴ: തൊട്ടതെല്ലാം പൊന്നാക്കി, പക്ഷെ അശ്വിന്‍ തിരികെ മടങ്ങുന്നത് പലിശക്കടവുമായാണ്. തുമ്പ ജ്യോതി നിലയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അശ്വിന് ഇത് അവസാന സ്‌കൂള്‍ കലോത്സവമായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനം, കഥകളി, പൂരക്കളി ഇനങ്ങളിലാണ് അശ്വിന്‍ മത്സരിച്ചത്. ഇതില്‍ സംസ്ഥാന കലോത്സവത്തില്‍ കഥകളിയില്‍ അഞ്ചാംതവണയാണ് അശ്വിന്‍ വിജയിയാകുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷവും നേട്ടംകൊയ്ത അശ്വിന് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മത്സരവേദിയിലെത്താന്‍ കഴിഞ്ഞില്ല. ഇത്തവണ കഥകളി മത്സരത്തിന് പുറമേ കേരള നടനത്തിനും എ ഗ്രേഡ് ലഭിച്ചു. പൂരക്കളി, കേരളനടനം എന്നിവയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും തുടര്‍ച്ചയായി നേട്ടം കൊയ്തു. പിതാവ് ദിലീപ് കുമാര്‍ ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ പണം കൊണ്ടാണ് അശ്വിന്‍ മത്സരങ്ങള്‍ക്ക് തയാറാകുന്നത്.
കഴിഞ്ഞ വര്‍ഷം പലിശയ്‌ക്കെടുത്ത ഒരുലക്ഷം രൂപ ഇതുവരെ പൂര്‍ണമായി തിരികെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷവും എടുത്തിട്ടുണ്ട്് 90,000 രൂപ. മേളക്കാര്‍ക്കൊപ്പമാണ് വേദിയിലെത്തേണ്ടത് എന്നതിനാല്‍ വന്‍തുകയാണ് ചിലവാകുന്നത്. കഥകളി ആശാന്‍ സുധീപും കേരളനടനം പരിശീലിപ്പിക്കുന്ന വിഷ്ണു കലാര്‍പ്പണയും അശ്വിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കി ഫീസൊന്നും വാങ്ങാറില്ലെന്ന് അശ്വിന്റെ മാതാവ് സുനന്ദ പറഞ്ഞു. ആടയാഭരണങ്ങളും മേളക്കാര്‍ക്ക് കൊടുക്കാനുള്ളതും കൂടി ചേര്‍ത്ത് ഒരു ലക്ഷം രൂപ ചെലവായി.
പലിശയ്‌ക്കെടുത്ത ഈ പണം എത്രയും പെട്ടെന്ന് തിരികെ നല്‍കണം. കലയോടുള്ള കടുത്ത ആരാധനയാണ് പണം പലിശയ്‌ക്കെടുത്തും കടംവാങ്ങിയുമൊക്കെ മേളയ്‌ക്കെത്തുന്നത്. പിതാവ് ദിലീപ് കുമാര്‍ നേരത്തെ കുട്ടികളെ നൃത്തം അഭ്യസിപ്പിച്ചിരുന്നു. എന്നാല്‍ കുടുംബം പുലര്‍ത്താന്‍ ഇതില്‍ നിന്നുകിട്ടിയിരുന്ന തുക തികയാതെ വന്നതോടെ വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ക്ഷേത്രങ്ങളില്‍ കഥകളി അവതരിപ്പിക്കാനും അശ്വിന്‍ പോകാറുണ്ട്. തിരുവനന്തപുരത്ത് നടന്ന വര്‍ണോത്സം പരിപാടിയിലെ കലാപ്രതിഭകൂടിയാണ് അശ്വിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."