മുസ്‌ലിംകള്‍ക്ക് പൊലിസില്‍നിന്ന് വിവേചനമെന്ന് സര്‍വേ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തു മുസ്‌ലിംകള്‍ പൊലിസില്‍നിന്നു വിവേചനം നേരിടുന്നതായി സര്‍വേ. കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവും ക്വില്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച സര്‍വേയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.
എട്ടു നഗരങ്ങളില്‍നിന്നായി 200 മുസ്‌ലിംകള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. മുസ്‌ലികളാണെന്ന ഒറ്റക്കാരണംകൊണ്ടു പൊലിസ് തങ്ങളെ ഇരകളാക്കുകയാണെന്നു സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. സംഭവത്തിന്റെ വസ്തുത മനസിലാക്കുന്നതിനായി പൊതു ചര്‍ച്ചകളും അഭിമുഖങ്ങളും സംഘടിപ്പിച്ചാണ് സര്‍വേ നടത്തിയതെന്ന് ഇരു സംഘടനകളും അറിയിച്ചു. സര്‍വേയുടെ ഭാഗമായി 25 മുന്‍ മുസ്‌ലിം പൊലിസ് ഉദ്യോഗസ്ഥരുമായും അഭിമുഖം നടത്തിയിട്ടുണ്ട്.
മുസ്‌ലിം സമൂഹത്തിനു പൊലിസിനെക്കുറിച്ചുള്ള പൊതുവികാരം അരക്ഷിതാവസ്ഥയാണ്. തങ്ങളുടെ ശാരീരിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോ നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോ പൊലിസ് ശ്രമിക്കുന്നില്ല. എല്ലായ്‌പ്പോഴും ഇരകളാക്കപ്പെടുകയാണ്. മുസ്‌ലിമായതിന്റെ പേരില്‍ മാത്രം പൊലിസിന്റെ നോട്ടപ്പുള്ളികളായിരിക്കുകയാണെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു.
ഒരേ സമയം സ്ത്രീയായിരിക്കുക, മുസ്‌ലിമായിരിക്കുക എന്നിങ്ങനെ ഇരട്ട ഭാരം പേറുന്നവരാണ് മുസ്‌ലിം സ്ത്രീകളെന്നും സര്‍വേ വ്യക്തമാക്കുന്നു. മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരെ പൊലിസ് സേനയില്‍ നിയമിക്കുന്നതിലും വിവേചനമുണ്ടെന്നും സര്‍വേയില്‍ വ്യക്തമായി. 14 ശതമാനം മുസ്‌ലിംകളുള്ള രാജ്യത്ത് എട്ടു ശതമാനം മുസ്‌ലിംകള്‍ മാത്രമാണ് പൊലിസ് സേനയില്‍ വരുന്നത്. ഇന്ത്യയിലെ പൊലിസ് സംവിധാനം കൊളോണിയല്‍ കാലത്തുനിന്ന് ഒരു പടിപോലും മുന്നോട്ടുപോയിട്ടില്ലെന്നും ഭരണകൂടത്തിന്റെ ഉപകരണം മാത്രമാണ് ഇന്നും പൊലിസെന്നും സര്‍വേ വ്യക്തമാക്കുന്നു.
ഭരിക്കുന്ന പാര്‍ട്ടിയെ തൃപ്തിപ്പെടുത്തുന്ന ആക്ടാണ് പൊലിസ് ആക്ടെന്നു സര്‍വേ ഫലം പുറത്തുവിട്ടു ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. ഈ നിയമം മാറ്റാനായി കാലങ്ങളായി വിവിധ കമ്മിഷനുകള്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. തമിഴ്‌നാട് മുന്‍ ഡി.ജി.പി കെ. രാമാനുജനും സര്‍വേ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.
ന്യൂനപക്ഷത്തിന്റെ ആവശ്യങ്ങള്‍ ഭൂരിപക്ഷം മനസിലാക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, മുസ്‌ലിം സമുദായം പൊലിസിനു ഭീഷണിയാകുന്നുണ്ടെങ്കില്‍ അതേ ഭീഷണി അവര്‍ പൊലിസില്‍നിന്നു നേരിടുന്നുണ്ടെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."