കേരളം ദേ പിന്നേം തോറ്റു..
ചെന്നൈ: ജയം തേടി ബാറ്റുവീശിയ കേരളം സമനിലയ്ക്കായി പോലും കാത്തുനില്‍ക്കാതെ തമിഴ്നാടിന് മുന്നില്‍ കീഴടങ്ങി. രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി. തമിഴ്നാടിനോട് 151 റണ്‍സിനാണ് കേരളം അടിയറവ് പറഞ്ഞത്. തമിഴ്നാട് ഉയര്‍ത്തിയ 369 വിജയലക്ഷ്യം മറികടക്കാന്‍ അവസാന ദിനത്തില്‍ ബാറ്റു വീശിയ കേരളം 217ന് എല്ലാവരും പുറത്തായി. 192 പന്തില്‍ പത്ത് ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും സഹായത്തോടെ 91 റണ്‍സ് നേടിയ സഞ്ജു സാംസണിന്റെയും 132 പന്തില്‍ 55 റണ്‍സ് നേടിയ സിജിമോന് ജോസഫിന്റെയും ബാറ്റിങിനും കേരളത്തെ രക്ഷിക്കാനായില്ല.
നാലാം ദിനത്തില്‍ ഒന്നിന് 27 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് 69 ബോളില്‍ 33 റണ്‍സ് എടുത്ത ഓപ്പണര്‍ അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റ് സ്കോര്‍ 60 ല്‍ നില്‍ക്കേ നഷ്ടമായി. വിജയദാഹവുമായി സിജുമോനും സഞ്ജുവും ചേര്‍ന്ന കൂട്ടുക്കെട്ട് മികച്ച രീതിയില്‍ പൊരുതി. എന്നാല്‍, സ്കോര്‍ 157 ല്‍ നില്‍ക്കേ സിജുമോന്‍ പുറത്തായി. രണ്ടു റണ്‍സ് മാത്രം കൂട്ടുച്ചേര്ക്കുന്നതിനിടെ പൂജ്യനായി രാഹുലും തൊട്ടുപിന്നാലെ ക്യാപ്ടന് സച്ചിന് ബേബിയും വി.എ ജഗദീഷും പൊരുതാന്‍ പോലും നില്‍ക്കാതെ കൂടാരം കയറി. സ്കോര്‍: അഞ്ചിന് 165. പിന്നീട് വിഷ്ണു വിനോദും സഞ്ജുവും ചേര്‍ന്ന് കേരളത്തിന്റെ സ്കോര്‍ 195 ല്‍ എത്തിച്ചു. ഇതിനിടെ വിഷ്ണു 14 റണ്‍സുമായി പുറത്തായി. സ്കോര്‍ 210 നില്‍ക്കേ സഞ്ജുവും കൂടാരം കയറിയതോടെ കേരളത്തിന്റെ നിലകൂടുതല്‍ പരുങ്ങലിലായി.
തകര്‍ച്ച പൂര്‍ണമാക്കി തൊട്ടുപിന്നാലെ ബേസില്‍ തമ്പിയും സന്ദീപ് വാര്യരും സംപൂജ്യരായി കൂടാരം കയറി. ഇതോടെ കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് സ്കോര്‍ 217 ല്‍ അവസാനിച്ചു. അക്ഷയ് ചന്ദ്രന് (8) പുറത്താകാതെ നിന്നു. തമിഴ്നാടിന് വേണ്ടി അഞ്ചു വിക്കറ്റ് നേട്ടം കൊയ്ത ടി. നടരാജനാണ് കേരളത്തിന്റെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ആദ്യ ഇന്നിങ്സില്‍ നടരാജന് മൂന്ന് വിക്കറ്റ് വീഴിത്തിയിരുന്നു. തുടര്‍ച്ചയായ രണ്ടു വിജയത്തിന് ശേഷമാണ് കേരളം രണ്ടു തുടര്‍തോല്‍വി ഏറ്റുവാങ്ങിയത്. കേരളത്തിന്റെ അടുത്ത മത്സരം ഡല്‍ഹിക്കെതിരേയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."