കാറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം: ഡ്രൈവര്‍ക്കെതിരേ നരഹത്യക്കു കേസ്, ഇയാള്‍ കസ്റ്റഡിയില്‍, ലൈസന്‍സ് റദ്ദാക്കും
പാലക്കാട്: കാറിടിച്ച് പരുക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഇറക്കിവിട്ടതിനെത്തുടര്‍ന്ന് ചികിത്സ വൈകിയതോടെ കുട്ടി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്തു. ഇയാളെ കസബ പൊലിസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പുത്തനത്താണി സ്വദേശി അഷ്‌റഫിന്റേതാണ് കാറ്. ഇയാളുടെ സുഹൃത്തായ നാസറാണ് കാറോടിച്ചത്. നാസറിനെതിരേ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഇയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12)ആണു മരിച്ചത്. മലപ്പുറം റജിസ്‌ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നും നമ്പര്‍ കിട്ടിയിട്ടുണ്ടെന്നും പൊലിസ് പറഞ്ഞിരുന്നു. കുട്ടിയെ ഇടിച്ച കാറിലെ യാത്രക്കാരെയും തിരിച്ചറിഞ്ഞിരുന്നു. ടയര്‍ പഞ്ചറായതുകൊണ്ടാണ് വഴിയില്‍ ഇറക്കിയതെന്നാണ് അവര്‍ പറയുന്നത്.
ഇന്നലെ വൈകിട്ടു നാലരയോടെയാണ് സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്ത്തിയത്. കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ഇടയ്ക്കു ടയര്‍ പഞ്ചറായെന്നു പറഞ്ഞ് ഇറക്കി വിട്ടുവെന്നും തുടര്‍ന്ന് കാര്‍ യാത്രക്കാര്‍ സ്ഥലം വിട്ടുവെന്നുമാണ് സുജിത്തിനൊപ്പം ഉണ്ടായിരുന്ന പരമന്‍ പറയുന്നത്.
ആറ് കിലോമീറ്റര്‍ ദൂരെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതു ചെവിക്കൊള്ളാതെ ഡ്രൈവര്‍ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്നു ഇയാള്‍ പറഞ്ഞു. മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിക്കാനും ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാന്‍ കൈകാണിച്ചു നിര്‍ത്തി നാട്ടുകല്ലിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപ്പുപ്പിള്ളയൂര്‍ എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സുജിത്. ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടില്‍ മുത്തശ്ശന്റെ ചരമവാര്‍ഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."