HOME
DETAILS
MAL
വിവാഹമോചിതരെ വിധവകളായി പരിഗണിക്കില്ല; പെന്‍ഷന്‍ തടയും
backup
December 13 2019 | 01:12 AM
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: നിയമപരമായി വിവാഹ മോചനം നേടിയവരെ വിധവകളായി കണക്കാക്കാന്‍ സാധിക്കാത്തതിനാല്‍ ഇവര്‍ക്ക് വിധവാ പെന്ഷന് ആനുകൂല്യം നല്‍കേണ്ടതില്ലെന്ന് നിര്‍ദേശം. സാമൂഹ്യസുരക്ഷാ പെന്‍ഷനില്‍ വിധവകളുടെ പേരില്‍ വ്യാപകമായി പെന്‍ഷന്‍ തട്ടുന്നത് കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ വിധവാ പെന്‍ഷന് അര്‍ഹതയുള്ളവരെ കുറിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വ്യക്തത നല്‍കിയത്. ചട്ടവിരുദ്ധമായി പെന്‍ഷന്‍ നല്‍കി പിന്നീട് കണ്ടെത്തിയാല്‍ സര്‍ക്കാരിന്റെ നഷ്ടം അനുമതി നല്‍കിയ ഉദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കും.
ഭര്‍ത്താവ് മരിക്കുകയോ ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തതോ ആയ വിധവകള്‍ക്ക് മാത്രമാണ് വിധവാ പെന്ഷന് ആനുകൂല്യം നല്‍കേണ്ടത്. എഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തവര്‍ റവന്യൂ അധികൃതര്‍ നല്‍കുന്ന വിധവാ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഭര്‍ത്താവിനാല്‍ അകന്ന് കഴിയുന്ന വിധവയല്ലാത്ത വ്യക്തികള്‍ക്ക് ചട്ടവിരുദ്ധമായി വിധവാ പെന്‍ഷന്‍ അനുവദിക്കരുതെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. വിധവാ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ പുനര്‍ വിവാഹിതരുണ്ടെങ്കിലും തടയും.
ഭര്‍ത്താവ് മരിച്ചതാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ്, നമ്പര്‍, തിയതി, സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനം എന്നിവ കൃത്യമായി അപേക്ഷയോടൊപ്പം ചേര്‍ക്കണം. ഏഴ് വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ലെന്ന് പറയുന്ന അപേക്ഷകരും റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് നമ്പര്‍, തിയതി, ഓഫിസ് എന്ന സേവന സോഫ്റ്റ് വെയറില്‍ രേഖപ്പെടുത്തുകയും സര്‍ട്ടിഫിക്കറ്റ് സേവനയില്‍ അപ്‌ലോഡ് ചെയ്യുകയും വേണം. നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെ ലിസ്റ്റ് ഇത്തരത്തില്‍ പരിശോധിക്കാനും പുതിയ അപേക്ഷകളില്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് നിര്‍ദേശം. സംസ്ഥാനത്ത് 13,41,528 പേരാണ് വിധവാ പെന്‍ഷന്‍ വാങ്ങുന്നത്. രേഖകള്‍ ഹാജരാക്കി മസ്റ്ററിങ് നടത്തിയത് 11,70,361 പേര്‍ മാത്രമാണ്. ശേഷിക്കുന്ന 1,71,167 പേര്‍ ഇനിയും മസ്റ്ററിങ് നടത്താനുണ്ട്.15 നുളളില്‍ മസ്റ്ററിങ് നടത്തിയിട്ടില്ലെങ്കില്‍ ഇവരുടെ പെന്‍ഷന്‍ റദ്ദാക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."