കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കി
കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന കാസര്‍കോട്ടെ ഹിന്ദു സമാജോത്സവ പരിപാടിയുമായി ബന്ധപ്പെട്ട വാര്‍ത്തയുടെ പേരില്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ഡരീകാക്ഷ ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കി. ഈ മാസം 16ന് നടക്കുന്ന ചടങ്ങിന്റെ സംഘാടകസമിതിയുടെ വൈസ് പ്രസിഡന്റ് താനാണെന്ന് സംഘാടകര്‍ ചാനലുകളില്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയിരുന്നു. പ്രസ്തുത വാര്‍ത്ത പൊതുപ്രവര്‍ത്തകനും ജനപ്രതിനിധിയും ദലിത് ലീഗ് ജില്ലാ പ്രസിഡന്റും മുസ്‌ലിം ലീഗ് പാര്‍ട്ടി അംഗവുമായ എന്നെ പൊതുസമൂഹത്തില്‍ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടിയാണെന്ന് പുണ്ഡരീകാക്ഷ പരാതിയില്‍ വ്യക്തമാക്കി.
പരിപാടിയുടെ സംഘാടകസമിതിയില്‍ സംബന്ധിക്കുകയോ യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുകയോ ചെയ്തിട്ടില്ല. തന്റെ അറിവോ, സമ്മതമോ കൂടാതെയാണ് സംഘാടകസമിതി വൈസ് പ്രസിഡന്റ് എന്ന പേരില്‍ തന്റെ പേര് ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. പൊതുജന മധ്യത്തില്‍ തനിക്ക് അപമാനവും അപകീര്‍ത്തിയും ഉണ്ടാക്കിയ സംഘാടകസമിതി പ്രസിഡന്റ് കെ. ശശിധര എന്നയാള്‍ക്കെതിരേയും മറ്റു ഭാരവാഹികള്‍ക്കെതിരേയും കേസെടുത്ത് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും പുണ്ഡരീകാക്ഷ പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."