സൂപ്പര്‍ ക്ലൈമാക്‌സ് ഇന്ന്
അഡലെയ്ഡ്: ഇന്ത്യ - ആസ്‌ത്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ നീലപ്പട പുതുചരിത്രത്തിന് അരികേ. ഓസീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് മത്സരം ജയിക്കാനാവാത്ത ചരിത്രത്തിന് തിരുത്തെഴുത്തിനുള്ള അവസരമാണ് ഇന്ത്യയുടെ മുന്നിലുള്ളത്. ഇന്ത്യ ടെസ്റ്റ് വിജയം സ്വന്തമാക്കിയാല്‍ അത് ചരിത്രത്തിന്റെ ഭാഗമാവും. അഡലെയ്ഡില്‍ ആര് വിജയതീരം അണയുമെന്നത് ഇന്നറിയാം.
രണ്ടാം ഇന്നിങ്‌സില്‍ 307 റണ്‍സിന് പുറത്തായ ഇന്ത്യ 323 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഓസീസിന് നല്‍കിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സാണ് നേടിയത്. ആറ് വിക്കറ്റ് ശേഷിക്കേ ആതിഥേയര്‍ക്ക് ഇന്ത്യ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കണമെങ്കില്‍ 219 റണ്‍സ് കൂടി വേണം. 92 പന്തില്‍ 31 റണ്‍സുമായി നാലാംദിനം പൊരുതിനിന്ന ഷോണ്‍ മാര്‍ഷിലും ഒന്നാം ഇന്നിങ്‌സില്‍ 72 റണ്‍സുമായി ടീമിനെ കരക്കടുപ്പിച്ച ട്രാവിസ് ഹെഡിലുമാണ് ഇനി ഓസീസിന്റെ പ്രതീക്ഷ. 92 പന്ത് നേരിട്ട ഷോണ്‍ മാര്‍ഷ് മൂന്ന് ഫോറുകളോടെയാണ് 31 റണ്‍സെടുത്തത്. 37 പന്തില്‍ 11 റണ്‍സുമായി ട്രാവിസ് ഹെഡും മാര്‍ഷിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്.
തുടക്കം പിഴച്ച് ഓസീസ്
ഇന്ത്യയുടെ വെല്ലുവിളി അനായാസം മറികടക്കാനെത്തിയ ആസ്‌ത്രേലിയക്ക് തുടക്കം തന്നെ പിഴച്ചു. സ്‌കോര്‍ 28ല്‍ നില്‍ക്കേ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ അശ്വിന്‍ റിഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. 35 പന്തില്‍ 11 റണ്‍സായിരുന്നു ഫിഞ്ചിന്റെ സമ്പാദ്യം. പതിയെ താളം കണ്ടെത്താന്‍ ശ്രമിച്ച മാര്‍ക്കസ് ഹാരിസിനെ (49 പന്തില്‍ 26) 16ാം ഓവറിലെ രണ്ടാം പന്തില്‍ മുഹമ്മദ് ഷമി റിഷഭിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇന്ത്യന്‍ പ്രതീക്ഷയേറി. ഓസീസ് വന്‍മതില്‍ ഉസ്മാന്‍ ഖവാജയെ നിലയുറപ്പിക്കും മുന്‍പേ അശ്വിന്‍ രോഹിത്തിന്റെ കൈകളിലെത്തിച്ചു. 42 പന്ത് നേരിട്ട ഖവാജക്ക് എട്ടു റണ്‍സ് മാത്രമാണ് ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ക്കാനായത്. തെട്ടുപിന്നാലെ ഷമിയുടെ പന്തില്‍ പൂജാരക്ക് പിടികൊടുത്ത് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബും (40 പന്തില്‍ 14) മടങ്ങി.
വന്മതിലായി പൂജാരയും രഹാനെയും
മൂന്നിന് 151 എന്ന നിലയില്‍ മൂന്നാംദിനം കളി തുടങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സ്റ്റാര്‍ക്ക് എറിഞ്ഞ 62ാം ഓവറില്‍ രഹാനെ റണ്‍സൊന്നുമെടുത്തില്ല. 63ാം ഓവറില്‍ ഹെയ്‌സല്‍വുഡിനെ രണ്ട് തവണ ബൗണ്ടറി കടത്തി പൂജാര കളിയില്‍ പതിയെ താളം കണ്ടെത്തി. നാലാം വിക്കറ്റില്‍ ഒരുമിച്ച പൂജാര - രഹാനെ കൂട്ടുകെട്ട് വന്‍മതിലായി ഉറച്ചു നിന്നതോടെ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുമെന്ന് പ്രതീക്ഷ ഉണര്‍ന്നു. പക്ഷേ ഇന്ത്യന്‍ സ്‌കോര്‍ 234ല്‍ നില്‍ക്കെ പൂജാരയെ ഫിഞ്ചിന്റെ കൈകളിലെത്തിച്ച് നഥാന്‍ ലിയോണ്‍ കൂട്ടുകെട്ട് പൊളിച്ചു. 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സൃഷ്ടിച്ചത്. പുറത്താവുമ്പോള്‍ 204 പന്തില്‍ ഒന്‍പത് ബൗണ്ടറിയോടെ 71 റണ്‍സായിരുന്നു പൂജാരയുടെ സംഭാവന. തൊട്ടുപിന്നാലെ പൊരുതാന്‍ പോലും നില്‍ക്കാതെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നഥാന്‍ ലിയോണിന് തന്നെ വിക്കറ്റ് സമ്മാനിച്ച് രോഹിത് ശര്‍മ മടങ്ങി.
പിന്നാലെ വന്ന റിഷഭ് പന്തിനെ കൂട്ടുപിടിച്ച് രഹാനെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ടി20 സ്റ്റൈലില്‍ കളിച്ച റിഷഭ് 16 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സെടുത്ത് പുറത്തായി. റിഷഭിനെ മടക്കിയതും നഥാന്‍ ലിയോണ്‍ തന്നെയായിരുന്നു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഉലയാതെ പിടിച്ചു നിന്ന രഹാനെ അശ്വിനെ കൂട്ടുപിടിച്ച് സ്‌കോര്‍ 300 കടത്തി. പക്ഷേ രഹാനെക്കും അശ്വിനും കൂടുതല്‍ ആയുസുണ്ടായില്ല. അടുത്തടുത്ത ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. 102ാം ഓവറില്‍ അശ്വിനെ (18 പന്തില്‍ 5) സ്റ്റാര്‍ക്കും 103ാം ഓവറില്‍ രഹാനെയെ (147 പന്തില്‍ 70) ലിയോണും പുറത്താക്കി. ഏഴു ഫോറുകളോടെയാണ് രഹാനെ 70 റണ്‍സ് നേടിയത്.
പിന്നീടെത്തിയ ഇഷാന്തും ഷമിയും റണ്‍സൊന്നുമെടുക്കാതെ മടങ്ങിയതോടെ ഇന്ത്യന്‍ പടയോട്ടം 307 റണ്‍സില്‍ അവസാനിച്ചു. ആറ് വിക്കറ്റെടുത്ത നഥാന്‍ ലിയോണ്‍ ആണ് ഇന്ത്യന്‍ ആക്രമണത്തിന് കടിഞ്ഞാണിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ഹെയ്‌സല്‍വുഡ് ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."